തെരഞ്ഞെടുപ്പ് ദിവസം വോട്ടുചെയ്യാന്‍ നീണ്ട നിരകള്‍ കാണുമ്പോള്‍ ജനാധിപത്യം സുരക്ഷിതമാണെന്ന് നാം കരുതും. എന്നാല്‍ വോട്ടര്‍മാര്‍ക്ക് തങ്ങളുടെ ഹിതം സ്വതന്ത്രമായി രേഖപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍, ആ വോട്ടെടുപ്പിന് എന്ത് അര്‍ഥമാണുള്ളത്?

ഹുസ്‌നി മുബാറക്കിന്റെ കാലത്ത് ഈജിപ്തില്‍ നടന്ന തെരഞ്ഞെടുപ്പുകള്‍ ഓര്‍മ വരുന്നു. 1999-ല്‍ അദ്ദേഹത്തിന് 93.79 ശതമാനം അനുകൂല വോട്ട് ലഭിച്ചുവെന്നായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. അന്ന് വാര്‍ത്തകളില്‍ വായിച്ച ആ വന്‍ വിജയത്തിനൊപ്പം അധികം ചര്‍ച്ച ചെയ്യപ്പെടാതെ പോയൊരു കാര്യമുണ്ടായിരുന്നു, പ്രസിഡന്റ് സ്ഥാനത്തേക്ക് മുബാറക്കല്ലാതെ മറ്റൊരു സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല ! ഇറാഖില്‍ സദ്ദാം ഹുസൈനും ഒരു ഹിത പരിശോധന നടത്തി.

2002-ല്‍ വോട്ടുചെയ്യാന്‍ അര്‍ഹരായ എല്ലാവരും വോട്ടുചെയ്തുവെന്നും രേഖപ്പെടുത്തിയ വോട്ടുകള്‍ മുഴുവന്‍ സദ്ദാമിന് അനുകൂലമായിരുന്നുവെന്നുമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബെലാറസിലെ 2020-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഫലത്തില്‍ കൃത്രിമം നടന്നെന്ന ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നു.

അന്ന് ബെലാറസിലെ പ്രസിഡണ്ട് സ്ഥാനാര്‍ഥിക്ക് എണ്‍പത് ശതമാനത്തിലധികവും പ്രധാന എതിര്‍ സ്ഥാനാര്‍ഥിക്ക് 10 ശതമാനവും മാത്രമാണെന്ന ഫലമായിരുന്നു പുറത്ത് വന്നത്. തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വവുമായിരുന്നില്ലെന്ന് വിലയിരുത്തിയ യൂറോപ്യന്‍ യൂണിയന്‍ ഔദ്യോഗിക ഫലം അംഗീകരിച്ചില്ല.

ഈ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് ചരിത്രം ഉയര്‍ത്തുന്ന ചോദ്യം മറ്റൊരു രൂപത്തില്‍ ഇന്ന് ഇന്ത്യയെയും അലട്ടുന്നു. തെരഞ്ഞെടുപ്പ് നടക്കുന്നു എന്നതുകൊണ്ടുമാത്രം ജനാധിപത്യം സുരക്ഷിതമാണോ? വോട്ടര്‍ക്ക് തന്റെ പേര് പട്ടികയില്‍ ഉണ്ടാകുമെന്നും തന്റെ വോട്ട് ശരിയായി രേഖപ്പെടുത്തപ്പെടുമെന്നും ഫലം നിഷ്പക്ഷമായി തീരുമാനിക്കപ്പെടുമെന്നും വിശ്വാസമില്ലെങ്കില്‍, തെരഞ്ഞെടുപ്പിന്റെ അര്‍ഥം എന്താണ്?

കുറച്ചുകാലമായി ഇന്ത്യയില്‍ ഈ വിശ്വാസത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. രാഹുല്‍ ഗാന്ധി ‘വോട്ട് ചോരി’ എന്ന പേരില്‍ വോട്ടര്‍പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ച് പലപ്പോഴായി തെളിവുകളോടെ ആരോപണം ഉന്നയിച്ചു. കര്‍ണാടകയിലെ മഹാദേവപുര മണ്ഡലത്തെക്കുറിച്ച് അദ്ദേഹം കണക്കുകള്‍ സഹിതം ആരോപണം ഉന്നയിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അത് തള്ളിക്കളഞ്ഞു.

