ഒരിടത്ത് 1,000 പേരുണ്ടെങ്കിൽ ജയറാം പറയും 10,000 പേരുണ്ടായിരുന്നു എന്ന്, എല്ലാം കുറച്ചു പൊലിപ്പിച്ചെ പറയു, അത് കേൾക്കാൻ നല്ല രസമാണ്: ബൈജു സന്തോഷ്
Malayalam Cinema
ഒരിടത്ത് 1,000 പേരുണ്ടെങ്കിൽ ജയറാം പറയും 10,000 പേരുണ്ടായിരുന്നു എന്ന്, എല്ലാം കുറച്ചു പൊലിപ്പിച്ചെ പറയു, അത് കേൾക്കാൻ നല്ല രസമാണ്: ബൈജു സന്തോഷ്
കെ.എസ് ഷാബിന
Saturday, 27th June 2026, 8:31 am

മലയാള സിനിമയിൽ തനതായ തഗ്ഗുകളും കൗണ്ടറുകളും കൊണ്ട് പ്രേക്ഷകരെ എപ്പോഴും ചിരിപ്പിക്കുന്ന നടനാണ് ബൈജു സന്തോഷ്. നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ് അദ്ദേഹം.

പുതിയ ചിത്രമായ ‘ഉയിർ’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ‘മൂവി വേൾഡ് മീഡിയ’യ്ക്ക് നൽകിയ അഭിമുഖത്തിൽ സുഹൃത്തും സഹപ്രവർത്തകനുമായ നടൻ ജയറാമിനെ കുറിച്ച് പങ്കുവെച്ച രസകരമായ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ബൈജു സന്തോഷ് .Photo:IMDB

‘കഥ പറഞ്ഞ് പെരുപ്പിക്കാൻ ജയറാം മിടുക്കനാണ്, പുള്ളി പണ്ടേ അങ്ങനെയാണ്. നമ്മൾ ഇപ്പോൾ ഒരു സ്ഥലത്തു ചെല്ലുമ്പോൾ അവിടെ 1,000 പേരുണ്ടെങ്കിൽ ജയറാം പറയും 10,000 പേരുണ്ടായിരുന്നു എന്ന്. എല്ലാം കുറച്ചൊന്ന് പൊലിപ്പിച്ചേ പുള്ളി പറയൂ. പക്ഷേ, അത് നേരിട്ട് കേൾക്കാൻ നല്ല രസമാണ്, അദ്ദേഹത്തിന്റെ അവതരണ ശൈലി അത്ര മനോഹരമാണ്.’ബൈജു സന്തോഷ് പറയുന്നു.

ഈയടുത്ത് തമിഴ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ ജയറാം കാണിച്ച അമിത വിനയവും എളിമയും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ട്രോളുകൾക്ക് വഴിവെച്ചിരുന്നു. അതേകുറിച്ചും ബൈജു സംസാരിച്ചു.

ജയറാം.Photo;Screengrab/Youtube

‘ഈ അടുത്തായി ആളുകൾ പുള്ളിയെ കുറച്ച് കളിയാക്കുന്നുണ്ട്. അത് എളിമ കൂടിപ്പോയതുകൊണ്ടാണ്. ഇപ്പോൾ എളിമ കാണിച്ചാലും കുഴപ്പമാണ്, കാണിച്ചില്ലെങ്കിൽ പറയും ‘ഇവന് ഒട്ടും എളിമയില്ല’ എന്ന് ഇതിപ്പോ കുറച്ച് കൂടിയപ്പോൾ ആളുകൾ എടുത്ത് ട്രോളി കൊല്ലുകയാണ്. ജയറാം ആ എളിമ കുറച്ചൊന്ന് കുറച്ചാൽ നന്നായിരിക്കും. ഞാൻ പുള്ളിയോട് ഇത് നേരിട്ട് പറയാൻ ഇരിക്കുകയാണ്. മലയാളിക്ക് ഇത്രയും വേണ്ട ഇത്രയും എളിമ അവർക്ക് കൊടുക്കരുത്.ഇതൊക്കെ തമിഴിൽ ഓക്കെയാണ്, ഇവിടെ നടക്കില്ല’ ബൈജു സന്തോഷ് പറഞ്ഞു.

തന്റെ മനസ്സിലുള്ളത് ഒട്ടും മടി കൂടാതെ തുറന്നു പറയുന്ന ബൈജു സന്തോഷിന്റെ സംസാരവും തമാശയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. യഥാർത്ഥ സംഭവങ്ങളെ തമാശ രൂപത്തിൽ അവതരിപ്പിക്കുന്ന ജയറാമിന്റെ ശൈലിയെ പിന്തുണച്ചുകൊണ്ട് തന്നെ, അദ്ദേഹത്തിന് നേരെ വരുന്ന ട്രോളുകളെ വളരെ ലളിതമായി ബൈജു ഇതിലൂടെ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്.

Content Highlight: Baiju Santhosh talks about social media trolls on jayaram

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.