സയണിസ്റ്റ് വിരുദ്ധതയെന്നാല്‍ ജൂതവിരുദ്ധതയല്ല, അതിനെ വംശീയമെന്ന് വിശേഷിപ്പിക്കുന്നതില്‍ യുക്തിയുണ്ട്: യു.കെ ട്രൈബ്യൂണല്‍
World News
സയണിസ്റ്റ് വിരുദ്ധതയെന്നാല്‍ ജൂതവിരുദ്ധതയല്ല, അതിനെ വംശീയമെന്ന് വിശേഷിപ്പിക്കുന്നതില്‍ യുക്തിയുണ്ട്: യു.കെ ട്രൈബ്യൂണല്‍
ആദർശ് എം.കെ.
Tuesday, 4th August 2026, 10:24 pm

 

ലണ്ടന്‍: സയണിസ്റ്റ് വിരുദ്ധ വിശ്വാസങ്ങള്‍ക്ക് യു.കെയുടെ 2010-ലെ സമത്വ നിയമപ്രകാരം നിയമപരമായ സംരക്ഷണമുണ്ടെന്ന മുന്‍ വിധി ശരിവെച്ച് യു.കെ എംപ്ലോയ്‌മെന്റ് അപ്പീല്‍ ട്രൈബ്യൂണല്‍. ഇസ്രഈല്‍ അനുകൂല ലോബികളെ കുറിച്ചുള്ള പരസ്യ പ്രതികരണങ്ങള്‍ക്ക് പിന്നാലെ അധ്യാപകനെ ജോലിയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ ബ്രിസ്റ്റോള്‍ സര്‍വകലാശാല നല്‍കിയ അപ്പീല്‍ പൂര്‍ണമായി തള്ളിക്കൊണ്ടാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്.

ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ സോഷ്യോളജി അധ്യാപകനായിരുന്ന പ്രൊഫസര്‍ ഡേവിഡ് മില്ലര്‍, സയണിസത്തെയും ഇസ്രഈല്‍ അനുകൂല ലോബി ഗ്രൂപ്പുകളെയും പറ്റി നടത്തിയ പരസ്യ പരാമര്‍ശങ്ങളെ തുടര്‍ന്ന് 2021 ഒക്ടോബറിലാണ് ഗുരുതരമായ പെരുമാറ്റദൂഷ്യം ആരോപിച്ച് പുറത്താക്കപ്പെട്ടത്.

എന്നാല്‍ തനിക്കെതിരെയുള്ള നടപടി നിയമവിരുദ്ധമായ വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം എംപ്ലോയ്‌മെന്റ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.

2024ല്‍ കേസ് പരിഗണിച്ച ട്രൈബ്യൂണല്‍, മില്ലറുടെ ആന്റി-സയണിസ്റ്റ് ആശയങ്ങള്‍ സമത്വ നിയമപ്രകാരം സംരക്ഷിക്കപ്പെട്ട തത്വചിന്താപരമായ വിശ്വാസങ്ങളാണെന്നും അദ്ദേഹത്തെ പുറത്താക്കിയത് വിവേചനപരമാണെന്നും വിധിച്ചു. ഈ വിധിക്കെതിരെയാണ് സര്‍വകലാശാല അപ്പീല്‍ കോടതിയെ സമീപിച്ചത്.

കേസില്‍ വാദം കേട്ട അപ്പീല്‍ ട്രൈബ്യൂണല്‍, ഒരു നിശ്ചിത പ്രദേശത്ത് ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി രാജ്യം സ്ഥാപിക്കാന്‍ ലക്ഷ്യമിടുകയും, സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയോടെ അവിടെയുണ്ടായിരുന്ന പ്രാദേശിക ജനവിഭാഗങ്ങളെ കുടിയൊഴിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സയണിസത്തെ വംശീയമെന്നോ കൊളോണിയല്‍ രൂപമെന്നോ വിശേഷിപ്പിക്കുന്നത് വ്യക്തമായ യുക്തിയുള്ള ആശയമാണെന്ന് നിരീക്ഷിച്ചു.

അതുകൊണ്ടുതന്നെ ഇത്തരം വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ക്ക് നിയമപരമായ സംരക്ഷണത്തിന് അര്‍ഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി.

അപ്പീല്‍ തള്ളപ്പെട്ടതോടെ ഈ വിധി സയണിസ്റ്റ് വിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും ലഭിച്ച വലിയ വിജയമാണെന്നായിരുന്നു ഡേവിഡ് മില്ലറിന്റെ പ്രതികരണം.

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനും സ്ഥാപനത്തിന്റെ പ്രശസ്തി സംരക്ഷിക്കാനും സര്‍വകലാശാലയ്ക്ക് അവകാശമുണ്ടെങ്കിലും, ഡേവിഡ് മില്ലറെ നേരിട്ട് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത് അത്യധികം കഠിനവും അനാവശ്യവുമായ നടപടിയാണെന്ന് അപ്പീല്‍ കോടതി വിലയിരുത്തി.

മില്ലറുടെ പ്രസ്താവനകള്‍ നിയമവിരുദ്ധമോ, ജൂതവിരുദ്ധമോ അക്രമത്തിന് ആഹ്വാനം ചെയ്യുന്നതോ, സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതോ ആയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അച്ചടക്ക നടപടിയെന്ന നിലയില്‍ കുറഞ്ഞ ശിക്ഷ മാത്രമേ നല്‍കേണ്ടിയിരുന്നുള്ളൂ എന്ന് വ്യക്തമാക്കി.

അതേസമയം, ജൂത വിദ്യാര്‍ത്ഥി സംഘടനകള്‍ക്കെതിരെ മില്ലര്‍ നടത്തിയ പ്രസ്താവനകള്‍ വിഷയത്തിന്റെ തീവ്രത വര്‍ധിപ്പിച്ചുവെന്ന സര്‍വകലാശാലയുടെ വാദം കോടതി ഭാഗികമായി അംഗീകരിച്ചു.

പിരിച്ചുവിടലിലേക്ക് നയിച്ച സാഹചര്യങ്ങളില്‍ മില്ലര്‍ക്കും പങ്കുള്ളതിനാല്‍ അദ്ദേഹത്തിന് ലഭിക്കേണ്ട നഷ്ടപരിഹാര തുകയില്‍ 50 ശതമാനം കുറവ് വരുത്താന്‍ കോടതി ഉത്തരവിട്ടു.

 

Content Highlight: Anti-Zionism is not antisemitism; there is logic in describing it as racist: UK Tribunal.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.