'പി.കെ'യുടെ ഒരു സീനും ഒഴിവാക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്
Daily News
'പി.കെ'യുടെ ഒരു സീനും ഒഴിവാക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്
ന്യൂസ് ഡെസ്‌ക്
Monday, 29th December 2014, 11:08 am

668pkന്യൂദല്‍ഹി: “പി.കെ”യ്ക്കുമേല്‍ സെന്‍സര്‍ ബോര്‍ഡ് കത്തിവെയ്ക്കണമെന്ന ഹിന്ദു സംഘടകളുടെ ആവശ്യം ബോര്‍ഡ് തള്ളി. ചിത്രം ഇതിനകം തന്നെ റിലീസ് ചെയ്തതിനാല്‍ അതില്‍ നിന്നും ഒരു സീനും ഒഴിവാക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍പേഴ്‌സണ്‍ ലീല സാംസണ്‍ വ്യക്തമാക്കി.

ഡിസംബര്‍ 19ന് റിലീസ് ചെയ്ത രാജ് കുമാര്‍ ഹിറാനി ചിത്രം “പി.കെ” വന്‍ വിവാദമാണുയര്‍ത്തിയത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഹിന്ദു സംഘടനകള്‍ ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനങ്ങളും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹിന്ദു സംഘടനകളുടെ ആവശ്യം തള്ളി സെന്‍സര്‍ ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.

“എല്ലാ ചിത്രങ്ങളും പലപ്പോഴും ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്താറുണ്ട്. അനാവശ്യമായി ഞങ്ങള്‍ക്ക് സീനുകള്‍ മുറിയ്ക്കാനാവില്ല. കാരണം അത് ഒരാളുടെ സര്‍ഗാത്മക പ്രയത്‌നമാണ്. “പി.കെ”യ്ക്ക് ഇതിനകം തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണ്. ചിത്രം റിലീസ് ചെയ്തതിനാല്‍ ഇനി ഞങ്ങള്‍ക്കൊന്നും ചെയ്യാനാവില്ല.” അവര്‍ വ്യക്തമാക്കി.

ആള്‍ദൈവങ്ങള്‍ക്കെതിരെയുള്ള ആക്ഷേപഹാസ്യമാണ് രാജ്കുമാര്‍ ഹിറാനിയുടെ “പി.കെ”. ആമിര്‍ നായകനായ ചിത്രത്തില്‍ അനുഷ്‌ക ശര്‍മ്മയാണ് നായിക. ഇതിനകം തന്നെ വിമര്‍ശക പ്രശംസ പിടിച്ചുപറ്റിയ ചിത്രം തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

നേരത്തെ പി.കെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളുകയാണുണ്ടായത്.