അങ്ങനെ ബേസിലിന്റെ ആഗ്രഹം സാധിച്ചു... സി.എം. വിജയ് എന്ന ടൈറ്റില്‍ കാര്‍ഡ് കാണണമെന്ന് പറയുന്ന വീഡിയോ വൈറല്‍
Indian Cinema
അങ്ങനെ ബേസിലിന്റെ ആഗ്രഹം സാധിച്ചു... സി.എം. വിജയ് എന്ന ടൈറ്റില്‍ കാര്‍ഡ് കാണണമെന്ന് പറയുന്ന വീഡിയോ വൈറല്‍
അമര്‍നാഥ് എം.
Sunday, 12th July 2026, 5:18 pm

ചുരുങ്ങിയ കാലം കൊണ്ട് സിനിമാപ്രേമികളുടെ ഇഷ്ടം സ്വന്തമാക്കിയ നടനാണ് ബേസില്‍ ജോസഫ്. സംവിധായകനായി കരിയര്‍ ആരംഭിച്ച ബേസില്‍ ഇന്ന് സൗത്ത് ഇന്ത്യയൊട്ടാകെ റീച്ച് നേടിയിട്ടുണ്ട്. പരാശക്തിയിലെ അതിഥിവേഷമെല്ലാം തിയേറ്ററുകളെ ഇളക്കിമറിച്ചിരുന്നു. അക്ഷയ് അനില്‍കുമാര്‍ നായകനാകുന്ന രാവഡിയിലും ഗംഭീര വേഷമാണ് ബേസിലിന്റേത്.

കഴിഞ്ഞ രണ്ട് ദിവസമായി ബേസിലിന്റെ ഒരു ചെറിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അതിരടിയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിന്റെ ക്ലിപ്പാണ് വൈറല്‍. അഭിമുഖത്തിനിടെ ബേസിലിനോട് കാണാനാഗ്രഹമുള്ള തമിഴ് സിനിമ ഏതൊക്കെയാണെന്ന ചോദ്യത്തിന് ജന നായകന്‍ എന്നായിരുന്നു മറുപടി നല്‍കിയത്.

‘ആ സിനിമ കാണാനുള്ള കാരണം വേറൊന്നുമല്ല, പടത്തിന്റെ തുടക്കത്തില്‍ ‘ചീഫ് മിനിസ്റ്റര്‍ വിജയ്’ എന്ന് ടൈറ്റില്‍ കാര്‍ഡ് ഇടുമല്ലോ. അത് കാണാന്‍ വേണ്ടി മാത്രം തിയേറ്ററില്‍ പോകണമെന്നുണ്ട്. അതിന്റെ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് എങ്ങനെയായിരിക്കുമെന്നറിയാന്‍ വലിയ ആഗ്രഹമാണ്. അധികം വൈകാതെ അത് സംഭവിക്കുമെന്ന് കരുതുന്നു,’ ബേസില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ജയിച്ച് വിജയ് മുഖ്യമന്ത്രിയായതിന് ശേഷമായിരുന്നു ബേസില്‍ ഈ അഭിമുഖം നല്‍കിയത്. കഴിഞ്ഞദിവസം വിജയ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച ജന നായകന്റെ പോസ്റ്ററില്‍ ‘ചീഫ് മിനിസ്റ്റര്‍ വിജയ്’ എന്നായിരുന്നു ടൈറ്റില്‍. ഇതിന് പിന്നാലെയാണ് ബേസിലിന്റെ വാക്കുകള്‍ വൈറലായത്. തമിഴില്‍ വിജയ്ക്ക് സെലിബ്രിറ്റി ഫാന്‍സുണ്ടെങ്കിലും മലയാളത്തില്‍ നിന്നൊരു താരം ഇങ്ങനെ പറയുന്നതാണ് പലരെയും അത്ഭുതപ്പെടുത്തിയത്.

ജനുവരിയില്‍ തിയേറ്ററുകളിലെത്തുമെന്നറിയിച്ച ജന നായകന്‍ ഏഴ് മാസത്തോളം വൈകിയത് ആരാധകരെ വലിയ രീതിയില്‍ നിരാശപ്പെടുത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാത്തതുകൊണ്ടാണ് ചിത്രത്തിന്റെ റിലീസ് വൈകിയത്. വിജയ് തെരഞ്ഞെടുപ്പില്‍ ജയിച്ച് രണ്ട് മാസത്തിലേറെ ആരാധകര്‍ ജന നായകനായി കാത്തിരിക്കുകയായിരുന്നു.

‘A’ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. 24 വര്‍ഷത്തിന് ശേഷമാണ് വിജയ്‌യുടെ ഒരു സിനിമക്ക് ‘A’ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. തമിഴ് സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായ ദളപതിയുടെ അവസാന സിനിമ ബോക്‌സ് ഓഫീസില്‍ ചരിത്രം രചിക്കുമെന്നാണ് ആരാധകരുടെ അവകാശവാദം. ജൂലൈ 24ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Basil’s interview about Jana Nayagan movie viral

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം