സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ നീതി ആവശ്യപ്പെട്ട് 770-ലേറെ ദിവസങ്ങള്‍ തെരുവില്‍ കിടന്ന ശ്രീജിത്തിന്റെ സമരം കേരളം ഒന്നടങ്കം ചര്‍ച്ച ചെയ്താണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ദൂരൂഹസാഹചര്യത്തില്‍ മരണപ്പെട്ട തൃശൂര്‍ സ്വദേശി ബൈജുവിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യവും ശക്തമാകുന്നു.

വനംവകുപ്പിന്റെ തൃശൂര്‍ ഫ്ളയിങ് സ്‌ക്വാഡ് അന്വേഷണം നടത്തി ജൂലൈ എട്ടിനും സെപ്റ്റംബര്‍ 25നും സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടുകളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തില്‍ ബൈജുവിന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് രംഗത്തുവന്നിരിക്കുകയാണ്.

വനം കൊള്ള കേസുമായി ബന്ധപ്പെട്ട് പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ ഹാജരായതിനു പിന്നാലെയാണ് ബൈജുവിനെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. ചേരുംകുഴി വട്ടപ്പാറ ഏഴോലിക്കലിലെ വീടിനു പിന്നിലെ റബ്ബര്‍തോട്ടത്തിലാണ് ബൈജുവിന്റെ മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ ആ സമയത്തു തന്നെ രംഗത്തുവന്നിരുന്നു.

ബൈജു പൊലീസ് മര്‍ദ്ദനത്തിന് ഇരയായിരുന്നുവെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ഈ ആരോപണം ശരിവെക്കുന്നതാണ് ബൈജുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍. 19 മുറിവുകളാണ് ബൈജുവിന്റെ മൃതശരീരത്തില്‍ ഉണ്ടായിരുന്നത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പയുന്നത്.

കഴുത്തില്‍ ശക്തമായ പ്രഹരമേറ്റതിന്റേയും നെഞ്ചിലേറ്റ മര്‍ദ്ദനത്തിന്റെയും പാടുകള്‍ ശരീരത്തിലുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയ്ക്കേറ്റ അടി മരണത്തിനുവരെ കാരണമായേക്കാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

 

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

 

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ഇങ്ങനെ:

1. കഴുത്തുഞെരിഞ്ഞപ്പോള്‍ ഉണ്ടായ 27 സെന്റിമീറ്റര്‍ നീളമുള്ള ചോരപ്പാടോടുകൂടിയ പോറല്‍. 2ഃ1.5 വലുപ്പത്തിലും 0.5 സെന്റിമീറ്റര്‍ ആഴത്തിലുമുള്ള ചതവ് കഴുത്തിന്റെ വലതുഭാഗത്ത്.

2. തലയുടെ ഇടതുഭാഗത്തായി 3.5X2 സെമീ ആഴത്തിലുള്ള ചതവ്.

3. കഴുത്തിനു പിറകിലായി സുഖപ്പെട്ടുകൊണ്ടിരിക്കുന്ന മുറിവ്

4. അടിവയറിന്റെ വലതുഭാഗത്ത് അടുത്തടുത്തായി രണ്ട് മുറിവ്

5. നെഞ്ചിനു പിറകിലായി വലതുഭാഗത്ത് ചതവ്

6. വലതു കൈയ്ക്ക് പിറകിലായുള്ള ചതവ്

7. വലതു കൈമുട്ടിനു പിന്‍വശത്തായുള്ള മുറിവ്

 

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

 

