2002ന് ശേഷം ഇതാദ്യം; ഇംഗ്ലണ്ട് താരം തിരുത്തിക്കുറിച്ചത് ചെല്‍സിയുടെ ചരിത്രം
Football
2002ന് ശേഷം ഇതാദ്യം; ഇംഗ്ലണ്ട് താരം തിരുത്തിക്കുറിച്ചത് ചെല്‍സിയുടെ ചരിത്രം
സുദേവ് എ
Tuesday, 25th August 2026, 2:34 pm

ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ ആവേശവിജയവുമായി തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് ചെല്‍സി. ഫുള്‍ ഹാമിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സി വിജയിച്ചുകയറിയത്. മത്സരത്തില്‍ ചെല്‍സിക്കായി ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത് ഇംഗ്ലണ്ട് താരം മോര്‍ഗന്‍ റോജേഴ്സാണ്.

തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെയായിരുന്നു താരത്തിന്റെ മികച്ച പ്രകടനം. മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ അഞ്ച് അവസരങ്ങള്‍ സൃഷ്ടിച്ചാണ് ഇംഗ്ലണ്ട് താരം ശ്രദ്ധ നേടിയത്.

2002-03 സീസണിന് ശേഷം ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ചെല്‍സിക്ക് വേണ്ടി ഇത്രയധികം അവസരങ്ങള്‍ സൃഷ്ടിക്കുന്ന ആദ്യ താരമാണ് റോജേഴ്സ്. മത്സരത്തില്‍ ഒരു ഗോള്‍ നേടി തിളങ്ങാനും ഇംഗ്ലീഷ് താരത്തിന് സാധിച്ചു.

മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ഫുള്‍ഹാമിനെ ഞെട്ടിച്ചുകൊണ്ട് ജാവോ പെഡ്രോയിലൂടെ ചെല്‍സി ഗോള്‍ നേടി. എന്നാല്‍ 21ാം മിനിറ്റില്‍ ജോഷ് കിങിലൂടെ ഫുള്‍ ഹാം തിരിച്ചടിച്ചു. എന്നാല്‍ ആദ്യപകുതിക്ക് തൊട്ട് മുമ്പ് 41ാം മിനിറ്റില്‍ റോജേഴ്‌സിന്റെ ഗോളിലൂടെ ചെല്‍സി വീണ്ടും മുന്നിലെത്തി. ഒടുവില്‍ ആദ്യപകുതി പിന്നിട്ടപ്പോള്‍ 2-1ന് ചെല്‍സി എതിരാളികള്‍ക്ക് മുകളില്‍ ആധിപത്യം പുലര്‍ത്തി.

രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റുകള്‍ക്കുള്ളില്‍ കോള്‍ പാല്‍മറിലൂടെ ചെല്‍സി മൂന്നാം ഗോളും നേടി വിജയം ഉറപ്പാക്കി. 54ാം മിനിറ്റില്‍ ഗോണ്‍സാലോ ഗാര്‍സിയയിലൂടെ ഫുള്‍ഹാം രണ്ടാം ഗോളും സ്വന്തമാക്കി.

സമനില ഗോള്‍ നേടാന്‍ ഫുള്‍ഹാം മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ചെല്‍സിയുടെ പ്രതിരോധം മറികടക്കാന്‍ സാധിച്ചില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ചെല്‍സി ത്രില്ലര്‍ വിജയം കൈവരിക്കുകയായിരുന്നു.

ആദ്യ വിജയത്തിന് പിന്നാലെ ഇംഗ്ലീഷ് പ്രിമീയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തെത്താനും ചെല്‍സിക്ക് സാധിച്ചു. ഫില്‍ഹാം 12ാം സ്ഥാനത്തുമാണ്.

ചെല്‍സി ഇനി ഇ.എഫ്.എല്‍ കപ്പിലാണ് കളത്തിലിറങ്ങുന്നത്. ഓഗസ്റ്റ് 28ന് നടക്കുന്ന മത്സരത്തില്‍ ലുട്ടോണ്‍ ടൗണാണ് ചെല്‍സിയുടെ എതിരാളികള്‍.

ഓഗസ്റ്റ് 30നാണ് ചെല്‍സി ഇംഗ്ലീഷ് പ്രിമീയര്‍ ലീഗിലെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ബ്രൈറ്റണാണ് ടീമിന്റെ എതിരാളികള്‍.

 

Content Highlight: Chelsea player Morgan Rojers create a huge record in English premiere league

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.