കുടുംബങ്ങളെ ഒന്നിച്ച് ചേര്‍ക്കുന്ന വിഷയം രാഷ്ട്രീയ തന്ത്രങ്ങള്‍ക്കായി ഉപയോഗിക്കരുത്; ഗസയില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടി തടയരുത്: കത്തയച്ച് ബ്രിട്ടീഷ് എം.പിമാര്‍
പാരീസ്: ഗസയില്‍ നിന്നുള്ള സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിക്കല്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ തടയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍. ഫലസ്തീനികളുടെ ഒഴിപ്പിക്കല്‍ നടപടികള്‍ തടസപ്പെടുത്തരുതെന്നാവശ്യപ്പെട്ട് 85 ലധികം ബ്രിട്ടീഷ് എം.പിമാര്‍ ആഭ്യന്തര സെക്രട്ടറി ഷബാന മഹമൂദിന് സംയുക്തമായി കത്തയച്ചു.
ലേബര്‍ പാര്‍ട്ടി എം.പി കിം ജോണ്‍സിന്റെ നേതൃത്വത്തിലാണ് വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള ജനപ്രതിനിധികള്‍ സര്‍ക്കാരിന് കത്തയച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി അഭയാര്‍ത്ഥികളുടെ ‘കുടുംബ പുനസംഗമ അപേക്ഷകള്‍’ യു.കെ ആഭ്യന്തര ഓഫീസ് താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ പുതിയ നയങ്ങള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല.
ഇതോടെ യു.കെയില്‍ കഴിയുന്ന തങ്ങളുടെ അടുത്ത ബന്ധുക്കളുടെ അടുത്തേക്ക് വരാനായി മുന്‍കൂട്ടി അപേക്ഷ നല്‍കിയ ഗസയിലെ നിരവധി കുടുംബങ്ങളുടെ യാത്ര നടപടികള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കുടുംബങ്ങളെ ഒന്നിച്ചുചേര്‍ക്കുന്ന വിഷയം രാഷ്ട്രീയ തന്ത്രങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് എം.പി കിം ജോണ്‍സണ്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
‘ഗസയിലെ ഭീകരാവസ്ഥ നേരിടുന്ന കുടുംബങ്ങള്‍ക്ക് ഇത് വെറുമൊരു അപേക്ഷയല്ല, ജീവനാഡിയാണ്. സുരക്ഷിതത്വത്തിലേക്കുള്ള ഏക പ്രതീക്ഷയും പ്രിയപ്പെട്ടവരെ വീണ്ടും കാണാനുള്ള അവസാന അവസരവുമാണിത്. സഹിക്കാനാവാത്ത നഷ്ടങ്ങളും മാനസിക ആഘാതങ്ങളും നേരിടുന്ന ഈ സമയത്ത് ഉദ്യോഗസ്ഥവൃന്ദത്തിന്റെ അനാവശ്യ തടസങ്ങള്‍ കാരണം മനുഷ്യത്വം നിഷേധിക്കപ്പെടരുത്,’ അവര്‍ കൂട്ടിച്ചേര്‍ത്തു
മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് നല്‍കുന്ന അതേ പരിഗണന ഗസയിലെ ഫലസ്തീനികള്‍ക്കും ലഭ്യമാക്കണമെന്നും, അനുമതി ലഭിച്ച എല്ലാവരെയും ഉടന്‍ തന്നെ യു.കെയിലേക്ക് മാറ്റാന്‍ വിദേശകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും എം.പിമാര്‍ കത്തില്‍ ആവശ്യപ്പെട്ടു.
Content Highlight: British MPs write letter stating that the issue of reuniting families should not be used for political maneuvering and that evacuation efforts from Gaza must not be obstructed.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.