8. വലതു കാല്‍മുട്ടിന് അഞ്ചുസെന്റീമീറ്റര്‍ താഴെയായുള്ള മുറിവ്

9. ചുവപ്പുകലര്‍ന്ന ബ്രൗണ്‍ നിറത്തില്‍ മുട്ടിനു വലതുഭാഗത്തായുള്ള മുറിവ്

10 വലതുകാലിന്റെ മുന്‍ഭാഗത്ത് കാല്‍മുട്ടിനു നാലുസെന്റീമീറ്റര്‍ താഴെയായുള്ള മുറിവ്

11. വലതുകാലിന്റെ മടമ്പിനു മുകളിലായുള്ള മുറിവ്

12. ഇടതുകാലിന്റെ പിന്‍ഭാഗത്ത് കടുംനിറത്തിലുള്ള സുഖപ്പെട്ടുകൊണ്ടിരിക്കുന്ന മുറിവ്

13. ചുവപ്പുകലര്‍ന്ന തവിട്ടുനിറത്തില്‍ ഇടതുപാദത്തിന്റെ ഉള്‍ഭാഗത്തായുള്ള പോറല്‍

14. ചുവപ്പുകലര്‍ന്ന തവിട്ടുനിറത്തില്‍ കാല്‍മുട്ടിനും, മടമ്പിനും ഇടയിലുള്ള പോറല്‍

15. കാല്‍മുട്ടിനു 13 സെന്റീമീറ്റര്‍ മുകളിലായി ഇടതുഭാഗത്തെ തുടയിലുള്ള പോറല്‍

16. ഈ പോറലിന് രണ്ടു സെന്റീമീറ്റര്‍ മുകളിലായി ഇടതുഭാഗത്തെ തുടയിലുള്ള മുറിവ്

17. അതിനും ഒരു സെന്റീമീറ്റര്‍ മുകളിലായി ഇടതുഭാഗത്തെ തുടയിലുള്ള മുറിവ്

18. അതിനു പിറകിലായി ഇടുതഭാഗത്തെ തുടയിലുള്ള മുറിവ്

19. ഇടുപ്പെല്ലിന്റെ മുകള്‍ ഭാഗത്ത് ആഴത്തിലുള്ള ചതവ്.

 

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

 

കാട്ടില്‍ നിന്ന് അനധികൃതമായി തേക്കുമരങ്ങള്‍ മുറിച്ചുകടത്തിയെന്ന കേസിലാണ് ബൈജു ഉള്‍പ്പെടെ 10 പേരെ വനം വകുപ്പ് ഓഫീസിലേക്ക് വിളിപ്പിച്ചത്. ബൈജു ഒഴികെ 9 പേരെയും വിട്ടയച്ചിരുന്നു. എന്നാല്‍ ബൈജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയോ സംഭവസ്ഥലത്ത് പോയി തെളിവെടുക്കുകയോ ചെയ്തിട്ടില്ല എന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്:

2016ല്‍ നടന്ന തേക്കു മോഷണക്കേസുമായി ബന്ധപ്പെട്ടാണ് ബൈജു ഉള്‍പ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പട്ടിക്കാട് റെയ്ഞ്ച് ഓഫീസില്‍ ഹാജരായ ബൈജുവിനെ പൊങ്ങണംകാട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു.

പിന്നീട് തെളിവെടുപ്പിനായി അങ്കമാലി, വടക്കുംഞ്ചേരി ഭാഗങ്ങളിലെ മില്ലുകളിലേക്കും കൊണ്ടുപോയിരുന്നു. രണ്ട് വനം വകുപ്പ് ജീവനക്കാരും കൂടെയുണ്ടായിരുന്നു. മടങ്ങും വഴി വെള്ളിയാഴ്ച രാത്രി പത്തരയോടെ മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനില്‍ ജീപ്പില്‍ നിന്ന് ഇറങ്ങുന്നതിനിടെ ബൈജു ഓടി രക്ഷപ്പെട്ടുവെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

വിവരം രാത്രി തന്നെ ബൈജുവിന്റെ വീട്ടിലും ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലും അറിയിച്ചു. ഓടിപ്പോയ ബൈജുവിനെ ഏറെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

വീട്ടുകാരുടെ ആരോപണം:

