“നിന്നെപ്പോലൊരു കലാകാരനെ കൊല്ലണമെങ്കില്‍ എന്റെ കൈകള്‍ പറിഞ്ഞുപോവണം. എനിക്കൊരു ഡാവിന്‍ചിയെ കൊല്ലാനാവില്ല”
“എങ്കിലും നീയെന്നെ പിന്തുടരുന്നത് എനിക്കിഷ്ടമല്ല. അതുകൊണ്ട് അത്യന്തം ബഹുമാനത്തോടെ എനിക്കിത് ചെയ്യേണ്ടിവരുന്നു.”![]()

കുട്ടികള്‍ക്കുള്ള നോവല്‍
ഭാഗം: ഇരുപത്
നോവല്‍ / ബാബു ഭരദ്വാജ്
വര/ മജ്‌നി തിരുവങ്ങൂര്‍
അവരിപ്പോള്‍ കൊടുമുടിക്ക് സമാന്തരമായാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇനിഗോ ഇപ്പോള്‍ കറുത്ത മനുഷ്യനെ പാറക്കൂട്ടങ്ങള്‍ക്കിടയിലേക്ക് തള്ളി നീക്കുകയാണ്. പെട്ടെന്ന് ഇനിഗോ ഒരു പാറയില്‍ ചാരി നിന്നുകൊണ്ട് അതിവേഗത്തില്‍ ആഞ്ഞുവെട്ടി.
ആദ്യത്തെ ചോര കറുത്ത മനുഷ്യന്റേതായിരുന്നു. അയാളുടെ ഇടതുകൈത്തണ്ടയില്‍ മുറിവേറ്റു. ചോര ഒഴുകാന്‍ തുടങ്ങി. പെട്ടെന്നു തന്നെ കറുത്ത മനുഷ്യന്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍നിന്ന് പിന്‍തിരിഞ്ഞ് തുറസ്സായ സ്ഥലത്തേക്ക് നീങ്ങാന്‍ തുടങ്ങി.[]
പിന്നെ കറുത്ത ആള്‍ ആഞ്ഞടിക്കാന്‍ തുടങ്ങി. യാതൊരു മുന്നറിയിപ്പുമില്ലാതെ. അതിന്റെ വേഗതയും ശക്തിയും ഭീതിജനകമായിരുന്നു. അയാളുടെ വാള്‍ വെട്ടിത്തിളങ്ങി. ഇനിഗോ പിന്മാറിത്തുടങ്ങി.
ഇനിഗോയ്ക്ക് ഈ ആക്രമണത്തിന്റെ രീതി അത്രയ്ക്ക് പരിചിതമല്ലായിരുന്നു. അതില്‍ ഒരു മക്‌ബോണ്‍ രീതിയുണ്ട്. അല്പം “കാപോ ഫെറോയും”. ഇനിഗോ പിന്മാറിക്കൊണ്ടിരുന്നു.
അതിനിടയില്‍ ആക്രമണം തടയാനുള്ള മാര്‍ഗ്ഗം അയാള്‍ ആലോചിച്ചുകൊണ്ടിരുന്നു. തന്റെ പിന്നില്‍ ഒരു ചുരമാണെന്ന കാര്യം ഇനിഗോയ്ക്കറിയാമായിരുന്നു. ചുരത്തിന്റെ വക്കിലേക്കാണ് അയാള്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും അറിയാമായിരുന്നു.
ചുരത്തിന്റെ വക്കിലെത്തിയപ്പോള്‍ മിന്നല്‍ പോലെ ഒരാശയം ഇനിഗോയുടെ മനസ്സിലുദിച്ചു. സരളമായ ഒരു “തിബാള്‍ട്ട് രീതി”കൊണ്ടിതിനെ ചെറുക്കാം. എങ്കിലും പെട്ടെന്നയാള്‍ അതുപയോഗിച്ചില്ല. കുറച്ചുസമയം കൂടി കറുത്തവന്‍ സന്തോഷിക്കട്ടെ എന്നു കരുതി. ജീവിതത്തില്‍ ഇത്തരം ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍ അപൂര്‍വ്വമായേ കിട്ടൂ.
ഇപ്പോള്‍ അയാള്‍ ചുരത്തിന്റെ വക്കിലാണ്.
കറുത്ത ആള്‍ മുന്നേറുകയാണ്.
