2026 ലോകകപ്പില്‍ ആദ്യ വിജയം സ്വന്തമാക്കി ബ്രസീല്‍. ഗ്രൂപ്പ് സി-യില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഹെയ്തിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കാനറിപ്പട വീഴ്ത്തിയത്. ആദ്യ മത്സരത്തില്‍ മൊറോക്കോയോട് സമനിലയില്‍ കുടുങ്ങിയ ബ്രസീലിന് ഈ മത്സരത്തില്‍ വിജയിക്കുക അനിവാര്യമായിരുന്നു.

മൊറോക്കോക്കെതിരെ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു. ഇപ്പോള്‍ നിര്‍ണായക മത്സരത്തില്‍ മിന്നും വിജയം കൈപ്പിടിയിലാക്കി ബ്രസീല്‍ ടൂര്‍ണമെന്റിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്.

മാത്യൂസ് കുന്‍ഹയുടെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ബ്രസീല്‍ വിജയിച്ചുകയറിയത്. വിനീഷ്യസ് ജൂനിയറിന്റെ ഗോളും ബ്രസീലിന്റെ വിജയം അനായാസമാക്കി.

മത്സരത്തിന്റെ 23ാം മിനിറ്റിലാണ് മാത്യൂസ് കുന്‍ഹ ബ്രസീലിന് ആദ്യ ലീഡ് നേടിക്കൊടുത്തത്. വിനീഷ്യസ് ജൂനിയറിന്റെ ഷോട്ട് തട്ടിയകറ്റിയ ഹെയ്തി ഗോളിയുടെ പിഴവില്‍ നിന്നുമാണ് കുന്‍ഹ ആദ്യ ഗോള്‍ സ്വന്തമാക്കിയത്.

36ാം മിനിറ്റില്‍ താരം ബ്രസീലിനായി രണ്ടാം ഗോളും നേടി. വിനീഷ്യസിന്റെ പാസ് സ്വീകരിച്ച കുന്‍ഹ എതിര്‍ പോസ്റ്റില്‍ നിന്നും ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ ലക്ഷ്യം കാണുകയായിരുന്നു.

ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീല്‍ മൂന്നാം ഗോളും നേടി. ഹെയ്തി ഡിഫന്‍സിനെ പൊളിച്ചുകൊണ്ടുള്ള പാസില്‍ നിന്നും പന്തുമായി മുന്നേറിയ വിനീഷ്യസ് അനായാസം ലക്ഷ്യം കാണുകയായിരുന്നു.

രണ്ടാം പകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ ബ്രസീല്‍ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഹെയ്തി പ്രതിരോധം തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ബ്രസീല്‍ ഈ ലോകകപ്പിലെ ആദ്യ വിജയം കൈപ്പിടിയിലാക്കുകയായിരുന്നു.

ജൂണ്‍ 25ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡിനെയാണ് ബ്രസീല്‍ നേരിടുക. മയാമിയിലാണ് മത്സരം. മറുഭാഗത്ത് ഇതേ ദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ ഹെയ്തി മൊറോക്കോയെയും നേരിടും.

അതേസമയം മത്സരം വിജയിച്ചെങ്കിലും സൂപ്പര്‍താരം റാഫിഞ്യയുടെ പരിക്ക് ബ്രസീലിന് നിരാശ നല്‍കി. ഹാംസ്ട്രിങ് പരിക്ക് നേരിട്ട റാഫിഞ്യ മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു. താരത്തിന്റെ പരിക്കിനെ സംബന്ധിച്ചുള്ള അപ്ഡേറ്റുകളൊന്നും പുറത്തുവന്നിട്ടില്ല. പരിക്ക് ഗുരുതരമാണെങ്കില്‍ റാഫിഞ്യക്ക് ലോകകപ്പിലെ വരും മത്സരങ്ങള്‍ നഷ്ടമാവും.

 

Content Highlight: Brazil beat Haiti and secured the first victory in FIFA world cup 2026