തൂങ്ങിമരിച്ചുവെന്ന് വനംവകുപ്പും പൊലീസും പറയുന്ന 23ന് രാവിലെ 6നും 6.15നും ഇടയില്‍ ബൈജുവിന് കട്ടന്‍ ചായയും മറ്റും എത്തിച്ചിരുന്നെന്നാണ് ബൈജുവിന്റെ ഭാര്യ ലിറ്റി പറയുന്നത്. ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് വരാമെന്ന് ബൈജു പറഞ്ഞെന്നും അവര്‍ പറയുന്നു. എന്നാല്‍ ഏഴരയോടെ ബൈജു തൂങ്ങിമരിച്ചുവെന്ന വാര്‍ത്തയാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെളിവെടുപ്പ് നടത്തി മടങ്ങും വഴി രാത്രിയില്‍ കൂടെയുള്ള ജീവനക്കാരില്‍ ഒരാളുടെ വീട്ടിലേക്ക് ബൈജുവിനെ കൊണ്ടുപോയിരുന്നെന്നും അവിടെവെച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ബൈജുവിനെ കാണാതായതായി വീട്ടുകാര്‍ ഒല്ലൂര്‍ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.

വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഫ്ളൈയിങ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട്:

ബൈജുവിന്റെ മരണവുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നുവന്നതിനു പിന്നാലെ വനം വകുപ്പിന്റെ വിവിധ ഫ്ളൈയിങ് സ്‌ക്വാഡുകള്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. 2017 ആഗസ്റ്റ് 18നും 2017 ഒക്ടോബര്‍ 25നും ഇടയിലായിരുന്നു അന്വേഷണം നടന്നത്. തുടര്‍ന്ന് എറണാകുളം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ 2017 സെപ്റ്റംബര്‍ 22ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും അന്വേഷണം അനിവാര്യമാണെന്ന് ശുപാര്‍ശ ചെയ്തിരുന്നു.

ഇതിനു പുറമേ 2017 ജൂലൈ 24ന് വനംവകുപ്പ് പ്രൈവറ്റ് സെക്രട്ടറിയും ബൈജുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ശുപാര്‍ശ നല്‍കിയിരുന്നു.

കേസന്വേഷണം തുടങ്ങിയടത്തു തന്നെ:

ബൈജുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ 1067/2017 നമ്പറില്‍ കേസ് നിലവിലുണ്ട്. എന്നാല്‍ ഈ കേസില്‍ അന്വേഷണം ഏതാണ്ട് നിലച്ച മട്ടാണ്.

അന്നത്തെ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഉച്ചയ്ക്ക് രണ്ടുവരെ ബൈജുവിനെ അടച്ചിട്ട മുറിയില്‍ വിശദമായി ചോദ്യം ചെയ്യുകയും ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കുകയും ചെയ്തിരുന്നുവെന്നാണ് പി.യു.സി.എല്‍ ഭാരവാഹികള്‍ ആരോപിക്കുന്നത്. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രഞ്ജിത്ത്, ഡെപ്യൂട്ടി റേഞ്ചര്‍ ശിവന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സി.എല്‍ രാജു എന്നിവരെ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നാണ് പി.യു.സി.എല്‍ ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്.

ഇക്കാര്യങ്ങളാവശ്യപ്പെട്ട് ഇവര്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കുകയും ചെയ്തിട്ടുണ്ടെന്ന് പി.യു.സി.എല്‍ ഭാരവാഹികള്‍ അറിയിച്ചു.

 

അതേസമയം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരവുമായി നീങ്ങാനാണ് തീരുമാനമെന്ന് സാമൂഹ്യപ്രവര്‍ത്തകനും അഭിഭാഷകനുമായി പി.എ പൗരന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ” പൊലീസ് കസ്റ്റഡിയിലാണ് ബൈജു മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. റിപ്പോര്‍ട്ടില്‍ വളരെ വ്യക്തമായി ബൈജുവിന്റെ മരണകാരണം പറയുന്നുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേറ്റ പരിക്ക് ബൈജു കസ്റ്റഡിയില്‍ വെച്ചാണ് മരിച്ചതെന്ന വ്യക്തമാക്കുന്നു.”