അതുപോലെ, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെയും വോട്ട് രേഖപ്പെടുത്തിയെന്ന് കാണിക്കുന്ന വി.വി.പാറ്റ് സ്ലിപ്പുകളുടെ പരിശോധനയെയും കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ വര്‍ഷങ്ങളായി കൂടുതല്‍ സുതാര്യത ആവശ്യപ്പെടുന്നു. വലിയൊരു വിഭാഗം രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് നടപടികളില്‍ വിശ്വാസക്കുറവ് പ്രകടിപ്പിക്കുന്നു എന്നത് ഗൗരവമുള്ള കാര്യമാണ്.

വോട്ടര്‍പട്ടികയും വോട്ടിങ് സംവിധാനവും സംബന്ധിച്ച് ഉയരുന്ന ന്യായമായ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കേണ്ട ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. ദി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഇപ്പോള്‍ പുറത്തുവന്ന പുതിയ അന്വേഷണ റിപ്പോര്‍ട്ട് ഏറെ ഗൗരവപരമാണ് .

മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് അംഗങ്ങളായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും പത്തു മാസത്തിനിടെ കുറഞ്ഞത് 14 തവണ രേഖാമൂലം എതിര്‍പ്പുകളോ ചോദ്യങ്ങളോ ഉന്നയിച്ചുവെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്.

തങ്ങളുടെ അറിവോ അംഗീകാരമോ ഇല്ലാതെ കമ്മീഷന്റെ പേരില്‍ ചില തീരുമാനങ്ങളും ഉത്തരവുകളും പുറപ്പെടുവിച്ചുവെന്നായിരുന്നു അവരുടെ പരാതി. പുതിയ വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍, വോട്ടര്‍പട്ടികയിലെ പേരുകള്‍ നീക്കലും തിരികെ ചേര്‍ക്കലും, പട്ടിക നിയന്ത്രിക്കുന്ന സോഫ്റ്റ്വെയറിന്റെ അധികാരം എന്നിവയെല്ലാം ഈ ചോദ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

ആര്‍ക്കെല്ലാം വോട്ടുചെയ്യാം എന്ന് തീരുമാനിക്കുന്ന പട്ടികയുടെ മേല്‍നോട്ടം ആരുടെ കൈയിലാണ്? പുതിയ വോട്ടറായി പേര് ചേര്‍ക്കാനുള്ള ഫോം 6-ല്‍ വരുത്തിയ മാറ്റം ചട്ടപ്രകാരമാണോ എന്ന് രണ്ട് കമ്മീഷണര്‍മാര്‍ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

ഒരു വോട്ടറുടെ പേര് പട്ടികയില്‍ ചേര്‍ക്കണമോ എന്ന് തീരുമാനിക്കാനുള്ള അധികാരം പ്രാദേശിക തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനാണ്. എന്നാല്‍ അദ്ദേഹം പേര് ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടും കമ്പ്യൂട്ടര്‍ സംവിധാനം അതിന് അനുവദിക്കുന്നില്ലെങ്കില്‍, ആ വോട്ടറുടെ പേര് പട്ടികയില്‍ വരില്ല. ഉദ്യോഗസ്ഥന്റെ തീരുമാനം പോലും നടപ്പാക്കാന്‍ കഴിയാത്തവിധം സോഫ്റ്റ്വെയര്‍ നിയന്ത്രിക്കുന്നത് ആരാണ്? ഇതായിരുന്നു കമ്മീഷണര്‍മാര്‍ ഉന്നയിച്ച ആശങ്ക.

ഗോവയില്‍ 97 പേരുടെ അനുഭവം റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്. രേഖകള്‍ പരിശോധിച്ച പ്രാദേശിക ഉദ്യോഗസ്ഥര്‍ ഇവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അര്‍ഹരാണെന്ന് കണ്ടെത്തിയിട്ടും, സോഫ്റ്റ്വെയറിലെ നിയന്ത്രണം കാരണം അന്തിമ പട്ടികയില്‍ പേരുകള്‍ ചേര്‍ക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്തെ കോടിക്കണക്കിന് വോട്ടര്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ 97 ചെറിയ സംഖ്യയായിരിക്കാം. എന്നാല്‍ ഇത് പോലെ പട്ടികയില്‍നിന്ന് രാജ്യമെമ്പാടും എത്ര പേര്‍ ഒഴിവാക്കപ്പെട്ടു എന്ന ചോദ്യം ഇവിടെ ഉയരുകയാണ്.

