'ക്യാമറയ്ക്ക് മുന്നിൽ ഇന്ദ്രൻസ് സാറിനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല,അദ്ദേഹം ഒരു അത്ഭുതമാണ്!': സൂര്യ
Indian Cinema
'ക്യാമറയ്ക്ക് മുന്നിൽ ഇന്ദ്രൻസ് സാറിനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല,അദ്ദേഹം ഒരു അത്ഭുതമാണ്!': സൂര്യ
കെ.എസ് ഷാബിന
Saturday, 16th May 2026, 11:17 am

ആർ.ജെ. ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനായി എത്തിയ പുതിയ തമിഴ് ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിൽ വൻ വിജയമായി മുന്നേറുകയാണ്. നിർമാതാവിന്റെ സാമ്പത്തിക പ്രതിസന്ധികൾ കാരണം സിനിമയുടെ റിലീസ് ആദ്യം തടസ്സപ്പെട്ടിരുന്നെങ്കിലും, പ്രതിസന്ധികളെല്ലാം നീങ്ങി കഴിഞ്ഞ ദിവസം ചിത്രം തിയേറ്ററുകളിൽ എത്തി.

ഏറെ കാലത്തിന് ശേഷമുള്ള നടിപ്പിൻ നായകൻറെ ഈ തിരിച്ചുവരവിൽ വലിയ ആവേശത്തിൽ ആണ് ആരാധകർ. പൂർണ്ണമായും ഒരു മാസ്സ് ആക്ഷൻ എന്റർടൈനറാണ് ‘കറുപ്പ്’ എന്നാണ് തിയേറ്ററുകളിൽ നിന്നുള്ള ആദ്യ പ്രതികരണങ്ങൾ.

സൂര്യ,ഇന്ദ്രൻസ്.Photo:Puthiyathalamurai

 

ചിത്രത്തിലെ സഹനടനും മലയാളത്തിന്റെ പ്രിയ നടനുമായ ഇന്ദ്രൻസിനെ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മലയാളി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

‘എനിക്ക് ഏറ്റവും വലിയ പ്രചോദനമായ വ്യക്തിയാണ് ഇന്ദ്രൻസ് സാർ. എന്റെ മകൻ ദേവിന് അഞ്ച് വയസ്സുള്ളപ്പോൾ ക്രിക്കറ്റ് താരം എം.എസ്. ധോണിയെ കണ്ടപ്പോൾ ഉണ്ടായ ഒരു നിഷ്കളങ്കതയുണ്ടായിരുന്നു,അതേ ശാന്തതയും നിഷ്കളങ്കതയുമാണ് ഇപ്പോഴും ഇന്ദ്രൻസ് സാറിലുള്ളത്.

തനിക്ക് കാരവാൻ തന്നോ, കുട തന്നോ, നല്ല ഭക്ഷണവും വെള്ളവും തന്നോ എന്നൊന്നും നോക്കാതെ, എവിടെയാണോ ഇരുത്തുന്നത് അവിടെ മിണ്ടാതെ ഇരിക്കുന്ന ഒരു മനുഷ്യനാണദ്ദേഹം. എന്നാൽ ക്യാമറയ്ക്ക് മുന്നിൽ ഒരു സീനിൽ അഭിനയിക്കാൻ വന്നു നിന്നാൽ അദ്ദേഹത്തെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല! എത്ര വലിയ ആൾക്കൂട്ടത്തിന് നടുവിലാണെങ്കിലും അദ്ദേഹം തന്റെ അഭിനയം കൊണ്ട് വേറിട്ടു നിൽക്കും. അദ്ദേഹം ശരിക്കും ഒരു അത്ഭുതമാണ്.

കറുപ്പ്.Photo:X.com

ഇത്തവണ അദ്ദേഹവും ഞാനും ഒരുമിച്ചാണ് ദേശീയ അവാർഡ് വാങ്ങിയത്. ഒരു തയ്യൽക്കാരനായും കോസ്റ്റ്യൂം ഡിസൈനറായും സിനിമയിൽ വന്ന്, കഠിനാധ്വാനം കൊണ്ട് സ്വന്തം ജീവിതം മാറ്റിമറിച്ച വ്യക്തിയാണ് അദ്ദേഹം. ഇപ്പോൾ അദ്ദേഹം തന്റെ ഏഴാം ക്ലാസ് പരീക്ഷ വീണ്ടും എഴുതുകയാണെന്ന് അറിഞ്ഞു. സ്വയം മാറാനും പഠിക്കാനും മടിക്കാത്ത അദ്ദേഹത്തിന്റെ ജീവിതം നമ്മൾക്കെല്ലാം വലിയൊരു മാതൃകയാണ്. ഇനിയും അദ്ദേഹത്തോടൊപ്പം ഒരുപാട് സിനിമകൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.’
സൂര്യ പറഞ്ഞു.

തമിഴ് നാട്ടിൽ മാത്രമല്ല കേരളത്തിലും സൂര്യക്ക് വലിയ ജന സ്വീകാര്യതയാണ് ഉള്ളത്. സൂര്യയുടെ നേതൃത്വത്തിലുള്ള ‘അഗരം ഫൗണ്ടേഷൻ’ വഴി ഇതുവരെ എണ്ണായിരത്തിലധികം നിർധനരായ വിദ്യാർത്ഥികൾക്കാണ് സൗജന്യ വിദ്യാഭ്യാസം നൽകിയത്. ഇതിൽ 70-ലധികം ഡോക്ടർമാരും 1700-ലധികം എഞ്ചിനീയർമാരും ഉൾപ്പെടുന്നു.

തൃഷ നായികയാകുന്ന ഈ ചിത്രത്തിൽ നിരവധി മലയാളികളും അണിനിരക്കുന്നുണ്ട്. ഇന്ദ്രൻസ്, ശിവദ, സ്വാസിക വിജയ്, അനഘ രവി തുടങ്ങിയ പ്രമുഖ മലയാളി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

സിനിമയിലും യഥാർത്ഥ ജീവിതത്തിലും ഒരുപോലെ നായകനായ സൂര്യയുടെ ഈ ഗംഭീര തിരിച്ചുവരവ് തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം ആഘോഷിക്കുകയാണ്.

Content Highlight: Suriya says about actor Indrans

 

 

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.