ബൈജുവിന്റെ ഭാര്യ ലിറ്റിയുമായി ആലോചിച്ച സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൈജുവിന്റെ മരണം മിസിംഗ് കേസ് എന്ന നിലയിലാണ് ഒല്ലൂര്‍ പൊലീസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ബൈജുവിനൊപ്പം അറസ്റ്റ് ചെയ്തവരെ വിട്ടയക്കുകയും എന്നാല്‍ ബൈജുവിനെ വിട്ടയക്കാതിരിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൗരന്‍ പറയുന്നു. “പിന്നീട് ബന്ധുക്കളെ പൊലീസ് അറിയിച്ചത് ബൈജുവിനെ കാണുന്നില്ലെന്നാണ്. എന്നാല്‍ അതോടൊപ്പം ബൈജുവിനെ ഫോറസ്റ്റ് വിജിലന്‍സിന്റെ ബൈജു കസ്റ്റഡിയിലുണ്ടെന്ന തരത്തില്‍ അവരുടെ പ്രസ്താവന വന്നിരുന്നു.” പൗരന്‍ പറയുന്നു.

അത് രണ്ടും തമ്മിലുള്ള വൈരുധ്യം നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നെന്നും ഇപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി പുറത്തായതോടെ ചിത്രം വ്യക്തമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്നും പൗരന്‍ പറയുന്നു. അതേസമയം സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബൈജു കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് കാണിച്ച് 22ന് രാത്രിയില്‍ ഒല്ലൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ 23ന് വൈകീട്ടാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. 22നാണ് ബൈജു മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇവിടെ നിന്നും പട്ടിക്കാട് റേഞ്ച് ഓഫിസറും രണ്ട് ഉദ്യോഗസ്ഥരും ബൈജുവിനെ തെളിവെടുപ്പിനായി കൊണ്ടു പോയി. രാത്രി തിരികെ സ്റ്റേഷനിലേക്കെത്തിയപ്പോഴാണ് ബൈജു രക്ഷപ്പെട്ടത്. ഉടന്‍ പൊലീസിനെ അറിയിച്ചതായും രേഖാമൂലം പരാതി നല്‍കിയതായും വനംവകുപ്പ് അധികൃതര്‍ അവകാശപ്പെട്ടു. പരാതി സ്വീകരിച്ച് രസീതും നല്‍കിയിട്ടുണ്ട്.

പിറ്റേന്ന് വീടിന് സമീപത്തെ റബര്‍ തോട്ടത്തിലാണ് ബൈജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം വിവാദമാവുമാകയും ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധമടക്കമുള്ള നടപടികളുമായി പ്രതിഷേധം രൂക്ഷമാകുകയും ചെയ്തപ്പോഴാണ് വൈകീട്ട് ഒല്ലൂര്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പൊലീസിന്റെ ഈ വീഴ്ച വനം വിജിലന്‍സും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന സ്‌പെഷല്‍ ബ്രാഞ്ചും കണ്ടെത്തി.

കീഴടങ്ങിയ ബൈജുവിനെ മൊഴി രേഖപ്പെടുത്തി ഒപ്പിടുവിച്ച് മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുന്നതടക്കമുള്ളവയില്‍ വനം ഉദ്യോഗസ്ഥര്‍ക്കുണ്ടായ വീഴ്ച കണ്ടെത്തിയതിന് പിറകെയാണ് ഒല്ലൂര്‍ പൊലീസ് നടത്തിയ ക്രമക്കേട് വനം വിജിലന്‍സും സ്‌പെഷല്‍ ബ്രാഞ്ചും കണ്ടത്തിയത്.