ന്യൂദല്‍ഹി: ദല്‍ഹി എന്‍.സി.ആര്‍ മേഖലയില്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന ലൈംഗികാതിക്രമ കേസുകളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി.

2012ലെ നിര്‍ഭയ കൂട്ടബലാത്സംഗക്കേസിന് പിന്നാലെ രാജ്യം വലിയ ചര്‍ച്ചകള്‍ക്കും നിയമപരമായ മാറ്റങ്ങള്‍ക്കും സാക്ഷിയായിട്ടും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയില്‍ കാര്യമായ മാറ്റമുണ്ടായോ എന്ന ചോദ്യമാണ് കോടതി ഉയര്‍ത്തിയത്.

ദല്‍ഹിയിലെ ആസ്താ കുഞ്ച് പാര്‍ക്കില്‍ പതിനേഴ്കാരിയെ കൂട്ടബലാത്സംഗം ചെയ്തതുള്‍പ്പെടെ സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്ത നിരവധി കേസുകളാണ് സുപ്രീം കോടതി സ്വമേധയാ പരിഗണിച്ചത്.

സ്വരൂപ് നഗറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരായ കൂട്ടബലാത്സംഗവും ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് ദല്‍ഹിയിലേക്ക് പോകുന്ന ബസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമവും കോടതി പരിഗണിച്ച സംഭവങ്ങളില്‍ ഉള്‍പ്പെടുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘2012ലെ നിര്‍ഭയ കേസുമായി വേദനാജനകമായ സമാനത കാണാതിരിക്കാനാകില്ല. അന്ന് ഉണ്ടായ സംഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചിട്ടുണ്ടോ?,’ എന്നായിരുന്നു ബെഞ്ചിന്റെ പരാമര്‍ശം.

പൊതുസ്ഥലങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി. പാര്‍ക്കുകള്‍, റോഡുകള്‍, ബസുകള്‍, മെട്രോ സ്റ്റേഷനുകള്‍, അടിപ്പാതകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങള്‍ സുരക്ഷാ സംവിധാനങ്ങളുടെ അഭാവം മൂലം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അപകടമേഖലകളായി മാറാന്‍ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മതിയായ പൊലീസ് പട്രോളിങ്ങും നിരീക്ഷണ സംവിധാനങ്ങളും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും കോടതി നിരീക്ഷിച്ചു.

സെപ്റ്റംബര്‍ മാസത്തിന്റെ തുടക്കം മുതല്‍ ദല്‍ഹിയിലും സമീപ ജില്ലകളിലുമായി കുറഞ്ഞത് 13 ബലാത്സംഗ, ലൈംഗികാതിക്രമ കേസുകള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വീടുകള്‍, ഹോട്ടലുകള്‍, കടകള്‍, ജനവാസമേഖലകള്‍ തുടങ്ങി പൊതുസ്ഥലങ്ങള്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളിലാണ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

2012ലെ നിര്‍ഭയ സംഭവം രാജ്യത്തെ നടുക്കിയിരുന്നു. 14 വര്‍ഷങ്ങള്‍ക്കിപ്പുറവും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പൊതുസ്ഥലങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്നത് വലിയ ആശങ്കയാണെന്നും സുപ്രീം കോടതി പറഞ്ഞു.

Content Highlights: A repeat of the Nirbhaya case; Supreme Court takes suo motu cognizance of rape cases in Delhi.