തിയേറ്ററില്‍ വിജയിക്കാതെ പോയി, ഒ.ടി.ടിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട സിനിമായായിരുന്നു ഭരതനാട്യം. സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ചിത്രം 2024ലാണ് തിയേറ്ററുകളിലെത്തിയത്. അയല്‍ക്കാരില്‍ നിന്നും ഗ്രാമവാസികളില്‍ നിന്നും ഒരു കുടുംബത്തിലെ രഹസ്യം സംരക്ഷിക്കാന്‍ യുവാവ് നടത്തുന്ന പോരാട്ടങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
സറ്റയര്‍ ഴോണറിലൊരുങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മോഹിനിയാട്ടം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ആദ്യ ഭാഗമായ ‘ഭരതനാട്യം’ അവസാനിച്ചിടത്ത് നിന്നാണ് സിനിമയുടെ കഥ തുടരുന്നത് എന്ന സൂചന ട്രെയ്ലര്‍ നല്‍കുന്നു.
ഇപ്പോഴിതാ അണ്‍ഫില്‍ട്ടേര്‍ഡ് ബൈ അപര്‍ണ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഭരതനാട്യം സിനിമയില്‍ ഹിഡനായിട്ടുള്ള ഒരു മെസേജുണ്ടായിരുന്നുവെന്ന് സൈജു കുറുപ്പ് പറയുന്നു.
‘സമൂഹം എന്ത് വേണമെങ്കിലും വിചാരിച്ചോട്ടേ, എന്നാണ് സിനിമയുടെ അവസാനം നമ്മള്‍ കാണിച്ചിരിക്കുന്നത്. ആളുകള്‍ ഈ സിനിമയെ ഫീല്‍ഗുഡ് കോമഡി സിനിമയായി എടുത്ത് കാണും. പക്ഷേ അതില്‍ വലിയൊരു മെസേജ് പറയുന്നുണ്ട്. സാധാരണ രീതിയില്‍ മാതാപിതാക്കളാണ് മക്കളെ തലോടുകയൊക്കെ ചെയ്യുന്നത്. പക്ഷേ ഞാന്‍ എന്റെ അച്ഛനെയും അമ്മയുമൊക്കെ അങ്ങനെ തലോടുകയും കൊഞ്ചിക്കുകയുമൊക്കെ ചെയ്യാറുണ്ടായിരുന്നു.
കാരണം എന്റെ തോന്നല്‍, ഞാന്‍ അപ്പോള്‍ വലുതായി, ഇനി മാതാപിതാക്കളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് ഞാനാണ് എന്നാണ്. അന്ന് എനിക്ക് വരുമാനമൊന്നും ഉണ്ടായിരുന്നില്ല. അച്ഛനും അമ്മക്കും പ്രായമായി കഴിയുമ്പോള്‍ അവരുടെ ഭാഗത്ത് നിന്ന് ഒരുപാട് തെറ്റുകള്‍ സംഭവിച്ച് പോകും,’ സൈജു കുറുപ്പ് പറയുന്നു.
കുറച്ച് പ്രായമാകുമ്പോള്‍ മാതാപിതാക്കള്‍ക്ക് ഒരുപാട് ആരോഗ്യപ്രശ്‌നങ്ങളൊക്കെ വരുമെന്നും അവര്‍ ഉദ്ദേശിച്ചോ ഉദ്ദേശിക്കാതെയോ പറയുന്ന കാര്യങ്ങള്‍ നമുക്ക് ഇഷ്ടപ്പെടാതെ വരാമെന്നും സൈജു കുറുപ്പ് പറയുന്നു. അതിനായി നമ്മുടെ മനസിനെ പാകപ്പെടുത്തണമെന്നും ചെറുപ്പത്തില്‍ നമ്മള്‍ ചെയ്ത എന്തൊക്കെ തെറ്റുകള്‍ അവര്‍ ക്ഷമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൈജു കുറുപ്പ് നായകനാകുന്ന മോഹിനിയാട്ടം അദ്ദേഹത്തിന്റെ കരിയറിലെ 150-ാമത്തെ സിനിമയാണ്. ജഗദീഷ്, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണന്‍, സ്വാതി ദാസ് പ്രഭു, ദിവ്യ നായര്‍, ശ്രുതി സുരേഷ്, നന്ദു പൊതുവാള്‍, സന്തോഷ് ഗുരുവായൂര്‍, നിസ്താര്‍ സേട്ട് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
കൃഷ്ണദാസ് മുരളി, വിഷ്ണു ആര്‍. പ്രദീപ് എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ബബ്ലു അജുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്.
Content Highlight: Bharatanatyam was not just a comedy film, it had a big message