തമിഴിലെ യുവസംവിധായകനായ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഡൊറോത്തി. സനന്ത്, റിഷികാന്ത്, കീര്‍ത്തി സുരേഷ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്. ഹോമോസെക്ഷ്വാലിറ്റിയുമായി ബന്ധപ്പെട്ട കഥാപശ്ചാത്തലമുള്ള ചിത്രത്തിന് എന്നാല്‍ അപ്രതീക്ഷിതമായ പ്രതികരണങ്ങളാണ് ഭൂരിഭാഗം സിനിമാ പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നത്. മലയാളമടക്കമുള്ള മറ്റ് ഇന്‍ഡസ്ട്രികളില്‍ ഇത്തരം പ്രമേയമുള്ള ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിലാണ് ഡൊറോത്തിക്കെതിരെ തമിഴ് പ്രേക്ഷകരില്‍ നിന്നും തന്നെ വലിയ തോതിലുള്ള സൈബര്‍ അറ്റാക്ക് നടന്നത്.

ഡൊറോത്തി. Photo: X.com

ഒരുവശത്ത് ചിത്രം വലിയ നിരൂപകപ്രശംസ നേടുമ്പോഴും തമിഴ് സംസ്‌കാരത്തെ അപമാനിച്ചുവെന്നും ജനങ്ങള്‍ക്കിടയിലേക്ക് LGBTQ+ ആശയങ്ങള്‍ കുത്തിക്കയറ്റാനുള്ള ശ്രമമാണെന്നും പലരും ആരോപിച്ചിരുന്നു. കേട്ടാലറക്കുന്ന വിധത്തിലുള്ള ഭാഷയിലാണ് പല സിനിമാ പേജുകളിലും ചിത്രത്തിനെതിരായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ ഇതിനെതിരെ പ്രമുഖ സംവിധായകരും രംഗത്തെത്തുകയും ചിത്രത്തിന്റെ സംവിധായകന് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു. പിന്നാലെ ചിത്രം 25 കോടിയിലധികം ബോക്‌സ് ഓഫീസില്‍ നിന്നും കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിനെയും ഡൊറോത്തിയെയും അഭിനന്ദിച്ചിരിക്കുകയാണ് സൂപ്പര്‍താരം ചിയാന്‍ വിക്രം. തന്റെ കൈപ്പടയിലെഴുതിയ കുറിപ്പിലൂടെയാണ് താരം തന്റെ ആശംസ അറിയിച്ചത്.

‘എന്തൊരു മനോഹരമായ ചിത്രമാണ് കാര്‍ത്തിക്, എന്തുകൊണ്ടാണ് ആദ്യകാഴ്ചയില്‍ തന്നെ സിനിമയുമായി നമ്മള്‍ പ്രണയത്തിലാകുന്നതെന്ന് താങ്കള്‍ ഒരിക്കല്‍ കൂടെ എന്നെ ഓര്‍മപ്പെടുത്തി. ഒരുപാട് സ്‌നേഹം,’ ചിയാന്‍ കുറിച്ചു. കാര്‍ത്തിക് സുബ്ബരാജ് തന്നെയാണ് ചിയാന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇത്തരത്തിലൊരു കുറിപ്പ് നല്‍കിയതിനും ഡൊറോത്തിയുമായി ബന്ധപ്പെട്ട് ഒരുപാട് സംസാരിച്ചതിനും കാര്‍ത്തിക് നന്ദി പറഞ്ഞു.

ഡൊറോത്തി ടീം രജിനിക്കൊപ്പം. Photo: X.com

ചിയാന്‍ വിക്രമിന് പുറമെ രജിനികാന്ത് തമിഴിലെ സീനിയര്‍ സംവിധായകനായ മണിരത്‌നം. വെട്രിമാരന്‍ തുടങ്ങി ഒട്ടനവധി ആളുകള്‍ ഡൊറോത്തിയ്ക്ക് ആശംസ അറിയിച്ചിരുന്നു.

Content Highlight: Chiyan Vikram appreciates Karthik Subbaraj for Dorothy movie