ഇനിഗോ “തിബാള്‍ട്ട് രീതിയില്‍” തടുത്തു. നിഷ്ഫലം. കറുത്ത ആള്‍ അതു തടഞ്ഞു. എന്ത്? വീണ്ടും ഒരിക്കല്‍ക്കൂടി. അതും പാളിപ്പോയി.
ഇനിഗോ “കാപോ ഫെറോ” ഉപയോഗിച്ചു. പിന്നെ “സോണറ്റി”. ഒന്നും നടന്നില്ല. ഒടുക്കം ജീവിതത്തില്‍ രണ്ടു തവണ മാത്രം ഉപയോഗിച്ച് “സെയ്ന്‍ക്‌റ്‌റ്” രീതി പരീക്ഷിച്ചു. ഒന്നും നടന്നില്ല. കറുത്ത ആള്‍ ഇരച്ചുകയറുകയാണ്.
പക്ഷേ, ഇനിഗോ പരിഭ്രമിച്ചില്ല. ഒരു കാര്യം അയാള്‍ തീരുമാനിച്ചുകഴിഞ്ഞിരുന്നു. കറുത്ത മനുഷ്യന്‍ മരങ്ങള്‍ക്കിടയില്‍ സമര്‍ത്ഥനല്ല, പാറക്കൂട്ടത്തിലും. പക്ഷേ, വെളിംപ്രദേശത്ത് അയാളൊരു കൊടുങ്കാറ്റാണ്. കറുത്ത മുഖംമൂടി ധരിച്ച ഇടംകയ്യന്‍ കൊടുങ്കാറ്റ്.
“നിങ്ങള്‍ സമര്‍ത്ഥനാണ്”- ഇനിഗോ പറഞ്ഞു. അയാളുടെ ഇടതുകാല്‍ ചുരത്തിന്റെ വക്കിലാണ്. ഇനി പിന്നോട്ട് നീങ്ങാന്‍ ഇടമില്ല.
“നന്ദി, ഇങ്ങനെയാവാന്‍ ഞാന്‍ നന്നെ പണിപ്പെട്ടിട്ടുണ്ട്.”- കറുത്തവന്‍.

“നിങ്ങള്‍ എന്നേക്കാള്‍ സമര്‍ത്ഥനാണ്”- ഇനിഗോ.
“അങ്ങനെ തോന്നുന്നു. അത് ശരിയാണെങ്കില്‍ പിന്നെ നിങ്ങളെന്തിനാണ് പുഞ്ചിരിക്കുന്നത്”- കറുത്തവന്‍.
“കാരണം, എനിക്കറിയാവുന്ന ഒരു കാര്യം നിങ്ങള്‍ക്കറിയില്ല”- ഇനിഗോ.
“എന്താണത്?” കറുത്തവന്‍.
“ഞാന്‍ ഇടംകയ്യനല്ല”- ഇനിഗോ വാള്‍ തന്റെ വലംകൈയിലേക്ക് മാറ്റി. ഇപ്പോള്‍ കാറ്റ് മാറിവീശാന്‍ തുടങ്ങി. ആ വമ്പന്‍ വാളിന്റെ കൊടുങ്കാറ്റില്‍ കറുത്ത മനുഷ്യന്‍ ആടി ഉലയാന്‍ തുടങ്ങി. അയാളുടെ ഇടതുകൈയില്‍നിന്ന് ചോരപൊടിയാന്‍ തുടങ്ങി.
മുറിവുകള്‍ ഗുരുതരമായിരുന്നില്ല. എന്നാലും വീണ്ടും വീണ്ടും മുറിവുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. പക്ഷേ, കറുത്ത ആള്‍ ഒട്ടും അധീരനായില്ല. അയാള്‍ ദയയ്ക്കുവേണ്ടി കെഞ്ചിയില്ല. “നിങ്ങള്‍ സമര്‍ത്ഥനാണ്”- കറുത്ത മുഖംമൂടി വിളിച്ചുപറഞ്ഞു.
“നന്ദി, ശരിക്കും അദ്ധ്വാനിച്ചുണ്ടാക്കിയ സാമര്‍ത്ഥ്യമാണ്” – ഇനിഗോ.
