2026-27 ക്ലബ്ബ് ഫുട്‌ബോള്‍ സീസണിന്റെ ആവേശം തുടങ്ങുന്നതിന് മുന്നോടിയായി ഈ സീസണിലെ എമിറേറ്റ്‌സ് കപ്പ് സ്വന്തമാക്കി ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ട്. നിലവിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരും, നിലവിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിസ്റ്റുകളുമായ ആഴ്‌സണലിനെ വീഴ്ത്തിയാണ് ഡോര്‍ട്മുണ്ടിന്റെ കിരീട നേട്ടം. ആഴ്‌സണലിന്റെ തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-2ന്റെ ആവേശകരമായ വിജയമാണ് ജര്‍മന്‍ വമ്പന്മാര്‍ കൈപ്പിടിയിലാക്കിയത്.
ഡോര്‍ട്മുണ്ടിന്റെ ആദ്യ എമിറേറ്റ്‌സ് കിരീടമാണിത്. ഇതിന് മുമ്പ് എട്ട് തവണയാണ് ഗണ്ണേഴ്സ് എമിറേറ്റ്‌സ് കപ്പ് സ്വന്തമാക്കിയത്. ഒമ്പതാം കിരീടം ലക്ഷ്യം വെച്ചിറങ്ങിയ പീരങ്കിപ്പട ഡോര്‍ട്മുണ്ടിന് മുന്നില്‍ അടിയറവ് പറയുകയായിരുന്നു.
🤩 Abpfiff! Wir besiegen @Arsenal nach den Treffern von Inacio, Karetsas und Gadou mit 3:2 und gewinnen damit den Emirates Cup! 🏆⁰
Am kommenden Samstag (15.08.) gibt’s dann endlich auch wieder BVB-Fußball in Dortmund! Um 17:30 Uhr treffen wir zur Saisoneröffnung auf die AS… pic.twitter.com/qS1qRGuFoQ
മത്സരം തുടങ്ങി ഏഴാം മിനിട്ടില്‍ തന്നെ ഡോര്‍ട്മുണ്ട് ലീഡ് നേടി. സാമുവേല്‍ ഇനാസിയോയാണ് ടീമിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. 29ാം മിനിട്ടില്‍ കോണ്‍സ്റ്റാന്റിനോസ് കരേത്സാസ് ബി.വി.ബിക്കായി രണ്ടാം ഗോളും സ്വന്തമാക്കി. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളുകളുടെ ആധിപത്യം ഡോര്‍ട്മുണ്ട് കൈവരിക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ 54ാം മിനിട്ടില്‍ ഏഥാന്‍ എന്‍വനേരിയിലൂടെ ആഴ്സണല്‍ തിരിച്ചടിച്ചു. എന്നാല്‍ നാല് മിനിട്ടുകള്‍ക്ക് ശേഷം ജോവാന്‍ ഗഡൗവിലൂടെ ഡോര്‍ട്മുണ്ട് മൂന്നാം ഗോളും നേടി മത്സരത്തില്‍ വീണ്ടും ആധിപത്യം ഉറപ്പാക്കി.
69ാം മിനിട്ടില്‍ വിക്ടര്‍ ഗ്യോകെറസ് ആഴ്‌സണലിന് അനുകൂലമായി പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തില്‍ എത്തിച്ച് തിരിച്ചുവരവ് നടത്തിയെങ്കിലും ഒറ്റ ഗോളിന്റെ വ്യത്യാസത്തില്‍ പീരങ്കിപ്പട പരാജയപ്പെടുകയായിരുന്നു.
മത്സരത്തില്‍ ബോള്‍ പൊസഷനിലും ഷോട്ടുകളുടെ എണ്ണത്തിലും വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ നിലവിലെ ഇ.പി.എല്‍ ചാമ്പ്യന്മാര്‍ക്ക് സാധിച്ചിരുന്നു. 58 ശതമാനം ബോള്‍ പൊസഷന്‍ നിലനിര്‍ത്തിയ ആഴ്‌സണല്‍ 16 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തത് ഇതില്‍ എട്ട് ഷോട്ടുകള്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് ആയിരുന്നു.
മറുഭാഗത്ത് ആറ് ഷോട്ടുകളില്‍ മൂന്ന് ഷോട്ടുകള്‍ മാത്രമായിരുന്നു ജര്‍മന്‍ ടീമിന് എതിര്‍ ടീമിന്റെ പോസ്റ്റിലേക്ക് എത്തിക്കാന്‍ സാധിച്ചു. ഡോര്‍ട്മുണ്ടിന്റെ ഈ മൂന്ന് ഷോട്ടുകളും ഗോളായി മാറിയെന്നതും ഏറെ ശ്രദ്ധേയമാണ്.
അതേസമയം ഓഗസ്റ്റ് 29നാണ് ബുണ്ടസ്‌ലീഗ സീസണിന് തുടക്കം കുറിക്കുന്നത്. സീസണിലെ ആദ്യ മത്സരത്തില്‍ ഹാംബര്‍ഗിനെയാണ് ഡോര്‍ട്മുണ്ട് നേരിടുക. ഇതിന് മുന്നോടിയായി ഡി. എഫ്. എല്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെയും ബോറൂസിയ ഡോര്‍ട്മുണ്ട് നേരിടും. ഓഗസ്റ്റ് 23നാണ് ഈ മത്സരം നടക്കുന്നത്.
ബൊറൂസിയ ഡോർട്മുണ്ട്
നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം ലീഗ് കിരീടം ലക്ഷ്യം വെച്ചിറങ്ങുന്ന ഡോര്‍ട്മുണ്ടിന് ഇത്തവണ ബയേണ്‍ മ്യൂണിക്കിന്റെ ആധിപത്യം തകര്‍ത്തറിയാന്‍ സാധിക്കുമോ എന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.
മറുഭാഗത്ത് ഓഗസ്റ്റ് 21നാണ് ഇംഗ്ലീഷ് പ്രിമീയര്‍ ലീഗിന്റെ പുതിയ സീസണ് തുടക്കമാവുന്നത്. ഓഗസ്റ്റ് 22ന് കൊവെന്‍ഡ്രിക്കെതിരെയാണ് ഗണ്ണേഴ്‌സിന്റെ ആദ്യ മത്സരം. ഇതിന് മുമ്പായി ഓഗസ്റ്റ് 16ന് നടക്കുന്ന എഫ്.എ കമ്മ്യൂണിറ്റി ഷീല്‍ഡിന്റെ ഫൈനലില്‍ ആഴ്സണല്‍ കളത്തിലിറങ്ങും. മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഗണ്ണേഴ്‌സിന്റെ എതിരാളികള്‍.
Content Highlight: Borussia Dortmund defeat Arsenal and won 2026 Emirates Cup