രാഷ്ട്രീയ പാര്‍ട്ടികള്‍ക്കയച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബി.ജെ.പിയുടെ സീല്‍; 'സാങ്കേതിക പിഴവെന്ന്' വിശദീകരണം
Kerala
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കയച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബി.ജെ.പിയുടെ സീല്‍; 'സാങ്കേതിക പിഴവെന്ന്' വിശദീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd March 2026, 4:45 pm

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരം ബി.ജെ.പിയുടെ സീല്‍.

തെരഞ്ഞെടുപ്പ് ചട്ടങ്ങളെക്കുറിച്ച് വിശദീകരിച്ച് ഈ മാസം 22-ന് സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് കമ്മീഷന്റെ സീലിന് പകരം ബി.ജെ.പി കേരള ഘടകത്തിന്റെ സീല്‍ പ്രത്യക്ഷപ്പെട്ടത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച ചട്ടങ്ങള്‍ ഓര്‍മ്മിപ്പിക്കാനാണ് കമ്മീഷന്‍ ഇമെയില്‍ അയച്ചത്. ഈ സന്ദേശത്തിനൊപ്പം അറ്റാച്ച് ചെയ്തിരുന്ന 2019-ലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിലാണ് ബി.ജെ.പിയുടെ സീല്‍ പതിഞ്ഞത്.

2019ല്‍ പുറത്തിറങ്ങിയ ഈ കത്തിലെ നിര്‍ദ്ദേശങ്ങള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ബാധകമാണെന്ന് വ്യക്തമാക്കാനാണ് കമ്മീഷന്‍ ഇത് വീണ്ടും അയച്ചത്.

എന്നാല്‍ കമ്മീഷന്റെ ഔദ്യോഗിക സീലിന് പകരം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സീല്‍ വന്നത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയുടെ ചട്ടുകമായി മാറുന്നു എന്ന ആരോപണം കോണ്‍ഗ്രസും സി.പി.ഐ.എമ്മും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി ഉന്നയിക്കുന്നതിനിടെയാണ് ഈ സംഭവവും. കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണ് ഈ നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചു.

വിഷയം വിവാദമായതോടെ ഇത് കേവലം ഒരു ‘സാങ്കേതിക പിഴവ്’ മാത്രമാണെന്ന വിശദീകരണവുമായി കമ്മീഷന്‍ വൃത്തങ്ങള്‍ രംഗത്തെത്തി. സീല്‍ മാറിയത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും വിവരം അറിഞ്ഞയുടന്‍ തെറ്റ് തിരുത്തിയെന്നുമാണ് കമ്മീഷന്റെ വാദം.

എന്നാല്‍, ഇത്രയും ഗൗരവകരമായ ഒരു രേഖയില്‍ എങ്ങനെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സീല്‍ വന്നു എന്നതിനെക്കുറിച്ച് ഔദ്യോഗികമായ വിശദീകരണം നല്‍കാന്‍ കമ്മീഷന്‍ ഇതുവരെ തയ്യാറായിട്ടില്ല.

Content Highlight: BJP Seal on Election Commisiion Letter