കോഴിക്കോട്: ജില്ലയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വൈറല്‍ പനിക്ക് കാരണം നിപ്പ വൈറസ് എന്ന് സ്ഥിരീകരണം. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിതയാണ് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചത്. മണിപ്പാല്‍ വൈറോളജി ലാബില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് വൈറസ് തിരിച്ചറിഞ്ഞത്.

ഇന്ന് വൈകിട്ടാണ് വൈറസ് ബാധയേറ്റ് രണ്ട് പേര്‍ കൂടി മരിച്ചത്. കൂട്ടാലിട സ്വദേശി ഇസ്മയില്‍, കൊളത്തൂര്‍ സ്വദേശി വേലായുധന്‍ എന്നിവരാണ് മരിച്ചത്. രോഗലക്ഷണങ്ങളുമായി കൂടുതല്‍ പേര്‍ ചികിത്സ തേടിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ പരിധിയില്‍ നിന്നുള്ള ഒരാളും രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. ഇദ്ദേഹം സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.

പനി പ്രതിരോധിക്കാന്‍ ജില്ലതല ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാന്‍ ഉന്നത തലയോഗം തീരുമാനിച്ചിട്ടുണ്ട്. അടിയന്തര ചികിത്സ സഹായത്തിന്റെ ചുമതല ഈ ടാസ്‌ക് ഫൊഴ്സ് വഹിക്കും. മെഡിക്കല്‍ കോളേജില്‍ 25 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. സമാന വൈറസ് പനി കണ്ടെത്തിയവരെയാണ് നിരീക്ഷിക്കുന്നത്.

വൈറസ് ബാധയേറ്റ വവ്വാലുകള്‍, പന്നികള്‍ എന്നിവയില്‍ നിന്നാണ് രോഗം പടരുന്നത്. പനി, തലവേദന, തലകറക്കം എന്നിവയാണ് ലക്ഷണങ്ങള്‍ . ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ആരംഭിച്ചു.

നിപ്പാം വൈറസിനെതിരെ മുന്‍ കരുതല്‍ എടുക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് വിദഗ്ദര്‍. ഈ വൈറസ് ബാധിച്ചതിനു ശേഷമുള്ള ചികിത്സ വേണ്ടത്ര ഫലപ്രദമല്ലാത്തതിനാല്‍, രോഗബാധയ്ക്ക് മുന്നേയുള്ള പ്രതിരോധമാണ് ഏക പോംവഴി.

വൈറസ് പ്രതിരോധത്തിനായുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ ഇവിടെ വായിക്കാം.