അടുത്ത കാലത്ത് ഏറ്റവും ഹിറ്റായ പാട്ടുകളിലൊന്നായിരുന്നു റാപ്പര്‍ അറിവും ഗായിക ദീയും കൂടി പാടിയ എന്‍ജോയി എന്‍ജാമി എന്ന റാപ്പ്. കോടി കണക്കിന് പേരാണ് പാട്ട് കേട്ടത്. പാട്ടിന് ലിപ് സിങ്ക് ചെയ്തും വീഡിയോ ഒരുക്കിയും സിനിമാ മേഖലയിലടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
ഇപ്പോള്‍ അറിവ് തന്നെ ലിപ് സിങ്ക് വീഡിയോയുമായി എത്തിയിരിക്കുകയാണ്. തമിഴ്‌നാടില്‍ ഇന്നായിരുന്നു വോട്ടെടുപ്പ്. വോട്ട് ചെയ്തതിന് പിന്നാലെയാണ് മുത്തശ്ശിയായ വള്ളിയമ്മാള്‍ക്കൊപ്പം എന്‍ജോയി എന്‍ജാമിയ്ക്ക് ലിപ് സിങ്ക് ചെയ്ത വീഡിയോയുമായി അറിവ് എത്തിയത്. തെരുക്കുറല്‍ എന്ന തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് അറിവ് വീഡിയോ പങ്കുവെച്ചത്.
ഇതിനകം ആയിര കണക്കിന് പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. പേരക്കുട്ടിയേക്കാള്‍ വൈബില്‍ പാട്ടിന് താളം പിടിക്കുന്നത് മുത്തശ്ശിയാണെന്നാണ് ചിലരുടെ കമന്റുകള്‍.
നാടന്‍പാട്ടിന്റെ സൗന്ദര്യമുള്ള വരികള്‍ റാപ്പ് രൂപത്തില്‍ ആലപിച്ചതിനൊപ്പം കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യാവിഷ്‌ക്കാരവുമായി മാര്‍ച്ച് ഏഴിനാണ് യൂട്യൂബില്‍ റിലീസ് ചെയ്തത്. സന്തോഷ് നാരായണനാണ് പാട്ടിന്റെ പ്രൊഡ്യൂസര്‍.
Content Highlight: Arivu lip sink video on Enjoy Enjaami with grandmother after voting in Tamilnadu Election
