ബ്രിട്ടനില്‍ മുസ്‌ലിം പള്ളികള്‍ക്ക് നേരെ അക്രമണങ്ങള്‍ വര്‍ധിക്കുന്നു; അഞ്ച് ദിവസത്തിലൊരിക്കല്‍ ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ട്
World News
ബ്രിട്ടനില്‍ മുസ്‌ലിം പള്ളികള്‍ക്ക് നേരെ അക്രമണങ്ങള്‍ വര്‍ധിക്കുന്നു; അഞ്ച് ദിവസത്തിലൊരിക്കല്‍ ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ട്
ആദർശ് എം.കെ.
Thursday, 23rd July 2026, 4:32 pm

ലണ്ടന്‍: ബ്രിട്ടനില്‍ ഇസ്‌ലാമോഫോബിയ അതിവേഗം വര്‍ധിക്കുന്നതായും മുസ്‌ലിം പള്ളികള്‍ക്ക് നേരെ ആക്രമണങ്ങള്‍ പെരുകുന്നതായും റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യു.കെയില്‍ ഓരോ അഞ്ച് ദിവസത്തിലും ശരാശരി ഒരു പള്ളി വീതം അക്രമത്തിന് ഇരയാകുന്നതായി ബ്രിട്ടീഷ് മുസ്‌ലിം ട്രസ്റ്റ് (ബി.എം.ടി) വെളിപ്പെടുത്തി.

സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ മുസ്‌ലിം വിരുദ്ധ വിദ്വേഷ സംഭവങ്ങള്‍ നിരീക്ഷിക്കുന്ന സംഘടനയായ ബി.എം.ടി, കഴിഞ്ഞ 12 മാസത്തിനിടെ പള്ളികള്‍ക്ക് നേരെ എഴുപതിലധികം ആക്രമണങ്ങള്‍ നടന്നതായി വ്യക്തമാക്കി.

വിവിധ തരത്തിലുള്ള ഭീഷണികള്‍ പള്ളികള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഭീഷണിപ്പെടുത്തല്‍, ശാരീരിക അക്രമങ്ങള്‍, പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ നശിപ്പിക്കല്‍, ശല്യം ചെയ്യല്‍, വിദ്വേഷ പ്രസംഗങ്ങള്‍, ഓണ്‍ലൈന്‍ വഴിയുള്ള അതിക്രമങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഇത്തരത്തില്‍ ഒന്‍പത് വ്യത്യസ്ത ആക്രമണങ്ങളാണ് ലണ്ടനില്‍ മാത്രം രേഖപ്പെടുത്തിയത്. ബെര്‍മിങ്ഹാം, വെസ്റ്റ് മിഡ്‌ലാന്‍ഡ്സിലെ ഒരു പള്ളിക്ക് നേരെ കഴിഞ്ഞ 12 മാസത്തിനിടെ മൂന്ന് തവണ ആക്രമണമുണ്ടായി.

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, വെസ്റ്റ് മിഡ്‌ലാന്‍ഡ്സ് എന്നിവിടങ്ങളിലാണ് ലണ്ടന് പുറമെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ദി ഗാര്‍ഡിയന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യം ശരിവെക്കുന്നു.

ഹോം ഓഫീസില്‍ നിന്നുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലും വെയില്‍സിലും മുസ്‌ലിം വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 2024 വര്‍ഷത്തില്‍ (2023 മാര്‍ച്ച് – 2024 മാര്‍ച്ച്) 2,690 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത്, 2025 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍ അത് 19 ശതമാനം വര്‍ധിച്ച് 3,199 കേസുകളായി ഉയര്‍ന്നു.

പള്ളികളുടെയും മുസ്‌ലിം വിദ്യാലയങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ 40 ദശലക്ഷം പൗണ്ട് (ഏകദേശം 53 ദശലക്ഷം ഡോളര്‍) പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഇത് യഥാസമയം ലഭ്യമാകുന്നില്ലെന്ന് സാമൂഹിക നേതാക്കള്‍ ആരോപിക്കുന്നു.

‘സുരക്ഷാ ഫണ്ട് ലഭിക്കുന്നതിനായി 18 മാസം വരെ നീളുന്ന കാലതാമസവും ഉദ്യോഗസ്ഥതലത്തിലുള്ള കടുപ്പമേറിയ തടസങ്ങളും വലിയ തിരിച്ചടിയാണ്. പള്ളികള്‍ക്ക് ഭീഷണിയുണ്ടെന്നതിന് ശക്തമായ തെളിവുകള്‍ ഹാജരാക്കണമെന്ന കര്‍ശന നിബന്ധന പലപ്പോഴും അടിയന്തര സുരക്ഷ ഉറപ്പാക്കുന്നതിന് തടസ്സമാകുന്നു,’ ബി.എം.ടി ചീഫ് എക്‌സിക്യുട്ടീവായ അഖീല അഹമ്മദ് പറഞ്ഞു.

രാജ്യത്ത് തീവ്ര വലതുപക്ഷ തീവ്രവാദം ശക്തി പ്രാപിക്കുന്നതിന്റെ സൂചനകളും റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്.

ദക്ഷിണ ലണ്ടനില്‍ രണ്ട് പള്ളികളെ ലക്ഷ്യമിട്ട് ആക്രമണത്തിന് പദ്ധതിയിട്ട സംഭവത്തില്‍ 14 വയസുകാരനെ അടുത്തിടെ കോടതിയില്‍ ഹാജരാക്കിയിരുന്നു. വടക്കന്‍ അയര്‍ലന്‍ഡ് മേഖലയില്‍ പള്ളിയുടെ മാതൃക നിര്‍മ്മിച്ച് അതിന് തീയിട്ട സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബ്രിട്ടനിലെ ആറില്‍ ഒരാള്‍ വീതം മുസ്‌ലിം ജനസംഖ്യയുടെ വളര്‍ച്ചയെ രാജ്യത്തിന്റെ സംസ്‌കാരത്തിന് ഭീഷണിയായി കാണുന്നുവെന്ന് അടുത്തിടെ നടന്ന പഠനം വ്യക്തമാക്കുന്നു.

ചെറിയ തോതിലുള്ള അക്രമ സംഭവങ്ങളോട് പോലും പോലീസ് കൃത്യസമയത്ത് പ്രതികരിക്കുന്നില്ലെന്നും ഇത് മുസ്‌ലിം സമൂഹത്തെ ഭയത്തിലും ആശങ്കയിലുമാക്കുന്നുവെന്നും ബി.എം.ടി വ്യക്തമാക്കി.

സ്‌കൂളുകള്‍ക്ക് നേരെയുള്ള ബോംബ് ഭീഷണികളും പള്ളികള്‍ക്ക് നേരെയുള്ള ഫയര്‍ബോംബ് ആക്രമണങ്ങളും രാജ്യത്ത് അതീവ ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെതിരെ അടിയന്തര ഘടനാപരമായ ഇടപെടല്‍ നടത്തണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

 

Content Highlight: Attacks on mosques in Britain are on the rise; reports indicate an attack occurs every five days.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.