ബീജിങ്: 2020 ന്റെ ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ മാത്രം ചൈനയില്‍ നിന്ന് പുറത്താക്കപ്പെട്ടത് 17 വിദേശ മാധ്യമ പ്രവര്‍ത്തകര്‍. പുറത്താക്കപ്പെട്ടവരില്‍ ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ് ടണ്‍ പോസ്റ്റ്, വാള്‍സ്ട്രീറ്റ് ജേണല്‍ തുടങ്ങിയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാരും ഉള്‍പ്പെടുന്നുവെന്ന ദ ഗാര്‍ഡിയനിലെ ഹെലന്‍ ഡേവിഡ്‌സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരവധി അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രസ് കാര്‍ഡ് പുതുക്കി നല്‍കാന്‍ സാധിക്കില്ലെന്ന് ചൈനീസ് അധികൃതര്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ചൈനയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുന്ന വിവരങ്ങളുള്‍പ്പെടെ വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതാണ് ചൈനയെ പ്രകോപിപ്പിക്കുന്നത് എന്നാണ് സൂചനകള്‍. സിനിജാങിലെ മനുഷ്യാവകാശ ലംഘനങ്ങളും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നിരയില്‍ ഉള്‍പ്പെടുന്ന നേതാക്കള്‍ക്കെതിരായുള്ള അഴിമതി ആരോപണങ്ങളും വിദേശ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.

അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചു കൊണ്ട് ഹോങ് കോങില്‍ ചൈന നടത്തുന്ന ഇടപെടലുകളും വിദേശ മാധ്യമങ്ങളിലൂടെയാണ് പുറം ലോകമറിയുന്നത്. ജനങ്ങളുടെ മേല്‍ ചൈന നടത്തുന്ന അതിശക്തമായ നിരീക്ഷണങ്ങളും വാര്‍ത്തയായിരുന്നു.

മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചൈനയിലെ സ്ഥിതി വളരെ മോശമാണെന്നാണ് ഈ വര്‍ഷം പുറത്താക്കപ്പെട്ട ന്യൂയോര്‍ക്ക് ടൈം ജേണലിസ്റ്റ്ക്രിസ് ബക്ക്‌ലി പറയുന്നത്. അതേ സമയം തനിക്ക് തിരികെ പോയി ചൈനയിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് താത്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാധ്യമ പ്രവര്‍ത്തകരെ ജയിലില്‍ അടക്കുന്നതില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങളില്‍ ഒന്നാണ് ചൈനയെന്ന് മാധ്യമ പ്രവര്‍ത്തകരുട സംരക്ഷണത്തിനായി നിയോഗിച്ച കമ്മിറ്റി പറയുന്നു. കഴിഞ്ഞയാഴ്ച്ച ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകരായ ബില്‍ ബേര്‍ട്ടില്‍സിനെയും മൈക്ക് സ്മിത്തിനെയും ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: China expels foreign journalist