ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസ് വിവാഹിതനായി. സ്പാനിഷ് സ്‌പോര്‍ട്‌സ് ബിസിനസുകാരിയും ഫിഫ ലൈസന്‍സുള്ള ഏജന്റുമായ സുഹൈല അല്‍ താഹിരിയാണ് അദ്ദേഹത്തിന്റെ ജീവിതപങ്കാളി. സ്‌പെയിനിലും ബ്രസീലിലുമായി നടന്ന സ്വകാര്യ ചടങ്ങുകളിലാണ് ഇരുവരും വിവാഹിതരായത്.
റയല്‍ മാഡ്രിഡിന്റെയും ബ്രസീലിന്റെയും സൂപ്പര്‍ താരമായിരുന്ന റോബര്‍ട്ടോ കാര്‍ലോസും സുഹൈലയും തമ്മില്‍ വിവാഹിതരായ വിവരം സ്പാനിഷ് ടെലിവിഷന്‍ പരിപാടിയായ ഫിയെസ്റ്റയാണ് ആദ്യം പുറത്തുവിട്ടത്. ജനുവരി മാസമാണ് ഇരുവരും വിവാഹിതരായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

റോബര്‍ട്ടോ കാര്‍ലോസും ഭാര്യ സുഹൈല അല്‍ താഹിരിയും
ജൂലൈ 25ന് ബ്രസീലില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായ മറ്റൊരു കുടുംബ ചടങ്ങും നടത്തി. വധുവിന്റെ മൊറോക്കന്‍ പാരമ്പര്യത്തെ സൂചിപ്പിക്കുന്ന ചില സാംസ്‌കാരിക ചടങ്ങുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു.
മൊറോക്കന്‍ വേരുകളുള്ള സ്പാനിഷ് പൗരയായ സുഹൈല അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് രംഗത്ത് സജീവമാണ്. ഫുട്‌ബോള്‍ താരങ്ങളുടെ കരിയര്‍ മാനേജ്‌മെന്റിലും ബിസിനസ് രംഗത്തും സജീവമായ അവര്‍, റോബര്‍ട്ടോ കാര്‍ലോസുമായി ചേര്‍ന്ന് ബ്രസീലിലും യൂറോപ്പിലും വിവിധ സംരംഭങ്ങള്‍ നടത്തിവരുന്നുണ്ട്. പ്രൊഫഷണല്‍ ബന്ധത്തിലൂടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദം പിന്നീട് ജീവിതപങ്കാളികളാകുന്നതിലേക്ക് വഴിമാറിയത്.
