ന്യദല്‍ഹി: ബി.ജെ.പിയുടെ കയ്യില്‍ നിന്ന് അധികാരം പിടിച്ചെടുത്ത രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കുന്ന സത്യപ്രതിജ്ഞ ചടങ്ങുകള്‍ 2019-തിരഞ്ഞെടുപ്പിലേക്കുള്ള പ്രതിപക്ഷ കക്ഷികളുടെ സംഗമവേദിയാകും.
രാവിലെ 10 മണിക്ക് ജയ്പൂരില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തുടര്‍ന്ന് പ്രതിപക്ഷ നേതാക്കളെല്ലാം ഭോപ്പാലിലേക്ക് പോകും. അവിടെ ഉച്ചയ്ക്ക് ഒരു മണിയോടെ മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥും അധികാരമേല്‍ക്കും.
വൈകീട്ട് നാലരയ്ക്കാണ് ഛത്തീസ്ജഡ് മുഖ്യമന്ത്രിയായി ഭൂപേഷ് ബാഗല്‍ അധികാരമേല്‍ക്കുന്നത്. ചടങ്ങുകളില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. പ്രതിപക്ഷ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോണ്‍ഗ്രസ് മികച്ച വിജയം നേടിയ ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.
മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, മകനും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എന്‍സിപി നേതാവ് ശരത് പവാര്‍, മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജ്വസി യാദവ്, ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്‍, എല്‍ജെഡി നേതാവ് ശരത് യാദവ്, ജെ.എം.എം.നേതാവ് ഹേമന്ദ് സോറന്‍, മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളും ചടങ്ങിനെത്തും.
ആം ആദ്മി പാര്‍ട്ടിക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. അരവിന്ദ് കെജ്രിവാളിനെ പ്രതിനിധീകരിച്ച് പാര്‍ട്ടി എംപി. സജ്ഞയ് സിങായിരിക്കും പങ്കെടുക്കുക. അദ്ദേഹം രാജസ്ഥാനിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ മാത്രമെ സംബന്ധിക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മായാവതി, അഖിലേഷ് യാദവ്, മമതാ ബാനര്‍ജി തുടങ്ങി പ്രതിപക്ഷ നിരയിലെ ശക്തരായ നേതാക്കള്‍ ചടങ്ങിനെത്തില്ലെന്നാണ് സൂചന. മമതാ ബാനര്‍ജിയെ പ്രതിനിധീകരിച്ച് ദിനേശ് ത്രിവേദിയാകും പങ്കെടുക്കുക.
