മലയാളികളുടെ പ്രിയപ്പെട്ട താരമായ ഭാവന നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഭാവനയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ റിയാസ് മാരത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘അനോമി’ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തി മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്.
ഒരു സൈക്കോപാത്ത് നടത്തുന്ന കൊലപാതകങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള പൊലീസ് അന്വേഷണവുമാണ് അനോമിയുടെ പ്രമേയം. സസ്പെൻസ് നിറഞ്ഞ ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം, പതിവ് അന്വേഷണ സിനിമകളിൽ നിന്ന് വ്യത്യസ്തമായ അവതരണത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്.
ചിത്രത്തിൽ ഫോറൻസിക് വിദഗ്ധയായ സാറ ഫിലിപ്പ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഭാവനയുടെ പ്രകടനമാണ് പ്രേക്ഷകരെ ഏറ്റവും അധികം ആകർഷിക്കുന്നത്. വൈകാരിക രംഗങ്ങളിലും ആക്ഷൻ സീക്വൻസുകളിലും ഒരുപോലെ തിളങ്ങുന്ന ഭാവനയുടെ അഭിനയത്തെ പ്രേക്ഷകർ ‘പവർ പാക്ക് തിരിച്ചുവരവ്’ എന്നാണ് വിശേഷിപ്പിക്കുന്നത്.
ക്ലീഷേ പൊലീസ് വേഷങ്ങളിൽ നിന്ന് മാറി, നിഗൂഢതകളും ലെയറുകളുമുള്ള ഒരു കഥാപാത്രമായാണ് റഹ്മാൻ ചിത്രത്തിൽ എത്തുന്നത്. ഭാവന–റഹ്മാൻ കൂട്ടുകെട്ട് സ്ക്രീനിൽ ശക്തമായ ഇംപാക്ട് സൃഷ്ടിക്കുന്നുവെന്നതാണ് പൊതുവായ അഭിപ്രായം.
ആദ്യപകുതിയെ മറികടക്കുന്ന തരത്തിൽ, ട്വിസ്റ്റുകളും സസ്പെൻസും നിറഞ്ഞ രണ്ടാം പകുതിയും ക്ലൈമാക്സുമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ‘അനോമി’ എന്ന കോൺസെപ്റ്റിനെ ത്രില്ലർ ഫ്രെയിമിൽ കൃത്യമായി അവതരിപ്പിക്കുന്നതിൽ സംവിധായകൻ റിയാസ് മാരത്ത് പൂർണ വിജയം കൈവരിച്ചുവെന്നാണ് പ്രേക്ഷക വിലയിരുത്തൽ.
പതിവ് മലയാള സിനിമാ ശൈലികളിൽ നിന്ന് മാറി നിൽക്കുന്ന സയൻസ് ഫിക്ഷൻ–ത്രില്ലർ ഗണത്തിൽപ്പെട്ട പരീക്ഷണ ചിത്രങ്ങളോട് താല്പര്യമുള്ളവർക്ക് അനോമി ഒരു വ്യത്യസ്തമായ തിയേറ്റർ അനുഭവമാകുമെന്നതിൽ സംശയമില്ല. ആധുനിക സാങ്കേതിക മികവും ഭാവനയുടെയും റഹ്മാന്റെയും പക്വതയാർന്ന അഭിനയപ്രകടനങ്ങളും പൂർണമായി ആസ്വദിക്കാനാകുന്ന ചിത്രം തിയേറ്ററിൽ തന്നെ കാണേണ്ടതുണ്ടെന്നാണ് പ്രേക്ഷക അഭിപ്രായം.
ഈ ചിത്രത്തിലൂടെ അഭിനേത്രി എന്നതിലുപരി നിർമാണ രംഗത്തേക്കും കൂടുതൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കുകയാണ് ഭാവന. ഭാവനയുടെ സ്വന്തം പ്രൊഡക്ഷൻ ബാനറിന്റെ പിന്തുണയോടെയാണ് ‘അനോമി’ ഒരുക്കിയിരിക്കുന്നത്. കണ്ടന്റിന് പ്രാധാന്യം നൽകുന്ന പരീക്ഷണ സിനിമകളെ പിന്തുണയ്ക്കുന്ന സമീപനമാണ് ഈ ചിത്രത്തിലൂടെ ഭാവന മുന്നോട്ട് വെക്കുന്നത്. നായിക എന്ന നിലയിൽ മാത്രം ഒതുങ്ങാതെ, കഥയും അവതരണവും തെരഞ്ഞെടുക്കുന്ന ഉത്തരവാദിത്തമുള്ള നിർമാതാവായി ഭാവനയുടെ വളർച്ചയെ കൂടി അടയാളപ്പെടുത്തുന്ന ചിത്രമാണ് അനോമി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.