ന്യൂദല്‍ഹി: ജന്തര്‍ മന്തറിലെ കാക്ക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) പ്രതിഷേധത്തിനെതിരെ താന്‍ നടത്തിയ അതിക്രമമങ്ങള്‍ക്ക് ശേഷം വധശ്രമത്തിന് അറസ്റ്റിലായെങ്കിലും ജയിലില്‍ പോകാതെ സ്വതന്ത്രനായി ചുറ്റിത്തിരിഞ്ഞിരുന്നുവെന്ന് അവകാശപ്പെട്ട് സംഘപരിവാര്‍ ഗുണ്ടയും സ്വയം പ്രഖ്യാപിത ഗോരക്ഷകനുമായ സ്വതന്ത്ര ഭരദ്വാജ്. കോലപാതക ശ്രമക്കേസില്‍ താന്‍ അറസ്റ്റിലായെങ്കിലും മന്ത്രി കപില്‍ മിശ്ര ഫോണ്‍ വിളിച്ചതിനെത്തുടര്‍ന്ന് ദല്‍ഹി പൊലീസ് തന്നെ വിട്ടയച്ചെന്നും ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെ ഭരദ്വാജ് പറഞ്ഞു.

പ്രതിഷേധക്കാരിലൊരാളായിരുന്ന നീതു എന്ന ദലിത് യുവതിയുടെ പിതാവിനെ ജൂലൈ 20 ന് ഭരദ്വാജ് ക്രൂരമായി മര്‍ദിച്ചിരുന്നു. ഭരദ്വാജിന്റെ അക്രമത്തെത്തുടര്‍ന്ന് അദ്ദേഹം മരണത്തോട് അടുത്ത് വരെ എത്തിയിരുന്നതായാണ് വിവരം.

‘നീതുവിന്റെ അച്ഛന്റെ തല ഞങ്ങള്‍ പൊട്ടിച്ചു. ഇതില്‍ എന്ത് കുറ്റമാണ് ചുമത്തുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? കൊലപാതക ശ്രമം. സെക്ഷന്‍ 307,’ നേഹ സിങ് റാത്തോഡ് എന്ന യൂട്യൂബര്‍ക്കൊപ്പമുള്ള പോഡ്കാസ്റ്റില്‍ സംസാരിക്കവെ ഭരദ്വാജ് പറഞ്ഞു.

നീതുവിന്റെ പിതാവിന്റെ തലയില്‍ ഏഴ് തുന്നലുകള്‍ ഉണ്ടായിരുന്നു. മരണത്തോടടുത്ത അവസ്ഥയിലാണ് അദ്ദേഹത്തെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ഭരദ്വാജ് ആ ദിവസത്തെക്കുറിച്ച് പറഞ്ഞു.

വധശ്രമക്കേസ് ചുമത്തിയിട്ടും അടുത്ത ദിവസം താന്‍ പുറത്തിറങ്ങിയെന്നും ഭരദ്വാജ് പറഞ്ഞു. ‘എന്നിട്ടും അടുത്ത ദിവസം ഞാന്‍ പുറത്തായിരുന്നു. ഞാന്‍ ജയിലിലേക്ക് പോലും പോയില്ല. ഒരു രാത്രി കൊണ്ട് ഗോരക്ഷകന്‍ സ്വതന്ത്രനാായി. എന്നിട്ട് നഗരത്തില്‍ ചുറ്റിത്തിരിഞ്ഞു,’ എന്നും സംഘപരിവാര്‍ ഗുണ്ടയായ ഭരദ്വാജ് ചിരിച്ചുകൊണ്ട് പറഞ്ഞു.

ജയിലില്‍ നിന്ന് താന്‍ എങ്ങനെ ”രക്ഷപ്പെട്ടു” എന്നും ഹനുമാന് നന്ദി പറഞ്ഞുകൊണ്ട് അയാള്‍ വിശദീകരിക്കുന്നതായി യൂട്യൂബ് വീഡിയോയില്‍ കാണാം. ദല്‍ഹിയിലെ ബി.ജെ.പി സര്‍ക്കാരിലെ മന്ത്രിയായ കപില്‍ മിശ്ര പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചിട്ടാണ് താന്‍ പുറത്തെത്തിയതെന്നാണ് അയാള്‍ പറഞ്ഞത്.

കപില്‍ മിശ്ര തനിക്ക് ഒരു ചേട്ടനെ പോലെയാണെന്നും ഭരദ്വാജ് പറയുുന്നു. കേന്ദ്രമന്ത്രി ചിരാഗ് പിസ്വാന്‍ പോലും തനിക്ക് ചേട്ടനെ പോലെയാണെന്നും ഗോരക്ഷകന്‍ പറയുന്നു. ‘മോദി ജി എനിക്കും ഒരു ജ്യേഷ്ഠനെ പോലെയാണ്. എനിക്ക് എല്ലാവരുടെയും പിന്തുണയുണ്ട്,’ അയാള്‍ പറഞ്ഞു.

ഒരു മണിക്കൂറോളം ദൈര്‍ഖ്യമുള്ളതാണ് ഭരദ്വാജിന്റെയും നേഹ സിങ് റാത്തോഡിന്റെയും പോഡ്കാസ്റ്റ്. പോഡ്കാസ്റ്റില്‍ സംസാരിക്കവെ മുസ്‌ലിങ്ങള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശങ്ങളും ഭരദ്വാജില്‍ നിന്നുണ്ടായി. മുസ്‌ലിം പുരുഷന്മാരെയും സ്ത്രീകളെയും വിശേഷിപ്പിക്കാന്‍ മുല്ല, മുല്ലാനി തുടങ്ങിയ അധിക്ഷേപ വാക്കുകള്‍ ഭരദ്വാജ് ഉപയോഗിച്ചു.

