ന്യൂദല്‍ഹി: ദല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിന് ലഭിക്കില്ലെന്നും സഖ്യം അനിവാര്യമാണെന്നും കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍ നാഥ്. കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെക്കും. എന്നാല്‍ ദല്‍ഹിയില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സഖ്യം ഉണ്ടാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.

സീറ്റുകള്‍ ഒറ്റയ്ക്ക് ലഭിച്ചില്ലെങ്കില്‍ ബി.ജെ.പിക്ക് അവിടെ അധികാരം പിടിച്ചെടുക്കാന്‍ കഴിയില്ല. അവരുമായി സഖ്യമുണ്ടാക്കാന്‍ പ്രധാനപ്പെട്ട പാര്‍ട്ടികളൊന്നും തയ്യാറാവുകയുമില്ല. – കമല്‍ നാഥ് പറഞ്ഞു.

” തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും കോണ്‍ഗ്രസ് നല്ല പ്രകടനം കാഴ്ചവെക്കും എന്നാല്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന് മുന്‍പ് സഖ്യധാരണ ഉണ്ടാക്കുന്നതാണ് നല്ലത്. ”- അദ്ദേഹം പറഞ്ഞു.

വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചാല്‍ കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ മറ്റ് പാര്‍ട്ടികളുടെ സഖ്യം തേടുമോ എന്ന ചോദ്യത്തിന് സഖ്യമുണ്ടായാല്‍ എല്ലാ കാര്യങ്ങളും ആ സഖ്യമാണ് തീരുമാനിക്കുകയെന്നായിരുന്നു കമല്‍നാഥിന്റെ മറുപടി. ഇന്ന് രണ്ട് തരം സഖ്യങ്ങളാണ് ഉള്ളത്. ഒന്ന് ബി.ജെ.പി വിരുദ്ധ സഖ്യം. മറ്റൊന്ന് ബി.ജെ.പി അനുകൂല സഖ്യവും. അനുകൂല സഖ്യം എന്നത് വളരെ ചെറിയ നമ്പറാണ്. ബി.ജെ.പി വിരുദ്ധ ചേരിയാണ് ഇപ്പോള്‍ കൂടുതലുള്ളത്.

സീറ്റ് എത്രയായാലും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പി കരുതുന്നത്. എന്നാല്‍ ഒരിക്കലും അത് നടക്കാന്‍ പോകുന്നില്ല. അവര്‍ നമ്പര്‍ തികയ്ക്കുകയില്ല. മാത്രമല്ല അവര്‍ക്കൊപ്പം ഒരു പാര്‍ട്ടിയും നില്‍ക്കുകയുമില്ല. – കമല്‍നാഥ് പറഞ്ഞു.

കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രി പദത്തില്‍ രാഹുല്‍ വരുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും രാഹുല്‍ തന്നെ പ്രധാനമന്ത്രിയാകും എന്നായിരുന്നു കമല്‍നാഥിന്റെ മറുപടി.