വാഷിങ്ടണ്‍: ഇറാനെതിരായ യു.എസ് ആക്രമണങ്ങള്‍ പരാജയപ്പെട്ടുവെന്ന് സി.ഐ.എയുടെ വിലയിരുത്തലില്‍ സമ്മതിച്ചതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ നീണ്ട ആക്രമണങ്ങള്‍ യു.എസ് നടത്തിയെങ്കിലും ഹോര്‍മുസിലെ പരമാധികാരത്തില്‍ അടക്കം ഇറാന്‍ അവരുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് സി.ഐ.എ വിലയിരുത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാനില്‍ യു.എസ് ആക്രമണം 11 ദിവസം പിന്നിട്ടപ്പോളാണ് ഈ റിപ്പോര്‍ട്ട് വന്നത്. കഴിഞ്ഞ മാസം 17ന് യു.എസും ഇറാനും തമ്മില്‍ ഒപ്പുവച്ച ഇടക്കാല വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഇതാദ്യമായാണ് ഇത്രയും ദിവസം നീണ്ടു നില്‍ക്കുന്ന സംഘര്‍ഷങ്ങള്‍.
നിലവില്‍ ഇറാന്‍-യു.എസ് സംഘര്‍ഷം പശ്ചിമേഷ്യന്‍ മേഖലയെ ആകെ ബാധിക്കുന്ന തരത്തിലേക്ക് നീങ്ങുന്നതായും വിലയിരുത്തപ്പെടുന്നു.
അതേസമയം ഈ യുദ്ധം പശ്ചിമേഷ്യയുടെ നാശത്തിന് കാരണമാവുമെന്ന് ഇറാന്‍ ഉന്നത ചര്‍ച്ചാ പ്രതിനിധി മുഹമ്മദ് ബാഘര്‍ ഘാലിബാഫ് പറഞ്ഞു. ഇറാന്റെ സുരക്ഷയ്ക്കായി ഉറപ്പ് നല്‍കാനാവില്ലെങ്കില്‍ പശ്ചിമേഷ്യയില്‍ ഒരു സുരക്ഷയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
നിലവില യു.എസ് ആക്രമണങ്ങളില്‍ ഇറാനില്‍ 50 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായാണ് ഇറാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. 500 പേര്‍ക്ക് യു.എസ് ആക്രമണങ്ങളില്‍ പരിക്കേറ്റതായും മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
സംഘര്‍ഷങ്ങളുടെ ഭാഗമായി ഇറാന്റെ സഖ്യകക്ഷിയായ ഹൂത്തികള്‍ ചെങ്കടലിലൂടെയുള്ള കപ്പല്‍ ഗതാഗതപാത തടഞ്ഞിട്ടുണ്ട്. ഇതിനെതിരെ ഇറാനിലെ പാലത്തിന് നേര്‍ക്കോ വൈദ്യുത കേന്ദ്രത്തിന് നേര്‍ക്കോ ആക്രമണം നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇത്തരം നീക്കമുണ്ടായാല്‍ തങ്ങള്‍ തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കി.
Content Highlight: CIA assessment admits US aggression against Iran has failed: Report