‘മുസ്‌ലിങ്ങള്‍ ഇന്ത്യ വിട്ടാല്‍, ഇന്ത്യ സ്വയമേവ ജിഹാദ്, ലവ് ജിഹാദ്, ലാന്‍ഡ് ജിഹാദ്, ടോയ്ലറ്റ് ജിഹാദ്, തൂക്ക് ജിഹാദ് എന്നിവയില്‍ നിന്ന് മുക്തമാകുമെന്നതിനാല്‍ താന്‍ സൃഷ്ടിക്കുന്ന ഒരേയൊരു പാര്‍ട്ടി ‘മുല്ല മുക്ത ഭാരത് ആയിരിക്കും,’ എന്നതടക്കമുള്ള വിദ്വേഷ പരാമര്‍ശങ്ങളും അയാള്‍ നടത്തി.

സ്വതന്ത്ര ഭരദ്വാജിന്റെ പോഡ്കാസ്റ്റ് പുറത്തുവന്നതോടെ കോക്രോച്ച് ജനത പാര്‍ട്ടി ദല്‍ഹി പൊലീസിനെയും കപില്‍ മിശ്രയയെും അപലപിച്ചു.

ജന്തര്‍ മന്തറില്‍ ഗുണ്ടകള്‍ക്ക് ഡി.സി.പി സച്ചിന്‍ ശര്‍മ സൗജന്യ പാസ് നല്‍കിയെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ഗുണ്ടകള്‍ക്കെതിര നടപടിയെടുക്കാനും അവരെ അറസ്റ്റ് ചെയ്യേനും പൊലീസ് അന്ന് വിസമ്മതിച്ചിരുന്നെന്നും ദീപ്‌കെ വിമര്‍ശിച്ചു.

മാര്‍ച്ചിന് മുമ്പ് ജന്തര്‍ മന്തറില്‍ കല്ലുകള്‍ നിറച്ച ഒരു ട്രക്ക് പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ച അതേ ഉദ്യോഗസ്ഥന്‍ കൂടിയാണ് സച്ചിന്‍ ശര്‍മ്മ. ഭരണകൂടത്തിന്റെ നീലക്കണ്ണുള്ള കുട്ടിയാണ് അദ്ദേഹമെന്നും ദീപ്‌കെ പറഞ്ഞു.

ഈ ആക്രമണം നടന്നപ്പോള്‍, ഞാന്‍ നേരിട്ട് ഡി.സി.പിയുടെ അടുത്ത് ചെന്ന് ഈ ഗുണ്ടകളെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് വെറുതെ ഒരാളെ അറസ്റ്റ് ചെയ്യാനാവില്ല എന്നാണ് പൊലീസ് അന്ന് പറഞ്ഞതെന്നും ദീപ്‌കെ പറഞ്ഞു.

പൊലീസിന്റെ മുന്നില്‍ വെച്ചാണ് ആക്രമണം നടന്നതെന്നും നിങ്ങള്‍ക്ക് അവരെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും താന്‍ അന്ന് ഡി.സി.പിയോട് ചോദിച്ചിരുന്നു. നിങ്ങള്‍ക്ക് കോടതിയില്‍ പോകാന്‍ സ്വാതന്ത്ര്യമുണ്ടല്ലോ എന്നാണ് സി.സി.പി അതിന് മറുപടി നല്‍കിയത്. ദല്‍ഹി പൊലീസിന്റെ മനോഭാവം അതാണെന്നും ദീപ്‌കെ കുറിച്ചു.

ധിക്കാരപരമായാണ് ഭരദ്വാജിന് ശിക്ഷയില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതെന്ന് സി.ജെ.പി നേതാവ് സൗരവ് ദാസും അഭിപ്രായപ്പെട്ടു. ഒരു ദളിത് വ്യക്തിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഈ ഗുണ്ട പൊലീസ് കസ്റ്റഡിയിലിരിക്കെ ഡല്‍ഹി മന്ത്രി കപില്‍ മിശ്രയെ മോചിപ്പിക്കാനും സെക്ഷന്‍ 307 ചേര്‍ക്കാതിരിക്കാനും ആവശ്യപ്പെട്ടു. ഇത് പൊലീസ് അന്വേഷണത്തില്‍ നിയമവിരുദ്ധമായ ഇടപെടലാണെന്നും ദാസ് എക്‌സ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

ഇത്രയും നേരം, ജന്തര്‍ മന്തറില്‍ സമാധാനപരമായി പ്രതിഷേധിച്ചവരെ നിയമവിരുദ്ധമായി പിടികൂടി, മര്‍ദ്ദിച്ചു, കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി, എഫ്.ഐ.ആര്‍ പോലും ഫയല്‍ ചെയ്തു. ഒരു കൊലപാതകിയായി മാറാന്‍ സാധ്യതയുള്ളയാളെ സംരക്ഷിച്ച് കുറ്റകൃത്യത്തില്‍ പങ്കാളിയായി മാറിയതിന് കപില്‍ മിശ്ര രാജി വെക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. കപില്‍ മിശ്ര ഇടപെട്ടില്ലായിരുന്നെങ്കില്‍ ദല്‍ഹി പൊലീസ് ഭരദ്വാജിനെയും സംഘത്തെയും അറസ്റ്റ് ചെയ്യണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Content Highlight:CJP protests: Gau rakshak claims Delhi Minister helped avoid jail