ഒറ്റ മാസം കൊണ്ട് കേരളത്തില്‍ നിന്ന് 300 കോടി കിട്ടുന്നത് കാണണോ, ഓഗസ്റ്റിന് ബോക്‌സ് ഓഫീസിനെ കാത്തിരിക്കുന്നത് പതിനാറിന്റെ പണി
Malayalam Cinema
ഒറ്റ മാസം കൊണ്ട് കേരളത്തില്‍ നിന്ന് 300 കോടി കിട്ടുന്നത് കാണണോ, ഓഗസ്റ്റിന് ബോക്‌സ് ഓഫീസിനെ കാത്തിരിക്കുന്നത് പതിനാറിന്റെ പണി
അമര്‍നാഥ് എം.
Sunday, 21st June 2026, 4:21 pm

കേരള ബോക്‌സ് ഓഫീസില്‍ എല്ലായ്‌പ്പോഴും വലിയ റവന്യൂ ലഭിക്കുന്ന സീസണാണ് ഓണം. സൂപ്പര്‍താരങ്ങളുടെ സിനിമകളെല്ലാം ഓണത്തിന് റിലീസ് ചെയ്ത് വലിയ ഹിറ്റായതിന്റെ ചരിത്രം ഇപ്പോഴും ചര്‍ച്ചയാണ്. ഈ വര്‍ഷത്തെ ഓണം സീസണ് ഗംഭീര സിനിമകളുടെ വലിയൊരു നിര തന്നെയുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി പത്തോളം സിനിമകള്‍ ഓഗസ്റ്റിന് റിലീസ് ചെയ്യുന്നുണ്ട്.

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി നായികയാകുന്ന തുടക്കമാണ് ഓഗസ്റ്റിലെ ആദ്യ റിലീസ്. 2018ന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് ഏഴിന് തിയേറ്ററുകളിലെത്തും. എക്‌സ്‌റ്റെന്‍ഡഡ് കാമിയോയായി മോഹന്‍ലാലും തുടക്കത്തിന്റെ ഭാഗമാണ്. ബോക്‌സ് ഓഫീസില്‍ സര്‍പ്രൈസ് ഹിറ്റായി തുടക്കം മാറിയേക്കുമെന്നാണ് കരുതുന്നത്.

സൂര്യ നായകനായെത്തുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സ്, സല്‍മാന്‍ ഖാന്റെ മാതൃഭൂമി എന്നീ ചിത്രങ്ങള്‍ ഓഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തും. കറുപ്പിന്റെ വന്‍ വിജയത്തിന് ശേഷം സൂര്യ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കി അട്‌ലൂരിയാണ്. മമിത ബൈജുവാണ് ചിത്രത്തിലെ നായിക. പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ കേരളത്തില്‍ നിന്ന് 20 കോടിയെങ്കിലും വിശ്വനാഥ് ആന്‍ഡ് സണ്‍സ് സ്വന്തമാക്കുമെന്നാണ് കരുതുന്നത്.

വിശ്വനാഥ് ആന്‍ഡ് സണ്‍സ് റിലീസ് ചെയ്ത് ഒരാഴ്ചക്കിപ്പുറം ഓണം റിലീസുകള്‍ തിയേറ്ററുകളിലെത്തും. പൃഥ്വിരാജ് നായകനാകുന്ന ഖലീഫ, ദുല്‍ഖറിന്റെ ഐ ആം ഗെയിം, നിവിന്‍ പോളിയുടെ ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്നീ ചിത്രങ്ങള്‍ ഓഗസ്റ്റ് 20ന് ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടും. മൂന്ന് സിനിമകള്‍ക്കും പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ബോക്‌സ് ഓഫീസില്‍ ഇതുവരെ കാണാത്ത കളക്ഷനാകും ലഭിക്കുക.

നാനി നായകനായെത്തുന്ന തെലുങ്ക് ചിത്രം പാരഡൈസ് ഓഗസ്റ്റ് 21ന് റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഷൂട്ട് പൂര്‍ത്തിയാകാനുള്ളതിനാല്‍ റിലീസ് വൈകിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെക്കാലമായി കാത്തിരിക്കുന്ന യഷിന്റെ ടോക്‌സിക്കും ഓഗസ്റ്റിലാണ് റിലീസ്. മാര്‍ച്ച് 19ന് റിലീസ് പ്രഖ്യാപിച്ച ചിത്രം ഒരുപാട് വൈകിയാണ് തിയേറ്ററുകളിലെത്തുന്നത്. കെ.ജി.എഫിന് ശേഷം യഷ് നായകനാകുന്ന ചിത്രമെന്ന ഹൈപ്പാണ് ടോക്‌സിക്കിനുള്ളത്.

ജൂലൈ അവസാനം തിയേറ്ററുകളിലെത്തുന്ന സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേയും മറ്റ് സിനിമകള്‍ക്ക് വെല്ലുവിളിയായേക്കും. ജൂലൈ 30നാണ് ബ്രാന്‍ഡ് ന്യൂ ഡേയുടെ റിലീസ്. എല്ലാ സിനിമകളും ഒന്നിച്ച് റിലീസ് ചെയ്യുന്നത് കളക്ഷനെ സാരമായി ബാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

 

ഖലീഫ, ഐ ആം ഗെയിം എന്നീ ചിത്രങ്ങള്‍ 50 കോടിയോളം ചെലവഴിച്ചാണ് ഒരുക്കുന്നത്. ഒന്നിച്ചുള്ള റിലീസ് തിയേറ്റര്‍ ചാര്‍ട്ടിങ്ങിനെ ഇപ്പോള്‍ ബാധിച്ചിരിക്കുകയാണ്. പല വമ്പന്‍ സ്‌ക്രീനുകളും ഇതിനോടകം ഇരു സിനിമകളും സ്വന്തമാക്കിക്കഴിഞ്ഞു. ഓഗസ്റ്റില്‍ മിനിമം 300 കോടിയെങ്കിലും കേരള ബോക്‌സ് ഓഫീസില്‍ നിന്ന് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

Content Highlight: August month movie clash is discussing in Social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം