ഗുവാഹത്തി: മിസോറാമിലെ ചക്മ ട്രൈബല്‍ കൗണ്‍സില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒരുമിച്ച് ഭരിക്കും. പ്രതിപക്ഷ പാര്‍ട്ടിയായ മിസോ നാഷണല്‍ ഫ്രണ്ടിനെ അധികാരത്തില്‍ നിന്നും പുറത്താക്കിയാണ് ബി.ജെ.പി-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയിരിക്കുന്നത്.

ചക്മ കൗണ്‍സിലില്‍ ഈമാസം നടന്ന തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഭരണകക്ഷിയായ കോണ്‍ഗ്രസിന് 20 അംഗ കൗണ്‍സിലില്‍ ആറുസീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ബി.ജെ.പിക്ക് അഞ്ചും. എട്ടു സീറ്റുകള്‍ ലഭിച്ച മിസോറാം നാഷണല്‍ ഫ്രണ്ടാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഇവര്‍ ഭരണത്തിലെത്തുന്നത് തടയാനാണ് കോണ്‍ഗ്രസ് ബി.ജെ.പിയുടെ കൂട്ടുപിടിച്ചത്.


Also Read:  ‘മുസ്‌ലീങ്ങള്‍ ക്ഷേത്രം തകര്‍ത്ത് ഹിന്ദു സ്ത്രീയെ ആക്രമിച്ചു’ വര്‍ഗീയകലാപം ലക്ഷ്യമിട്ട് കേരളത്തിനെതിരെ ദേശീയതലത്തില്‍ സംഘപരിവാറിന്റെ വ്യാജപ്രചരണം


എം.എന്‍.എഫുമായി ചേര്‍ന്ന് കൗണ്‍സില്‍ ഭരിക്കാനായിരുന്നു ബി.ജെ.പി നീക്കം. ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷായായിരുന്നു ഇതിന് ചുക്കാന്‍ പിടിച്ചത്. അമിത് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

” ചക്മ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ മിസോറാമിലെ എം.എന്‍.എഫിനും ബി.ജെ.പിക്കും അഭിനന്ദനങ്ങള്‍. ബി.ജെ.പിയും എം.എന്‍.എഫും 20ല്‍ 13 സീറ്റുകള്‍ നേടി. മോദി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതുകൊണ്ടാണ് ഇത് സാധ്യമായത്. മിസോറാമിലെ ബി.ജെ.പിയുടെ ഉദയത്തിന്റെ തുടക്കമാണിത്.” എന്നായിരുന്നു അമിത് ഷായുടെ ട്വീറ്റ്.


Must Read:‘മമത ബാനര്‍ജി മസ്തിഷ്‌ക പരിശോധന നടത്തേണ്ടിയിരിക്കുന്നു’; ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്


എന്നാല്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ബി.ജെ.പിയുടെ തീരുമാനം മാറ്റിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ ഡീലിന്റെ ഭാഗമായി ബി.ജെ.പി നേതാക്കള്‍ക്ക് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനവും നല്‍കി.

കോണ്‍ഗ്രസ് ഇപ്പോഴും അധികാരത്തിലിരിക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നാണ് മിസോറാം.