വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 8 വിക്കറ്റിന്റെ വിജയമാണ് ഗില്ലും സംഘവും കൈക്കലാക്കിയത്.
വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 296 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും വിരാട് കോഹ്‌ലിയുടെയും കരുത്തില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു.
ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം കഴിഞ്ഞപ്പോള്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചു.
ടോസ് നേടിയ ഇന്ത്യ ആദ്യം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 295 റൺസ് നേടി. ജസ്റ്റിൻ ഗ്രീവ്സ് 108 പന്തിൽ 101 റൺസും ജോൺ കാംപ്ബെൽ 60 പന്തിൽ 62 റൺസും അമീർ ജാംഗൂ 43 പന്തിൽ പുറത്താകാതെ 58 റൺസും നേടിക്കൊണ്ട് ടീമിനായി സ്കോർ നില മെച്ചപ്പെടുത്തി. കുൽദീപ് യാദവിന്റെ മികച്ച ബൗളിങ് പ്രകടനമാണ് വെസ്റ്റ് ഇൻഡീസിന്റെ അടിത്തറ ഇളക്കിയത്.

വിരാട് കോഹ്‌ലിയും ശുഭ്മൻ ഗില്ലും
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 41.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 300 റൺസ് നേടി എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാകുകയിരുന്നു. ശുഭ്മൻ ഗിൽ 108 പന്തിൽ 110 റൺസും വിരാട് കോഹ്‌ലി 88 പന്തിൽ പുറത്താകാതെ 139 റൺസും നേടി ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടു. രോഹിത് ശർമ 35 പന്തിൽ 32 റൺസും ഋതുരാജ് ഗൈക്വത് 19 പന്തിൽ പുറത്താകാതെ 13 റൺസും നേടി.
മത്സരത്തിൽ നിരവധി റെക്കോഡുകളാണ് താരങ്ങൾ വാരികൂട്ടിയത്. അതിൽ മിക്കവയും ഇന്ത്യൻ ഇതിഹാസം വിരാട് കോഹ്ലിക്ക് സ്വന്തമായിരുന്നു.
മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന് ടെന്‍ഡുല്‍ക്കറിന് ശേഷം ഏകദിനത്തില്‍ 15,000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടമായിരുന്നു വിരാടിലേക്ക്
എത്തിച്ചേർന്നത്.
ഇതെകൂടാതെ മറ്റൊരു പട്ടികയിൽ നിന്നും സച്ചിനെ പിന്നിലാക്കിയിരിക്കുകയാണ് കോഹ്‌ലി. ഹോം ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന പട്ടികയിൽ നിന്നാണ് കോഹ്‌ലി സച്ചിനെ പിന്തള്ളിക്കൊണ്ട് ഒന്നാമതെത്തിയത്. 7006 റൺസാണ് കോഹ്‌ലി നേടിയത്.

വിരാട് കോഹ്‌ലിയും സച്ചിൻ ടെണ്ടുൽക്കറും
ഹോം ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവർ
(റൺസ്, താരം, ബാറ്റിങ് ശരാശരി എന്നി ക്രമത്തിൽ)
7006 – വിരാട് കോഹ്‌ലി – 63.69*
6976 – സച്ചിൻ ടെൻഡുൽക്കർ – 48.11
5406 – റിക്കി പോണ്ടിങ് – 39.17
5249 – രോഹിത് ശർമ – 55.25
5178 – ജാക്വിസ് കാലിസ് – 46.64
4724 – കുമാർ സംഗക്കാര – 40.72
4351 – എം.എസ് ധോണി – 53.71
പരമ്പരയിലെ രണ്ടാം മത്സരം സെപ്റ്റംബര്‍ 30ന് ഗുവാഹത്തിയിലെ ബര്‍സാപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലും, മൂന്നാം മത്സരം ഒക്ടോബര്‍ മൂന്നിന് ന്യൂ ചണ്ഡീഗഢ് മഹാരാജ യാദവീന്ദ്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലും നടക്കും.
Content Highlights: Kohli surpassed Sachin to take the top spot in the list of highest run-scorers in home ODIs
