തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങളില്‍ പുതിയ വെളിപ്പെടുത്തലുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മഹാരാഷ്ട്രയുടെ സംഘടനാ ചുമതലയിലിരുന്ന സമയത്ത് വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍ നേരിട്ട് പരിശോധിച്ചപ്പോഴാണ് ജനാധിപത്യത്തെ അട്ടിമറിക്കുന്ന വലിയ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെടുന്നതെന്ന് ചെന്നിത്തല പറഞ്ഞു. ഫേസ് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വെറും അഞ്ച് മാസത്തിനിടെ മഹാരാഷ്ട്രയില്‍ 39 ലക്ഷം പുതിയ വോട്ടര്‍മാര്‍ കടന്നുകൂടിയിരുന്നുവെന്നും മണ്ഡലം തിരിച്ച് പരിശോധിച്ചപ്പോള്‍ത്തന്നെ ഈ അസ്വാഭാവികത തനിക്ക് വ്യക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് ആകെ 32 ലക്ഷം പേര്‍ മാത്രമാണ് വര്‍ധിച്ചിരുന്നത്. ഈ കണ്ടെത്തലുകള്‍ മഹാരാഷ്ട്രയുടെ മാത്രം വിഷയമല്ലെന്നും, ഓരോ പൗരന്റെയും വോട്ടവകാശത്തെ ബാധിക്കുന്ന ഗൗരവമുള്ള ദേശീയ പ്രശ്‌നമാണെന്നും ബോധ്യപ്പെട്ടതോടെയാണ് ഈ വസ്തുതകള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് മുന്നില്‍ എത്തിച്ചത്. ഈ വിഷയത്തിന്റെ ആഴവും വ്യാപ്തിയും തിരിച്ചറിഞ്ഞ രാഹുല്‍ ഗാന്ധി, ഇതിനെ പൂര്‍ണ ഗൗരവത്തോടെ ഏറ്റെടുക്കുകയും വോട്ട് ചോരി എന്ന ശക്തമായ രാഷ്ട്രീയ പോരാട്ടമായി ദേശീയതലത്തില്‍ തുറന്നുകാട്ടുകയും ചെയ്തു,’ ചെന്നിത്തല പറഞ്ഞു.
ഇന്ന് മഹാരാഷ്ട്രയിലെ എസ്.ഐ.ആര്‍ ഡ്രാഫ്റ്റ് പട്ടികയില്‍ വന്ന പുതിയ മാറ്റങ്ങളും വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സുതാര്യത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇവിടെ ചോദ്യം ഒന്നേയുള്ളൂ: ജനങ്ങളുടെ വോട്ട് സുരക്ഷിതമാണോ?
തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പരമാവധി സുതാര്യത ഉറപ്പാക്കിയേ മതിയാകൂ. വോട്ട് എന്നത് പരമാധികാരമാണ്. പൊതുജനത്തിന്റെ ഈ പരമാധികാരം അട്ടിമറിക്കപ്പെടാതിരിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ശക്തമായി പ്രതിരോധം തീര്‍ക്കും,’ ചെന്നിത്തല കുറിച്ചു.
Content Highlight: Are people’s votes secure? Ramesh Chennithala points to the abnormal increase in the Maharashtra voters’ list.
