ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ എന്നത് ഏതൊരു അത്‌ലറ്റിന്റെയും ചിരകാല സ്വപ്‌നങ്ങളില്‍ ഒന്നാണ്. സ്വന്തമായി മെഡല്‍ നേടുന്നതിനൊപ്പം തന്റെ പങ്കാളിക്ക് കൂടി മെഡല്‍ ലഭിക്കുകയാണെങ്കിലോ. സന്തോഷം ഇരട്ടിക്കാന്‍ ഇതില്‍പരമെന്ത് വേണം.?

റിയോയില്‍ സമാപിച്ച ഒളിമ്പിക്‌സിലും ചില ദമ്പതികളായ അത്‌ലറ്റുകള്‍ പങ്കെടുത്തിരുന്നു. മെഡലും കരസ്ഥമാക്കിയിരുന്നു. ചിലര്‍ ഒരേ ഇനത്തിലായിരുന്നു പങ്കെടുത്തത്. മറ്റ് ചിലര്‍ വ്യത്യസ്ത ഇനങ്ങളില്‍ വ്യത്യസ്ത രാജ്യങ്ങളെ പ്രതിനിധീകരിച്ച് മത്സരിച്ചും മെഡല്‍ പട്ടികയിലിടം പിടിച്ചു. അത്തരത്തില്‍ മെഡല്‍ നേട്ടം കുടുംബകാര്യമാക്കിയ റിയോയിലെ ചില ദമ്പതികളെ പരിചയപ്പെടാം.

ജേസണ്‍ കെന്നി- ലോറ ട്രോട്ട്

couple 11

ബ്രിട്ടന്റെ സുവര്‍ണ്ണ ദമ്പതികളാണ് സൈക്ലിംങ് താരങ്ങളായ ജേസണും ലോറയും. ഇരുവരുടെയും പ്രണയകഥ 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സോടെയാണ് പുറം ലോകം അറിയുന്നത്. രണ്ട് ഒളിമ്പിക്‌സുകളില്‍ നിന്നായി ഇതിനകം ഇരുവരും സ്വന്തമാക്കിയത് 10 മെഡലുകള്‍. പത്തും സ്വര്‍ണ്ണമെഡലുകള്‍.!

ജേസണ്‍ ആറ് മെഡലുകള്‍ സ്വന്തമാക്കിയപ്പോള്‍ നാലെണ്ണം ലോറയുടെ വക. ബ്രിട്ടന് വേണ്ടി നാല് സ്വര്‍ണ്ണമെഡലുകള്‍ കരസ്ഥമാക്കുന്ന ആദ്യ വനിതാ അത്‌ലറ്റാണ് ലോറ. റിയോയില്‍ നിന്നും ലണ്ടനില്‍ നിന്നും രണ്ട് വീതം മെഡലുകളാണ് സൈക്കളോടിച്ച് ലോറ നേടിയെടുത്തത്.

വനിതാ ഒമ്‌നിയം, ടീം ഇനങ്ങളിലാണ് ലോറയുടെ മെഡല്‍ നേട്ടം. പുരുഷ വിഭാഗം കെയിരിന്‍, സ്പ്രിന്റ്, ടീം സ്പ്രിന്റ് ഇനങ്ങളില്‍ കഴിഞ്ഞ രണ്ട് ഒളിമ്പുക്‌സുകളിലെയും സ്വര്‍ണ്ണമെഡല്‍ ജേതാവാണ് ജേസണ്‍.

ആസ്ടണ്‍ ഏട്ടണ്‍- ബ്രിയാന തെയിസണ്‍ ഏട്ടണ്‍

couple44

രണ്ട് പേരും പ്രതിനിധീകരിക്കുന്നത് രണ്ട് വ്യത്യസ്ത രാജ്യങ്ങളെ . മത്സരിക്കുന്നത് വ്യത്യസതമായ രണ്ട് ഇനങ്ങളില്‍. പക്ഷെ അതൊന്നും ഇരുവരുടെയും പ്രണയത്തിന് തടസ്സമായില്ല. 2013ലായിരുന്നു അമേരിക്കയുടെ ഡെക്കാത്ത്‌ലണ്‍ താരമായ ആസ്ട ഏട്ടണും കാനഡയുടെ ഹെപ്റ്റാത്തലണ്‍ താരമായ ബ്രിയാന തെയിസണ്‍ ഏട്ടണും വിവാഹിതാരാവുന്നത്.