മരണം അടുത്തടുത്തുവന്നുകൊണ്ടിരുന്നു. ആ വാളില്‍നിന്നിനി അയാള്‍ക്ക് രക്ഷയില്ല. ഒടുക്കം അയാള്‍ വിളിച്ചുപറഞ്ഞു:
“നിങ്ങള്‍ക്കത് പറയാന്‍ പറ്റില്ല. കാരണം ഞാനൊരു മുഖംമൂടി ധരിക്കുന്നുണ്ട്. ഞാനിപ്പോള്‍ പുഞ്ചിരിക്കുന്നുണ്ട്”- കറുത്ത മുഖംമൂടി.
“എന്തിന്?”- ഇനിഗോ.
“കാരണം, ഞാനും ഇടംകയ്യനല്ല”- കറുത്ത മുഖംമൂടി മിന്നല്‍ വേഗത്തില്‍ വാള്‍ വലംകൈയിലേക്ക് മാറ്റി. ഇപ്പോള്‍ രണ്ടു കൊടുങ്കാറ്റുകളാണ് ഏറ്റുമുട്ടുന്നത്. ഇനിഗോ പിന്മാറാന്‍ തുടങ്ങി.
“നിങ്ങളാരാണ്?”- ഇനിഗോ.
ഇനിഗോ താഴെ മുട്ടുകുത്തി നിന്നു. തല കുമ്പിട്ടു. കണ്ണുകളടച്ചു. എന്നിട്ടൊട്ടും വികാരക്ഷോഭമില്ലാതെ പറഞ്ഞു: ‘വേഗം തീര്‍ക്കണം.’
“അത്ര പ്രധാനിയൊന്നുമല്ല. വാളിന്റെ മറ്റൊരു കാമുകന്‍”- മുഖംമൂടി.
“എനിക്കറിയണം”- ഇനിഗോ.
“നിരാശപ്പെടേണ്ടി വരും”- മുഖംമൂടി.
ഇപ്പോള്‍ മുഖംമൂടിക്ക് തന്നെയാണ് മുന്‍കൈ. അത്രയധികമൊന്നുമില്ല. ഒരു മുടിനാരിഴയ്ക്ക് തുല്യം. പക്ഷേ, അത് ധാരാളം മതിയായിരുന്നു.
ഒടുക്കം ഇനിഗോയുടെ കയ്യില്‍നിന്ന് ആ വമ്പന്‍ ആറുവിരല്‍വാള്‍ തെറിച്ചുപോയി. ഇനിഗോ തോറ്റു.
ഇനിഗോ താഴെ മുട്ടുകുത്തി നിന്നു. തല കുമ്പിട്ടു. കണ്ണുകളടച്ചു. എന്നിട്ടൊട്ടും വികാരക്ഷോഭമില്ലാതെ പറഞ്ഞു: “വേഗം തീര്‍ക്കണം.”
“നിന്നെപ്പോലൊരു കലാകാരനെ കൊല്ലണമെങ്കില്‍ എന്റെ കൈകള്‍ പറിഞ്ഞുപോവണം. എനിക്കൊരു ഡാവിന്‍ചിയെ കൊല്ലാനാവില്ല”- മുഖംമൂടി.
“എങ്കിലും നീയെന്നെ പിന്തുടരുന്നത് എനിക്കിഷ്ടമല്ല. അതുകൊണ്ട് അത്യന്തം ബഹുമാനത്തോടെ എനിക്കിത് ചെയ്യേണ്ടിവരുന്നു.”
ഇത്രയും പറഞ്ഞതിനുശേഷം മുഖംമൂടി തന്റെ വാളിന്റെ പിടികൊണ്ട് ഇനിഗോയുടെ തലയ്‌ക്കൊരു തട്ടുകൊടുത്തു. ഇനിഗോ ബോധംകെട്ട് നിലത്തു വീണു. മുഖംമൂടി വേഗംതന്നെ ഇനിഗോയെ ഒരു മരത്തോട് കൂട്ടിക്കെട്ടി.
ഇനിഗോ ഉറങ്ങി. നിസ്സഹായനായി.
മുഖംമൂടി തന്റെ വാള്‍ ഉറയിലിട്ടു. എന്നിട്ട് സിസിലിയനും തുര്‍ക്കിയും ബട്ടര്‍കപ്പും പോയ വഴിയേ ഇരുട്ടിലേക്കൂളിയിട്ടു.
തുടരും..
![]()
ബാബു ഭരദ്വാജ്
കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15-ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഡൂള്‍ന്യൂസ് ചീഫ് എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.
![]()
വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)
അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931-ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
മുന്‍ ഭാഗങ്ങള്‍ വായിക്കൂ…
