ന്യൂദല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവ്. കേസില്‍ സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കീഴിക്കോടതി ഉത്തരവ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

എന്തൊക്കെ വെല്ലുവിളികളുണ്ടായാലും സത്യം ജയിച്ചേ മതിയാവൂവെന്ന് ഇരകള്‍ക്ക് ഉറപ്പു നല്‍കേണ്ടത് പ്രധാനമാണെന്ന് കോടതി പറഞ്ഞു.

ഡിസംബര്‍ 31ന് മുമ്പ് സജ്ജന്‍ കുമാറിനോട് കീഴടങ്ങാനും കോടതി നിര്‍ദേശിച്ചു.

” 1947ലെ വേനല്‍ക്കാലത്ത് വിഭജന വേളയില്‍ നിരവധി പേര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. 37 വര്‍ഷത്തിനുശേഷം ദല്‍ഹി സമാനമായ ദുരന്തം നേരിട്ടു. ആരോപണ വിധേയനായ ആള്‍ രാഷ്ട്രീയ സ്വാധീനം കൊണ്ട് വിചാരണയില്‍ നിന്ന് രക്ഷപ്പെട്ടു” എന്നും വിധി ന്യായത്തില്‍ പറയുന്നതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

Also Read:പശ്ചിമബംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്ന് ബംഗാളിലെ ബി.ജെ.പി പ്രസിഡന്റ്

കലാപ സമയത്ത് ദല്‍ഹി കന്റോണ്‍മെന്റിലെ രാജ് നഗര്‍ മേഖലയില്‍ ഒരേ കുടുംബത്തില്‍പ്പെട്ട അഞ്ച് സിഖുകാര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് നടപടി. കെഹര്‍ സിങ്, ഗുര്‍പ്രീത് സിങ്, രഘുവേന്ദ്ര സിങ്, നരേന്ദ്രപാല്‍ സിങ്, കുല്‍ദീപ് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. കേസില്‍ നിന്നും സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കിയതിനെതിരെ സി.ബി.ഐയാണ് ഹൈക്കോടതിയെ സമീപിച്ചത്.

2013ലാണ് സജ്ജന്‍ കുമാറിനെ കേസില്‍ നിന്നും വിചാരണക്കോടതി കുറ്റവിമുക്തനാക്കിയത്. സജ്ജനൊപ്പം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട അഞ്ചുപേര്‍ക്ക് ശിക്ഷവിധിക്കുകയും ചെയ്തിരുന്നു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് വിചാരണക്കോടതി കുമാറിനെ കുറ്റവിമുക്തനാക്കിയത്. ഇതിനെതിരെ കൊല്ലപ്പെട്ട സിഖുകാരുടെ കുടുംബവും അപ്പീല്‍ നല്‍കിയിരുന്നു.