ഓരോ രേഖാമൂലമുള്ള എതിര്‍പ്പും എങ്ങനെ പരിഹരിച്ചു, ഫോം 6-ലെ മാറ്റത്തിന് ആരാണ് അംഗീകാരം നല്‍കിയത്, അര്‍ഹരെന്ന് കണ്ടെത്തിയ വോട്ടര്‍മാരുടെ പേരുകള്‍ എന്തുകൊണ്ട് ചേര്‍ക്കാനായില്ല എന്നീ ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് ഇതേവരെ മറുപടിയില്ല.

ഇവിടെയാണ് ആശങ്ക കൂടുതല്‍ ഗൗരവമാകുന്നത്. രാഹുല്‍ ഗാന്ധിയോ പ്രതിപക്ഷ പാര്‍ട്ടികളോ തെരഞ്ഞെടുപ്പ് നടപടികളെ ചോദ്യം ചെയ്യുമ്പോള്‍, പൗരന്മാര്‍ സ്വാഭാവികമായി മറുപടിക്കായി നോക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കാണ്. സംശയങ്ങള്‍ ദൂരീകരിക്കേണ്ട സ്ഥാപനത്തിന്റെ രണ്ട് അംഗങ്ങള്‍ തന്നെ തീരുമാനമെടുക്കുന്ന രീതിയെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചതായി വാര്‍ത്ത വരുമ്പോള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങിനെ വിശ്വാസം വീണ്ടെടുക്കും?

മുബാറക്കിന്റെ ഈജിപ്‌തോ സദ്ദാമിന്റെ ഇറാഖോ ബെലാറസോ സഞ്ചരിച്ച വഴിയിലേക്ക് ഇന്ത്യ ഒരിക്കലും നീങ്ങാതിരിക്കാനുള്ള ജാഗ്രത ഓരോ ഇന്ത്യന്‍ പൗരന്റെയും ഉത്തരവാദിത്വമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രമാണെന്ന് ആവര്‍ത്തിച്ചു പറയുന്നതുകൊണ്ട് ജനങ്ങളുടെ സംശയം മാറില്ല.

ആരാണ് തീരുമാനങ്ങളെടുത്തത്, രണ്ട് കമ്മീഷണര്‍മാരുടെ രേഖാമൂലമുള്ള എതിര്‍പ്പുകള്‍ എന്തുകൊണ്ട് പരിഗണിക്കപ്പെട്ടില്ല, അര്‍ഹരായ പൗരന്മാര്‍ക്ക് വോട്ടവകാശം നഷ്ടപ്പെടാതിരിക്കാന്‍ എന്തു നടപടികളാണ് സ്വീകരിച്ചത്, ഇതിനെല്ലാം രേഖകള്‍ സഹിതം മറുപടി നല്‍കണം. ജനാധിപത്യത്തിന്റെ കാവല്‍ക്കാരനാണെന്ന് അവകാശപ്പെടുന്ന സ്ഥാപനത്തിന് ആ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല.

ജനാധിപത്യത്തെ അപകടത്തിലാക്കാന്‍ തെരഞ്ഞെടുപ്പുകള്‍ നിര്‍ത്തലാക്കണമെന്നില്ല. തെരഞ്ഞെടുപ്പുകള്‍ നടത്തിക്കൊണ്ടുതന്നെ ജനങ്ങളുടെ തെരഞ്ഞെടുക്കാനുള്ള അവകാശം കവര്‍ന്നെടുക്കപ്പെടുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്.

ഇത് തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കും. ആ വിശ്വാസം പൂര്‍ണമായി നഷ്ടപ്പെടുന്നതിന് മുമ്പ്, സംശയങ്ങള്‍ ദൂരീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമായ മറുപടി നല്‍കണം.

അതിന് കഴിയുന്നില്ലെങ്കില്‍, പരാതികള്‍ സ്വതന്ത്രമായി പരിശോധിക്കപ്പെടുന്നുവെന്നും ഓരോ പൗരന്റെയും വോട്ടവകാശം സംരക്ഷിക്കപ്പെടുന്നുവെന്നും ഉറപ്പാക്കാന്‍ നീതിന്യായ വ്യവസ്ഥ ഇടപെടണം. ജനാധിപത്യം നിലനില്‍ക്കുന്നത് തെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ മാത്രമല്ല. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നിലനില്‍ക്കുമ്പോള്‍ കൂടിയാണ്.

സ്വന്തം വോട്ട് സുരക്ഷിതമാണോ എന്ന് പൗരന്‍ ഭയത്തോടെ ചോദിക്കേണ്ടിവരുന്നിടത്ത്, ജനാധിപത്യത്തിന്റെ ഭാവി വലിയ ചോദ്യമായി മാറുന്നു.

Content Highlight: