മോഹന്‍ലാലിനെ താന്‍ കളിയാക്കിയതുപോലെ വേറെ ആരും അപമാനിച്ചിട്ടില്ല, മഹേഷ് നാരായണനെ തെറിവിളിച്ച പോസ്റ്റില്‍ അശ്വന്ത് കോക്കിനെതിരെ സോഷ്യല്‍ മീഡിയ
Malayalam Cinema
മോഹന്‍ലാലിനെ താന്‍ കളിയാക്കിയതുപോലെ വേറെ ആരും അപമാനിച്ചിട്ടില്ല, മഹേഷ് നാരായണനെ തെറിവിളിച്ച പോസ്റ്റില്‍ അശ്വന്ത് കോക്കിനെതിരെ സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Saturday, 2nd May 2026, 5:00 pm

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മാസ് മസാല സിനിമ എന്ന ആരാധകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിച്ചു എന്നാണ് പേട്രിയറ്റിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. ക്ലാസ് സിനിമകള്‍ മാത്രം ഒരുക്കിയിട്ടുള്ള മഹേഷ് നാരായണന്‍ ഇത്തവണയും തന്റെ സ്ഥിരം ശൈലിയിലാണ് സിനിമയെ സമീപിച്ചിട്ടുള്ളത്. ശക്തമായ പ്രമേയത്തിന്റെ മികച്ച മേക്കിങ്ങാണ് പേട്രിയറ്റിന്റെ ഹൈലൈറ്റ്.

മമ്മൂട്ടിക്കും മോഹന്‍ലാലിനും മാസ് മൊമന്റുകള്‍ ഇല്ലാത്തത് ഒരുവിഭാഗം ആരാധകരെ നിരാശരാക്കുന്നുണ്ട്. പലരും ഇക്കാര്യത്തില്‍ സംവിധായകനെ വിമര്‍ശിച്ചുകൊണ്ട് പോസ്റ്റുകള്‍ പങ്കുവെക്കുകയാണ്. യൂട്യൂബ് റിവ്യൂവറായ അശ്വന്ത് കോക്കിന്റെ പോസ്റ്റാണ് ഇതില്‍ പലരുടെയും ശ്രദ്ധ ആകര്‍ഷിച്ചത്. സംവിധായകനെ അങ്ങേയറ്റം നിശിതമായ ഭാഷയിലാണ് അശ്വന്ത് കോക്ക് വിമര്‍ശിച്ചിരിക്കുന്നത്.

L എന്ന ബ്രാന്‍ഡിന്റെ പേര് ഉപയോഗിച്ച് ഇത്തരമൊരു പരിപാടി നടത്തിയത് അങ്ങേയറ്റം മോശമാണെന്ന് മഹേഷ് നാരായണനെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് അശ്വന്ത് തന്റെ പോസ്റ്റ് ആരംഭിച്ചത്. ലാലേട്ടനെ തൊട്ടതിന് തന്നോട് പ്രതികാരം വീട്ടുമെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചത്. വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

എന്നാല്‍ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം പങ്കുവെച്ചുകൊണ്ട് പലരും അശ്വന്ത് കോക്കിനെ വിമര്‍ശിക്കുന്നുണ്ട്. മോഹന്‍ലാല്‍ എന്ന നടനെ തന്റെ റിവ്യൂകളിലെല്ലാം അങ്ങേയറ്റം മോശമായി വിമര്‍ശിക്കുന്നയാളാണ് അശ്വന്ത് കോക്കെന്ന് പലരും അഭിപ്രായപ്പെടുന്നു. എഫ്.എഫ്.സി പോലുള്ള ഫാന്‍ ഫൈറ്റ് ഗ്രൂപ്പുകള്‍ ആരംഭിച്ചയാളാണ് അശ്വന്ത് കോക്കെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

മലൈക്കോട്ടൈ വാലിബന്‍, എലോണ്‍ തുടങ്ങിയ സിനിമകള്‍ പരാജയമായപ്പോള്‍ മോഹന്‍ലാലിന്റെ അഭിനയത്തെ മോശം ഭാഷയില്‍ വിമര്‍ശിച്ചയാളാണ് അശ്വന്ത് കോക്കെന്നും മഹേഷ് നാരായണനെ വിമര്‍ശിക്കാന്‍ അശ്വന്ത് കോക്കിന് അര്‍ഹതയില്ലെന്നും ചിലര്‍ പോസ്റ്റില്‍ അഭിപ്രായപ്പെടുന്നുണ്ട്. അശ്വന്ത് കോക്കിനെപ്പോലെ ഒരാളുടെ അഭിപ്രായങ്ങള്‍ വിലക്കെടുക്കേണ്ടതില്ലെന്നും പോസ്റ്റുകളുണ്ട്.

ആറ് രാജ്യങ്ങളിലായി നൂറ് ദിവസത്തിലേറെ നീണ്ടുനിന്ന ഷൂട്ടിനൊടുവിലാണ് പേട്രിയറ്റ് തിയേറ്ററുകളിലെത്തിയത്. 125 കോടിയോളമാണ് ചിത്രത്തിന്റെ ബജറ്റ്. കാലികപ്രസക്തിയുള്ള വിഷയത്തെ ഗംഭീര മേക്കിങ്ങില്‍ അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. ബിഗ് എംസിന്റെ റീയൂണിയനില്‍ മാസ് സീനുകള്‍ പ്രതീക്ഷിച്ച് പേട്രിയറ്റിന് ടിക്കറ്റെടുത്താല്‍ നിരാശയാകും ഫലം.

Content Highlight: Aswanth Kok’s post about Mahesh Narayanan getting criticisms

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം