ന്യൂദല്‍ഹി: ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളില്‍ പങ്കാളികളായവര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും സ്വീകരിച്ച ശിക്ഷാ നടപടികള്‍ റദ്ദാക്കണമെന്ന് സി.ജെ.പി.
പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ തങ്ങളുമായി ഉണ്ടാക്കിയ കരാറിന്റെ ലംഘനമാണ് ഈ ശിക്ഷാ നടപടികളെന്നും സി.ജെ.പി ചൂണ്ടിക്കാട്ടി. പ്രതിഷേധക്കാര്‍ക്കെതിരായ പ്രതികാര നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് വീണ്ടും പ്രതിഷേധം ആരംഭിക്കുന്നതടക്കമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും സി.ജെ.പി വ്യക്തമാക്കി.
പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് നടപടികളൊന്നും സ്വീകരിക്കില്ലെന്ന കരാര്‍ പൂര്‍ണമായി ലംഘിക്കപ്പെടുന്നതായാണ് തങ്ങള്‍ മനസ്സിലാക്കുന്നതെന്ന് സി.ജെ.പി വക്താവ് അശുതോഷ് റാങ്ക പ്രസ്താവനയില്‍ പറഞ്ഞു. പ്രതിഷേധക്കാര്‍ക്കെതിരായ എല്ലാ എഫ്.ഐ.ആറുകളും ഉടന്‍ പിന്‍വലിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നു. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബീഹാറിലും ബംഗാളിലും നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. ദല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും നൂറുകണക്കിന് ആളുകളെ നിരീക്ഷിക്കുകയും പീഡനത്തിന് വിധേയരാക്കുകയും ചെയ്യുകയാണ്. ദല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് സഹായങ്ങള്‍ നല്‍കിയിരുന്ന സന്നദ്ധപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിനെക്കുറിച്ചുള്ള ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതായും റാങ്ക ചൂണ്ടിക്കാട്ടി.
ദല്‍ഹി പൊലീസോ കേന്ദ്ര അന്വേഷണ ഏജന്‍സികളോ ബി.ജെ.പിയോ സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പോലീസോ ഭാവിയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ എഫ്.ഐ.ആറുകള്‍ ഫയല്‍ ചെയ്യരുതെന്നും ആവശ്യപ്പെടുന്നു. ഈ വ്യവസ്ഥകള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനാലായിരുന്നു തങ്ങള്‍ സമരം അവസാനിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കരാറിന് വിരുദ്ധമായി പ്രതിഷേധക്കാര്‍ക്കോ പ്രതിഷേധത്തെ പിന്തുണച്ചവര്‍ക്കോ നേര്‍ക്ക് പൊലീസ് നടപടികളുണ്ടായാല്‍ തങ്ങള്‍ വീണ്ടും പ്രതിഷേധിക്കാന്‍ നിര്‍ബന്ധിതരാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമരത്തില്‍ പങ്കെടുത്തതോ സമരത്തെ പിന്തുണച്ചവരോ ആയവര്‍ക്ക് നേര്‍ക്കുള്ള ശിക്ഷാ നടപടികള്‍ പിന്‍വലിക്കാമെന്നും ഭാവിയില്‍ അത്തരം നടപടികളുണ്ടാവില്ലെന്നുമുള്ള രേഖാമൂലമുള്ള ഉറപ്പ് നാളെ (ജൂലൈ 28 ചൊവ്വ) കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കുന്നതടക്കമുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് സി.ജെ.പി മുഖ്യ വക്താവ് സൗരവ് ദാസും പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാരോ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളോ പ്രതിഷേധക്കാര്‍ക്കെതിരെ ഇപ്പോഴോ ഭാവിയിലോ ശിക്ഷാ നടപടിയൊന്നും സ്വീകരിക്കില്ലെന്ന് ഉറപ്പ് നല്‍കിയ ശേഷമാണ് തങ്ങള്‍ സമരം അവസാനിപ്പിച്ചതെന്നും സൗരവ് ഓര്‍മിപ്പിച്ചു.
പ്രതിഷേധക്കാര്‍ക്കെതിരായ ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇത് ആശങ്കാകരമാണെന്നും അദ്ദേഹം പറഞ്ഞു.
കസ്റ്റഡിയിലെടുത്തവരുടെ മോചനം ഉറപ്പാക്കുന്നതിന് സി.ജെ.പി സാധ്യമായ എല്ലാ നിയമസഹായവും നല്‍കുമെന്നും സൗരവ് പ്രസ്താവനയില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മികച്ച അഭിഭാഷകരുമായി തങ്ങളുടെ നിയമസംഘം ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകള്‍ പിന്‍വലിക്കണം. ഇക്കാര്യത്തില്‍ നാളെ രേഖാമൂലമുള്ള ഉറപ്പ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. സര്‍ക്കാര്‍ വാക്ക് പാലിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് രാജ്യവ്യാപക പ്രതിഷേധം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സി.ജെ.പി തീരുമാനിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ഉറപ്പ് പാലിച്ചില്ലെങ്കില്‍ അത് സി.ജെ.പിയോട് മാത്രമല്ല പ്രതിഷേധങ്ങള്‍ക്ക് പകരം ചര്‍ച്ചയുടെ വഴി തെരഞ്ഞെടുത്ത ലക്ഷക്കണക്കിന് യുവാക്കളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിശ്വാസ വഞ്ചനയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അത്തരം വിശ്വാസവഞ്ചന യുവാക്കള്‍ ഒരിക്കലും അംഗീകരിക്കില്ല. വാഗ്ദാനം നല്‍കിയാല്‍ മാത്രം പോര, വാഗ്ദാനം പാലിക്കുക ചെയ്താലെ വിശ്വാസ്യതയുണ്ടാവൂ എന്ന് കേന്ദ്രസര്‍ക്കാരിനെ ഓര്‍മിപ്പിക്കുകയാണെന്നും സൗരവ് പറഞ്ഞു.
എല്ലാ തടവുകാരെയും, അറസ്റ്റിലായവരെയും ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്നു. നാളെയോടെ തന്നെ ഇവരെ വിട്ടയക്കണം. എല്ലാ എഫ്.ഐ.ആറുകളും ഉടന്‍ പിന്‍വലിക്കണം. അല്ലെങ്കില്‍ ആവശ്യമായ തുടര്‍ നടപടികള്‍ തങ്ങള്‍ക്ക് സ്വീകരിക്കേണ്ടി വരുമെന്നും സി.ജെ.പി വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് കേസെടുത്തിരുന്നു. പ്രതിഷേധക്കാരെ സഹായിച്ചവരെ നിരീക്ഷിക്കുന്നതടക്കമുള്ള മറ്റ് നടപടികളും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി.ജെ.പിയുടെ പ്രതികരണം.
ജന്തര്‍ മന്ദറിലെ സമരം അവസാനിപ്പിക്കുന്നതിനായി സി.ജെ.പി കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വെച്ച മൂന്ന് ആവശ്യങ്ങളിലൊന്നാണ് പ്രതിഷേധക്കാര്‍ക്കെതിരായ നിയമ നടപടികള്‍ പിന്‍വലിക്കണമെന്നതും ഭാവിയില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കരുതെന്നതും. ഈ ആവശ്യം അടക്കം അംഗീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയ ശേഷമായിരുന്നു ഒരു മാസത്തിലധികം നീണ്ട പ്രതിഷേധം സി.ജെ.പി അവസാനിപ്പിച്ചത്.
Content Highlight: CJP warns of protest again, says students arrested, being harassed
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.