ഇങ്ങനെയൊരു വിജയം ചരിത്രത്തിലാദ്യം; ബെൽജിയത്തിന്റെ തിരിച്ചുവരവിൽ വിറച്ച് ലോകം
FIFA World Cup 2026
ഇങ്ങനെയൊരു വിജയം ചരിത്രത്തിലാദ്യം; ബെൽജിയത്തിന്റെ തിരിച്ചുവരവിൽ വിറച്ച് ലോകം
സുദേവ് എ
Thursday, 2nd July 2026, 8:04 am

2026 ഫിഫ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയിരിക്കുകയാണ് ബെല്‍ജിയം. ആഫ്രിക്കന്‍ ടീമായ സെനഗലിനെതിരെ 3-2ന്റെ ആവേശ ജയം സ്വന്തമാക്കിയാണ് ബെല്‍ജിയം അടുത്ത റൗണ്ടിലേക്ക് കടന്നത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവിലൊന്നായിരുന്നു ബെല്‍ജിയം കാഴ്ചവെച്ചത്. സിയാറ്റില്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നിൽ നിന്ന ശേഷമായിരുന്നു ബെല്‍ജിയത്തിന്റെ തിരിച്ചുവരവ്.

ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇങ്ങനെയൊരു മത്സരം പിറക്കുന്നത്. 85 മിനിട്ടില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നിൽ നിന്നൊരു ടീം വിജയിക്കുകയോ സമനില നേടുകയോ ചെയ്ത ആദ്യ സംഭവമാണിത്.

എക്‌സ്ട്രാ ടൈമിലായിരുന്നു ബെല്‍ജിയം വിജയം പിടിച്ചെടുത്തത്. യൂറി ടൈലെമാന്‍സിന്റെ ഇരട്ട ഗോള്‍ കരുത്തിലാണ് ബെല്‍ജിയം വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. റോമെറോ ലുക്കാക്കുവിന്റെ ഗോളും ബെല്‍ജിയത്തിലെ വിജയത്തില്‍ നിര്‍ണായകമായി.

മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച സെനഗല്‍ 24ാം മിനിട്ടില്‍ തന്നെ ആദ്യം ലീഡ് നേടി. ഹബീബ് ഡിയാറയാണ് ടീമിന്റെ ഗോള്‍ സ്‌കോറര്‍. ആദ്യ പകുതിയില്‍ നേടിയ ഒരു ഗോളിന്റെ ആധിപത്യത്തില്‍ രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയ സെനഗല്‍ വീണ്ടും ബെല്‍ജിയത്തെ ഞെട്ടിച്ചു. 51ാം മിനിട്ടില്‍ ഇസ്മായില സാറാണ് സെനഗലിനായി രണ്ടാം ഗോള്‍ നേടിയത്.

സെനഗല്‍ വിജയം ഉറപ്പിച്ചുവെന്ന് ആരാധകര്‍ വിശ്വസിച്ചിരുന്ന സമയത്തായിരുന്നു ബെല്‍ജിയം ഏവരെയും ഞെട്ടിച്ചുകൊണ്ട് വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. 86ാം മിനിട്ടില്‍ ലുക്കാക്കുവാണ് ബെല്‍ജിയത്തിനായി ആദ്യ ഗോള്‍ നേടിയത്. മൂന്ന് മിനിട്ടുകള്‍ക്ക് ശേഷം ടൈലെമാന്‍സ് വീണ്ടും ഗോള്‍ നേടി ബെല്‍ജിയത്തിന് ആവേശ സമനില സമ്മാനിച്ചു.

ഒടുവില്‍ മത്സരം അധിക സമയത്തേക്ക് നീങ്ങുകയായിരുന്നു. മത്സരം പെനാല്‍റ്റി ഷൂട്ടിലേക്ക് നീങ്ങുമെന്ന് തോന്നിച്ച നിമിഷമായിരുന്നു ബെല്‍ജിയം ഗോള്‍ നേടിയത്. ടൈലെമാന്‍സിലൂടെ ഇഞ്ചുറി ടൈമിലാണ് ബെല്‍ജിയം വല കുലുക്കിയത്. ബെല്‍ജിയത്തിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി അനായാസം ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് താരം ബെല്‍ജിയത്തിന് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം നല്‍കുകയായിരുന്നു.

 

Content Highlight: Belgium secure historic win over Senegal in World Cup

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.