ദിനോസര്‍ സ്‌ക്രീനിലേക്ക് വന്നതുപോലെ, കൊടുത്ത ഹൈപ്പിനോട് നീതി പുലര്‍ത്തിയ സീനുകള്‍, വൈറലായി സലാറിലെ പ്രഭാസും കറുപ്പിലെ സൂര്യയും
Indian Cinema
ദിനോസര്‍ സ്‌ക്രീനിലേക്ക് വന്നതുപോലെ, കൊടുത്ത ഹൈപ്പിനോട് നീതി പുലര്‍ത്തിയ സീനുകള്‍, വൈറലായി സലാറിലെ പ്രഭാസും കറുപ്പിലെ സൂര്യയും
അമര്‍നാഥ് എം.
Monday, 18th May 2026, 7:21 pm

ആരാധകരെപ്പോലും അമ്പരപ്പിച്ചുകൊണ്ട് തിയേറ്ററില്‍ ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിക്കുകയാണ് കറുപ്പ്. 13 വര്‍ഷമായി തിയേറ്റര്‍ ഹിറ്റില്ലാതിരിക്കുന്ന സൂര്യക്ക് ഗ്രാന്‍ഡ് കംബാക്കാണ് ഈ ചിത്രത്തിലൂടെ ലഭിച്ചത്. പ്രതിസന്ധികള്‍ പലതും തരണം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രം ആരാധകര്‍ ആഘോഷമാക്കി മാറ്റി. കരിയറില്‍ ഏറ്റവും വേഗതയേറിയ 100 കോടി ക്ലബ്ബും കറുപ്പിലൂടെ സൂര്യ സ്വന്തമാക്കി.

അടുത്ത കാലത്തായി സൂര്യയെ ഏറ്റവും മാസായും ഓറയോടെയും കണ്ട ചിത്രമാണ് കറുപ്പെന്ന് എല്ലാ പ്രേക്ഷകരും അഭിപ്രായപ്പെടുന്നു. കറുപ്പ് സാമി എന്ന ദൈവം മനുഷ്യരൂപമെടുത്ത് വരുന്ന കഥാപാത്രമാണ് സൂര്യയുടേത്. ഓരോ ഫ്രെയിമിലും സൂര്യയുടെ സ്വാഗ് പരമാവധി ഒപ്പിയെടുത്തിട്ടുണ്ട്. കറുപ്പിലെ ഒരു മാസ് സീനാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

രണ്ടാം പകുതിയില്‍ വില്ലന്മാരുടെ ഗ്യാങ് തൃഷയെ ആക്രമിക്കുന്ന സീനില്‍ സൂര്യ കാറില്‍ നിന്ന് ഇറങ്ങിവരുന്ന സീനാണ് ചര്‍ച്ചയായത്. വില്ലന്മാര്‍ ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന സൂര്യയുടെ ഷോട്ട് തിയേറ്ററുകളെ ഇളക്കിമറിച്ചിട്ടുണ്ട്. ഈ സീനില്‍ സൂര്യയുടെ സ്‌ക്രീന്‍ പ്രസന്‍സ് സലാറിലെ പ്രഭാസുമായിട്ടാണ് പലരും താരതമ്യം ചെയ്യുന്നത്.

സലാറിലെ ഇന്റര്‍വെല്‍ സീനില്‍ പ്രഭാസ് ജീപ്പിന് മുകളില്‍ കയറി നില്‍ക്കുന്ന ഷോട്ട് ഇന്നും സിനിമാപേജുകളില്‍ ചര്‍ച്ചയാണ്. സലാറിന്റെ ടീസറില്‍ പ്രഭാസിന്റെ കഥാപാത്രത്തെ ദിനോസറുമായിട്ടാണ് താരതമ്യം ചെയ്യുന്നത്. പ്രഭാസിന്റെ അപാര സ്‌ക്രീന്‍ പ്രസന്‍സ് ഈയൊരു താരതമ്യത്തെ ശരിവെക്കുന്ന ഒന്നാണ്. ഇതേ സ്‌ക്രീന്‍ പ്രസന്‍സ് തന്നെയാണ് കറുപ്പില്‍ സൂര്യക്കുമുള്ളത്.

ആര്‍.ജെ ബാലാജി സൂര്യയെ വളരെ മാസ് ഓറയോടെയാണ് കറുപ്പില്‍ അവതരിപ്പിച്ചത്. ജി.കെ. വിഷ്ണുവിന്റെ ഛായാഗ്രഹണവും അതിനൊപ്പം സായ് അഭ്യങ്കറിന്റെ ഗംഭീര സ്‌കോറും ഈ സീനിനെ കൂടുതല്‍ മനോഹരമാക്കിയിട്ടുണ്ട്. തെലുങ്ക് മാസ് മസാല ഫ്‌ളേവറിലൊരുക്കിയ സീനാണെങ്കിലും അത് കൃത്യമായി വര്‍ക്കൗട്ടായെന്നത് സംവിധായകന്റെ വിജയമാണ്.

ആദ്യ വീക്കെന്‍ഡില്‍ തന്നെ 130 കോടിയുടെ ഗംഭീര കളക്ഷനാണ് കറുപ്പ് സ്വന്തമാക്കിയിരിക്കുന്നത്. സൂര്യയുടെ കരിയറിലെ ഏറ്റവുമുയര്‍ന്ന കളക്ഷനാണിത്. കറുപ്പിലൂടെ വീണ്ടെടുത്ത തന്റെ സ്റ്റാര്‍ഡം ഇനിയുള്ള സിനിമകള്‍ക്കും ഗുണം ചെയ്യുമെന്നാണ് ആരാധകര്‍ കരുതുന്നത്. വിശ്വനാഥ് ആന്‍ഡ് സണ്‍സ്, സൂര്യ 47 എന്നീ ചിത്രങ്ങള്‍ ഹിറ്റായാല്‍ തമിഴിലെ ടോപ് ലീഗില്‍ സൂര്യയും ഇടംപിടിക്കും.

Content Highlight: Comparison between Prabhas in Salaar and Suriya in Karuppu viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം