ആദ്യ സിനിമയുടെ പരാജയത്തിന് ശേഷം മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ നടനാണ് ഫഹദ് ഫാസിൽ. പിന്നീടിങ്ങോട്ട് തന്റെ അഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് നടൻ. ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.മൂന്ന് സംസ്ഥാന അവാർഡും ഒരു ദേശീയ അവാർഡും അദ്ദേഹം സ്വന്തമാക്കി. മലയാളത്തിന് പുറത്ത് മികച്ച സിനിമകളുടെ ഭാഗമാകാൻ ഫഹദിന് സാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഡോണ്ട് ട്രബിൾ ദി ട്രബിൾ എന്ന ഫഹദ് ഫാസിൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടൻ വിജയിയുമായിട്ടുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. അച്ഛൻ ഫാസിൽ സംവിധാനം ചെയ്ത വിജയ് നായകനായ കാതലുക്കു മരിയാതൈ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് വിജയിയെ പരിചയപ്പെടുന്നതെന്നും നടൻ പറഞ്ഞു.

ഫഹദ് ഫാസിൽ.Photo. Screen Grab/ Youtube
വിജയ്‌ക്കൊപ്പം ഒരു പരസ്യത്തിൽ അഭിനയിച്ച അനുഭവവും താരം പങ്കുവെച്ചു. ഏകദേശം 15 വർഷം മുമ്പ്, 2013-ലെ കാലയളവിലാണ് വിജയ് സാറിനൊപ്പം ആഡ് ചെയ്തതെന്നും, താൻ ഒരു നടനാകുമെന്ന് ആദ്യമായി തന്നോട് പറഞ്ഞത് വിജയ് ആയിരുന്നെന്നും ഫഹദ് പറഞ്ഞു.
‘ജീവിതത്തിൽ ആദ്യമായിട്ട് ഞാൻ ഒരു നടനാകുമെന്ന് എന്നോട് പറഞ്ഞത് വിജയ് സാറാണ്. അതിന് മുമ്പ് അദ്ദേഹത്തെ ‘കാതലുക്കു മരിയാതൈ’ എന്ന സിനിമയുടെ സെറ്റിൽ വെച്ച് കണ്ടതായി എനിക്ക് ഓർമയുണ്ട്. ആ സിനിമ നമ്മുടെ വീട്ടിൽ ആയിരുന്നു ഷൂട്ട് ചെയ്തിരുന്നത്. ഏതോ വെക്കേഷൻ സമയത്താണ്. അന്ന് ഞാൻ പന്ത്രണ്ടാം ക്ലാസിലോ മറ്റോ ആണ്,’ ഫഹദ് പറഞ്ഞു.
വിജയ്‌യെ ആദ്യമായി കണ്ട ആ സമയത്ത് സിനിമയെക്കുറിച്ചുള്ള കാര്യങ്ങൾ മാത്രമാണ് സംസാരിച്ചതെന്നും ഫഹദ് ഓർത്തെടുത്തു. അന്ന് ഇരുവരും തമ്മിൽ വ്യക്തിപരമായി ആഴത്തിലുള്ള സംഭാഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വിജയ്. Photo. Screen Grab/ Youtube
‘അന്ന് ഡീപ് ആയിട്ട് ഒന്നും നമ്മൾ സംസാരിച്ചിട്ടില്ല. പൊളിറ്റിക്സിനെക്കുറിച്ചൊന്നും അന്ന് സംസാരിച്ചിരുന്നില്ല. ‘കണ്ണുക്കുൾ നിലാവ്’ സിനിമയുടെ സമയത്ത് ‘ഖുഷി’ പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു. അതിന്റെ ഐഡിയയെക്കുറിച്ചൊക്കെ സംസാരിച്ചിരുന്നു. അന്നൊക്കെ സിനിമയെപ്പറ്റി മാത്രമായിരുന്നു സംസാരിച്ചത്,’ ഫഹദ് പറഞ്ഞു.
Content Highlights: Actor Fahad fasil talks about vijay
