ബെംഗളൂരു: ദിവസങ്ങള്‍ക്കകം കര്‍ണാടകത്തിലെ 15 നിയമസഭാ സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിയെ ആശങ്കയിലാഴ്ത്തി സ്വതന്ത്രന്റെ സ്ഥാനാര്‍ഥിത്വം. ഹോസ്‌കോട്ടെയിലാണ് ശരത് ബച്ചെഗൗഡ എന്ന 37-കാരന്‍ ബി.ജെ.പിക്കു ഭീഷണിയായി തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കിയിരിക്കുന്നത്.

ശരത്തിനെ ബി.ജെ.പി ഭയപ്പെടാന്‍ കാരണമുണ്ട്. ഈ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്നു നടി സുമലതാ അംബരീഷിനെ വിജയിപ്പിച്ചെടുത്തത് ശരത്തിന്റെ പ്രചാരണ മികവാണ്. സുമലത പരാജയപ്പെടുത്തിയത് മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമിയുടെ മകന്‍ നിഖിലിനെയാണ്.

മാണ്ഡ്യയിലെ നിയമസഭാ മണ്ഡലമായ ഹോസ്‌കോട്ടെയില്‍ ഇത്തവണ പ്രചാരണത്തിനെത്തിയ ശരത്തിനു കിട്ടിയ പിന്തുണ എല്ലാ പാര്‍ട്ടികളെയും ആശങ്കപ്പെടുത്തുന്നുണ്ട്. ബി.ജെ.പിക്കും കോണ്‍ഗ്രസിനും നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പില്‍ ത്രികോണ മത്സരം നടക്കുന്ന അപൂര്‍വം മണ്ഡലങ്ങളിലൊന്നാണിത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘സ്വാഭിമാനി’ എന്നെഴുതിയ ടീ ഷര്‍ട്ടുകളിട്ടായിരുന്നു ശരത്തിനു വേണ്ടി യുവാക്കള്‍ പ്രചാരണത്തിനെത്തിയത്. താന്‍ സ്വാഭിമാനത്തിനു വേണ്ടിയാണു മത്സരിക്കുന്നതെന്നും ശരത് പലവട്ടം പറഞ്ഞിട്ടുണ്ട്.

ഹോസ്‌കോട്ടെയിലെ എം.എല്‍.എയായിരുന്ന എം.ടി.ബി നാഗരാജ് അയോഗ്യനായതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോണ്‍ഗ്രസിനു വേണ്ടി കഴിഞ്ഞതവണ മത്സരിച്ച നാഗരാജ്, ബി.ജെ.പി പാളയത്തിലേക്കു കൂറുമാറിയതോടെയാണ് അയോഗ്യനായത്.

എന്നാല്‍ തനിക്ക് ഹോസ്‌കോട്ടെയില്‍ വിമതരെ വിജയിപ്പിക്കാന്‍ താത്പര്യമില്ലെന്ന അഭിപ്രായപ്പെട്ടതിനെത്തുടര്‍ന്നാണു ശരത്തിനെ ബി.ജെ.പി പുറത്താക്കുന്നത്. ഇത്തവണ ബി.ജെ.പി ടിക്കറ്റ് നല്‍കിയിരിക്കുന്നതും നാഗരാജിനാണ്. സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസ് നിര്‍ത്തിയിരിക്കുന്നത് പദ്മാവതി സുരേഷിനെയും.

കഴിഞ്ഞതവണ ബി.ജെ.പിക്ക് ഇവിടെ ലഭിച്ചത് 91,000 വോട്ടാണ്. ഇത്തവണ അതില്‍ക്കൂടുതല്‍ നാഗരാജിനു കിട്ടുമെന്ന ബി.ജെ.പിയുടെ പ്രതീക്ഷയ്ക്കാണു ജനകീയനായ ശരത് വന്നതോടെ മങ്ങലേറ്റത്. യു.എസില്‍ നിന്ന് എം.എസ് പൂര്‍ത്തിയാക്കിയ ശരത്, ബെംഗളൂരുവിലെ നൂട്രാസ്യൂട്ടിക്കല്‍ കമ്പനിയില്‍ ചീഫ് എക്‌സിക്യൂട്ടീവാണ്.