ലണ്ടന്‍: സമഗ്രമായ ഒരു ഓഫര്‍ കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അനുകൂലമായൊരു തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷ എന്നും വിവാദ മദ്യ വ്യവസായി വിജയ് മല്യ. എല്ലാവരുടെയും കടം വീട്ടും, അതാണ് പ്രധാനം എന്നും മല്യ കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച്ച ലണ്ടനിലെ കോടതിയില്‍ തന്നെ ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കേസിന്റെ വാദം കേള്‍ക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൂലൈയില്‍ വാദം കേട്ട വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയിലെ ജഡ്ജ് എമ്മ അര്‍ബത്ത്നോട്ട് ഇന്ത്യന്‍ അധികാരികളോട് ഘട്ടം ഘട്ടമായുള്ള വീഡിയോ ആവശ്യപ്പെട്ടിരുന്നു.

ട്രയല്‍ നടക്കുന്ന സെല്ലിലെ വെളിച്ചം ഉറപ്പിക്കാനായിരുന്നു ഇത്. ഇന്ത്യക്ക് വേണ്ടി വാദിക്കുന്ന ക്രൗണ്‍ പ്രോസിക്യുഷന്‍ സര്‍വ്വീസസ് ഇത് പ്രകാരം വീഡിയോ സമര്‍പ്പിക്കുകയും ചെയ്തു. മല്യയെ മുംബൈ ജയിലില്‍ വച്ച് ചോദ്യംചെയ്തതിന്റെ വീഡിയോ ദൃശ്യം ജഡ്ജ് പരിശോധിക്കും.

ALSO READ: ഇന്ത്യ വിടുന്നതിന് മുമ്പ് അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിജയ് മല്യ

ജയില്‍ നേരില്‍ കണ്ട് പരിശോധിക്കണമെന്നും പ്രതിയെ കൈമാറാനുള്ള യു.കെയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും എതിര്‍ഭാഗം വാദിച്ചു. അതേസമയം മല്യ തെറ്റുകാരനാണെന്ന് തെളിയിക്കാനുള്ള എല്ലാ തെളിവുകളും ഇപ്പോള്‍ സമര്‍പ്പിച്ചുവെന്നും, പ്രതിയെ കൈമാറാന്‍ തടസ്സങ്ങള്‍ ഇല്ല എന്നും ഇന്ത്യക്ക് വേണ്ടി വാദിച്ച സി.പി.എസ് പറഞ്ഞു.

ബാങ്കുകളില്‍ നിന്നും കടമെടുത്ത് 9000 കോടിയുടെ വായ്പാ കുടിശ്ശിക തിരിച്ചടയ്ക്കാതെ മുങ്ങിയ വിജയ് മല്യ 13 ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തുകയാണ് തിരിച്ചടയ്ക്കാനുള്ളത്. അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും ഹാജരാവാന്‍ മല്യ തയ്യാറായിരുന്നില്ല.

WATCH THIS VIDEO: