യൂണിയന്‍ ഫണ്ട് ചോദിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളോട് ബ്ലോസം കോളേജ് പ്രിന്‍സിപ്പള്‍ പ്രതികാരനടപടി സ്വീകരിക്കുന്നതായി പരാതി. രാഷ്ട്രീയ പകപോക്കലാണ് ഇതിന് പിന്നിലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ബ്ലോസം കോളേജ് പ്രിന്‍സിപ്പള്‍ ടി.പി അഹമ്മദിനെതിരെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ ആരോപണവുമായി രംഗത്തെത്തിയത്.
വര്‍ഷങ്ങളായി എം.എസ്.എഫിന്റെ കുത്തകയായിരുന്ന കൊണ്ടോട്ടി വലിയപറമ്പില്‍ സ്ഥിതി ചെയ്യുന്ന ബ്ലോസം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കഴിഞ്ഞ വര്‍ഷം എസ്.എഫ്.ഐ യൂണിയന്‍ പിടിച്ചിരുന്നു. ഇക്കാരണത്താല്‍ മുസ്‌ലിം ലീഗിന്റെ മുന്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍ കൂടിയായ പ്രിന്‍സിപ്പള്‍ തങ്ങളുടെ ഭാവികൊണ്ട് പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
വിദ്യാര്‍ത്ഥികള്‍ തന്നെ ഫേസ്ബുക്ക് വീഡിയോയിലൂടെ ഇക്കാര്യം തുറന്നുപറയുകയായിരുന്നു.

“യൂണിയന്‍ ഫണ്ട് ചോദിച്ചതിന്റെ പേരില്‍ അമ്പതോളം വിദ്യാര്‍ത്ഥികളെ സെം ഔട്ടാക്കുന്ന നടപടിയാണ് പ്രിന്‍സിപ്പള്‍ സ്വീകരിച്ചിരിക്കുന്നത്. ഈ സമരത്തിന്റെ പേരില്‍ അറ്റന്‍ഡന്‍സ് വെട്ടിക്കുറച്ചു. പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ യൂണിവേഴ്‌സിറ്റി ഇടപെട്ടാണ് 18 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരമൊരുക്കിയത്. എന്നാല്‍ അവരെ പരീക്ഷയ്ക്ക് ചെന്നപ്പോള്‍ അപമാനിക്കുകയാണ് പ്രിന്‍സിപ്പള്‍ ചെയ്തത്. സമയത്തിന് പരീക്ഷാ ഹാളില്‍ കയറ്റാതെയും രജിസ്റ്റര്‍ നമ്പര്‍ തിരുത്തിപ്പിച്ചും പകരം പേര് എഴുതിപ്പിച്ചും പേപ്പര്‍ മൂല്യനിര്‍ണയത്തിന് പരിഗണിക്കാതിരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു.”- വിദ്യാര്‍ത്ഥികള്‍ പറയുന്നു.
അതേസമയം എസ്.എഫ്.ഐ യൂണിയന്‍ പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ നിസഹകരണ മനോഭാവമാണ് പ്രിന്‍സിപ്പള്‍ സ്വീകരിക്കുന്നതെന്ന് ബ്ലോസം കോളേജിലെ വിദ്യാര്‍ത്ഥി ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഏതെങ്കിലും പരിപാടികള്‍ക്ക് അനുമതി നല്‍കിയാലും അത് വിജയിപ്പിക്കുന്നതിന് വേണ്ട യാതൊരു സഹായവും നല്‍കാറില്ലെന്നും വിദ്യാര്‍ത്ഥി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“എസ്.എഫ്.ഐ എന്ന സംഘടനയ്ക്ക് അവിടെ യൂണിയന്‍ കിട്ടുമ്പോള്‍ അത് അദ്ദേഹത്തിന് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കും. അതിന്റെ പ്രതികാരമാണ് ഞങ്ങള്‍ വിദ്യാര്‍ത്ഥികളോട് തീര്‍ക്കുന്നത്. ഞങ്ങളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണ് അദ്ദേഹം സ്വീകരിക്കുന്നത്. ഞങ്ങള്‍ മുന്നോട്ടുകൊണ്ടുവരുന്ന ഓരോ പരിപാടികളും തളര്‍ത്തുകയും പിന്തുണ നല്‍കാതിരിക്കുകയും ചെയ്യുകയുമാണ് പതിവ്.”
മാത്രമല്ല 3 വര്‍ഷമായി യൂണിവേഴ്‌സിറ്റി യൂണിയന്‍ ഫണ്ടും സ്‌പോര്‍ട്‌സ് അഫിലിയേഷന്‍ ഫീസും അടച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതിനുള്ള തുക വിദ്യാര്‍ത്ഥികളുടെ കൈയില്‍ നിന്ന് വാങ്ങുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. അതില്‍ നടപടിയെടുക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഒരുമാസത്തിനുള്ളില്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

“യൂണിയന്‍ ഫണ്ട് ചോദിച്ചതിന്റെ പേരില്‍ ടി.പി അഹമ്മദിന്റെ പൊളിറ്റിക്‌സ് നിങ്ങള്‍ക്ക് കാണിച്ചുതരാമെന്നാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. നിങ്ങള്‍ വിളിച്ച ഇങ്ക്വിലാബ് നിങ്ങള്‍ക്കെതിരെ തന്നെയാക്കും എന്ന് പറഞ്ഞിട്ടുണ്ട് അദ്ദേഹം.”
അഡ്മിഷന്‍ സമയത്ത് വിദ്യാര്‍ത്ഥികളില്‍ നിന്ന് 500 രൂപ അധികം വാങ്ങുന്നുണ്ടെന്ന ഗുരുതര ആരോപണവും വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നു. 9000 രൂപ സെമസ്റ്റര്‍ ഫീസ് ഉള്ളിടത്താണ് 9500 വാങ്ങുന്നത്. യൂണിവേഴ്‌സിറ്റി റൂള്‍പ്രകാരം 9000 ത്തില്‍ കൂടുതല്‍ വാങ്ങാന്‍ പാടില്ലെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മാഗസിന്‍ ഫണ്ട് ഇത്തവണ ഭീമമായി വെട്ടിക്കുറച്ചെന്നും വിദ്യാര്‍ത്ഥികള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
” കോളേജ് സ്‌ട്രെംഗ്ത് പ്രകാരം 1,20,000 രൂപയാണ് യൂണിവേഴ്‌സിറ്റി ഫണ്ട് തരുന്നത്. മാഗസിന്‍ ഫീ 55000 ആണ് ലഭിക്കേണ്ടത്. എന്നാല്‍ ഇത് നല്‍കിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം 1,20,000 യൂണിയന്‍ ഫണ്ട് കൊടുത്ത സ്ഥാനത്ത് ഇത്തവണ വെറും 50,000 രൂപയാണ് നല്‍കിയത്. ”

സമരത്തില്‍ പങ്കെടുത്തെന്ന കാരണത്താല്‍ 84 ശതമാനം അറ്റന്‍ഡന്‍സുള്ള വിദ്യാര്‍ത്ഥിയുടെ അറ്റന്‍ഡന്‍സ് ഒറ്റയടിക്ക് 52 ശതമാനമാക്കി മാറ്റിയെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. കോളേജിന് വേണ്ടി കായികമേളകളില്‍ പങ്കെടുക്കാന്‍ പോയതിന്റെ അറ്റന്‍ഡന്‍സ് പോലും നല്‍കിയിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
” സീ സോണിന് പോയിട്ട് എട്ട് ദിവസത്തെ അറ്റന്‍ഡന്‍സ് തരാനുണ്ട്. വോളിബോളിന് വേണ്ടിയാണ് മത്സരിച്ചത്. ഒരുദിവസത്തെ അറ്റന്‍ഡന്‍സ് പോലും തന്നിട്ടില്ല. ക്യംപിന് പോകുമ്പോഴുള്ള അറ്റന്‍ഡന്‍സും തരണില്ല. സീ സോണിന് കൊണ്ടുപോയത് വെറും 1000 രൂപ തന്നാണ്. മറ്റ് കോളേജുകള്‍ ലക്ഷങ്ങള്‍ മുടക്കുമ്പോഴാണിത്. “
തങ്ങളുടെ ഭാവി തുലാസിലാക്കിയാണ് പ്രിന്‍സിപ്പള്‍ രാഷ്ട്രീയം കളിക്കുന്നതെന്ന് മറ്റൊരു വിദ്യാര്‍ത്ഥി ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു. യൂണിയന്‍ ഒരു തണ്ണീര്‍ക്കുടം വെക്കട്ടെ എന്ന് ചോദിച്ചിട്ട് സമ്മതിക്കാതിരുന്ന പ്രിന്‍സിപ്പള്‍ എം.എസ്.എഫ് നടത്തുന്ന പരിപാടികള്‍ക്ക് വിലക്ക് കല്‍പ്പിക്കാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
