കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്ന് പശ്ചിമബംഗാള്‍ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ്. ബംഗാളില്‍ ബി.ജെ.പിയുടെ രഥയാത്രയ്ക്ക് മമതാ ബാനര്‍ജി സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനു പിന്നാലെയാണ് സര്‍ക്കാറിനെതിരെ ദിലീപ് ഘോഷ് രംഗത്തുവന്നിരിക്കുന്നത്.

ജനാധിപത്യത്തെ സംരക്ഷിക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തി ബംഗാളില്‍ ഗണതന്ത്ര ബചാഓ യാത്ര നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ രഥയാത്രയ്ക്കു പിന്നാലെ വര്‍ഗീയ സംഘര്‍ഷത്തിനും സമാധാനാന്തരീക്ഷം തകരാനും സാഹചര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. ഹരജി പരിഗണിച്ച കോടതി റാലിക്ക് അനുമതി നിഷേധിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്ന് പറഞ്ഞ് ബി.ജെ.പി നേതാവ് രംഗത്തുവന്നിരിക്കുന്നത്.

” രഥ യാത്ര റദ്ദാക്കാനുള്ള ബംഗാള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഞങ്ങള്‍ എത്രയും പെട്ടെന്ന് കോടതിയെ സമീപിക്കും. ഭരണകക്ഷി ജനാധിപത്യത്തെ ഇല്ലാതാക്കുന്നതിനെതിരെയും പ്രതിപക്ഷ പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതിനെതിരെയും ഞങ്ങളുടെ പാര്‍ട്ടി പ്രക്ഷോഭം നടത്തും. ” ദിലീപ് ഘോഷ് പറഞ്ഞു.

Also read:കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ ഇന്ന്; ഹിന്ദി ഹൃദയുഭൂമി പ്രതിപക്ഷത്തിന്റെ സംഗമവേദിയാകും

“രഥയാത്ര നടത്തുന്നതില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഞങ്ങളെ ബോധപൂര്‍വ്വം തടയുകയാണ്. രഥയാത്ര കടന്നുപോകാനിരിക്കുന്ന വഴികളില്‍ വര്‍ഗീയ സംഘര്‍ഷത്തിനും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ എവിടെയാണ് പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുള്ള മേഖലകള്‍ എന്നവര്‍ സൂചിപ്പിച്ചിട്ടില്ല. ” അദ്ദേഹം പറഞ്ഞു.

“ക്രമസമാധാന പാലനത്തിലും ഭരണകാലങ്ങളിലും സര്‍ക്കാര്‍ അവരുടെ പരാജയം സമ്മതിക്കുകയാണെന്നാണ് തോന്നുന്നത്. ആര്‍ട്ടിക്കിള്‍ 356 (രാഷ്ട്രപതി ഭരണം) പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നതുപോലെയാണ് കാര്യങ്ങള്‍.” എന്നും ഘോഷ് പറഞ്ഞു.