വിവാഹിതരായ ശേഷം പങ്കെടുത്ത ആദ്യ ഒളിമ്പിക്‌സില്‍ തന്നെ ഇരുവരും തങ്ങളുടെ ഇനത്തില്‍ മെഡല്‍ പട്ടികയിലിടം പിടിച്ചു. ആസ്ട പുരുഷ ഡെക്കാത്ത്‌ലണില്‍ അമേരിക്കയ്ക്കായി സ്വര്‍ണ്ണം നേടിയപ്പോള്‍ വനിതാ ഹെപ്റ്റാത്ത്‌ലണില്‍ ബ്രിയാന കാനഡയെ പ്രതിനിധീകരിച്ച് വെങ്കലം സ്വന്തമാക്കി.

ക്യുന്‍ കെയ്- ഹെ സി

couple33

റിയോ ഒളിമ്പിക്‌സിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍ക്കൊന്നിനായിരുന്നു, ഒളിമ്പിക്‌സ് തുടങ്ങി പതിനാറാം ദിവസം സാക്ഷിയായത്. വനിതകളുടെ മൂന്ന് മീറ്റര്‍ സിംക്രണൈസ്ഡ് സ്പ്രിംങ് ബോര്‍ഡ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങാണ് വേദി. വെള്ളി മെഡല്‍ നേടിയ ചൈനയുടെ ഹെ സി പോഡിയത്തില്‍ നില്‍ക്കുന്നു.

പെട്ടെന്ന് പുരുഷ വിഭാഗത്തില്‍ ഇതേ ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ ചൈനയുടെ തന്നെ ക്യൂന്‍ കെയ് പോഡിയത്തില്‍ നില്‍ക്കുന്ന ഹെ സിയുടെ അടുത്തേക്ക് നീങ്ങി. ഏവരെയും അമ്പരപ്പിച്ച് കൊണ്ട പോഡിയത്തിനടുത്ത്് ഹെ സിയുടെ മുന്നില്‍ മുട്ടുകുത്തിയിരു താരം തന്റെ കയ്യില്‍ കരുതിയ ഡയമണ്ട് റിങ്ങ് ഹെ സിക്ക് നേരെ നീട്ടി, ഒരൊറ്റ് ചോദ്യമായിരുന്നു. ” വില്‍ യു മാരി മി”

ആദ്യം ഒന്നമ്പരന്ന താരം പ്രിയതമന്റെ എന്‍ഗേജ്‌മെന്റ് റിങ്ങ് ഒരല്‍പ്പം നാണത്തോടെ സ്വീകരിച്ചു. അങ്ങിനെ ദീര്‍ഘനാളായുള്ള ഇരുവരുടെയും പ്രണയത്തിന് ശുഭപര്യാവസാനം. അതും ഒളിമ്പിക്്‌സ് വേദിയില്‍ മെഡലിന്റെ പ്രൗഢിയില്‍ നില്‍ക്കുമ്പോള്‍.

ടോണി യോക്ക- എസ്‌റ്റെല്ലെ മോസ്സ്‌ലി

couple22

ഫ്രാന്‍സിന്റെ ഇടിക്കൂട്ടിലെ സ്‌നേഹ ഭാജനങ്ങളാണ് ടോണി യോക്കയും എസ്‌റ്റെല്ലെ മോസ്സ്‌ലിയും. ഇരുപത്തിനാലുകാരായ ഇരുവരും റിയോയിലെ ഇടിക്കൂട്ടില്‍ എതിരാളികളെ ഇടിച്ചിട്ട് ഫ്രാന്‍സിന് രണ്ട് മെഡലുകളാണ് സമ്മാനിച്ചത്. രണ്ട് സ്വര്‍ണ്ണമെഡലുകള്‍.

പുരുഷന്മാരുടെ സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തിലായിരുന്നു ടോണിയുടെ സ്വര്‍ണ്ണമെഡല്‍. ഫൈനലില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ ബ്രിട്ടന്റെ ജോയ് ജോയ്‌സിയെ ആണ് ടോണി പരാജയപ്പെടുത്തിയത്. ടോണിയെ പ്രോത്സാഹിപ്പിക്കാനായി എസ്റ്റെല്ലയും ഗ്്്യാലറിയില്‍ ഉണ്ടായിരുന്നു.

ആ സാന്നിദ്ധ്യം തെന്നയാവണം മത്സരം ജയിച്ച് കയറാന്‍ ഒരുപക്ഷെ ടോണിക്ക് പ്രചോദനമായതും. നേരത്തെ വനിതകളുടെ ലൈറ്റ് വെയ്റ്റ് മതസരത്തില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയിരുന്നു എസ്റ്റെല്ല. അതും തന്റെ 24-ാം ജന്മദിനത്തില്‍. പ്രിയതമന്‍ കൂടി സ്വര്‍ണ്ണം സ്വന്തമാക്കിയതോടെ എന്നേക്കുംഓര്‍ത്തു വയ്ക്കാന്‍ മൂന്ന് കാരണങ്ങളാണ് എസ്റ്റെല്ലെക്ക് റിയോ സമ്മാനിച്ചത്.