ബലൂചിസ്ഥാനില്‍ കാര്‍ ബോംബ് സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു
World
ബലൂചിസ്ഥാനില്‍ കാര്‍ ബോംബ് സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th May 2026, 5:22 pm

ക്വെറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ കാര്‍ ബോംബ് ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു.

ബലൂചിസ്ഥാന്റെ തലസ്ഥാനം ക്വെറ്റയില്‍ പാകിസ്ഥാന്‍ സൈനികരുമായെത്തിയ ട്രെയിനിന് നേര്‍ക്കായിരുന്നു ആക്രമണം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ട്രെയിനിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ആക്രമണത്തിന്റ ഉത്തരവാദിത്തം വിഘടനവാദ സംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു.

സ്‌ഫോടനത്തില്‍ ട്രെയിനിന്റെ ബോഗികള്‍ തലകീഴായി മറിയുകയും തീപിടിക്കുകയും ചെയ്തു.
റെയില്‍വേ ട്രാക്കിന് സമീപമുള്ള കെട്ടിടങ്ങള്‍ ആക്രമണത്തില്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നിട്ടുണ്ട്. സമീപത്ത് പാര്‍ക്ക് ചെയ്ത ചില വാഹനങ്ങളും കത്തി നശിച്ചു.

പരിക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. ക്വെറ്റയിലെ ആശുപത്രികള്‍ക്ക് അടിയന്തരാവസ്ഥാ നിര്‍ദേശം നല്‍കിയതായി പ്രാദേശിക മാാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍ ഈ സാഹചര്യം നേരിടാന്‍ സജ്ജമായിരിക്കണമെന്ന് പ്രാദേശിക ഭരണകൂടം ആശുപത്രിക്ക് നിര്‍ദേശം നല്‍കി.

ആക്രമണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അപലപിച്ചു.

Content Highlight: Car bomb attack on train in Pakistan kills at least 24