മോഹന്‍ലാലിന്റെ ഒടിയനില്‍ പോലും കാണിക്കാത്ത വയലന്‍സ്, രാജുവേട്ടന്റെ ഒടിയനില്‍ എക്‌സ്ട്രീം വയലന്‍സ് തന്നെയാകുമെന്ന് പോസ്റ്റര്‍
Malayalam Cinema
മോഹന്‍ലാലിന്റെ ഒടിയനില്‍ പോലും കാണിക്കാത്ത വയലന്‍സ്, രാജുവേട്ടന്റെ ഒടിയനില്‍ എക്‌സ്ട്രീം വയലന്‍സ് തന്നെയാകുമെന്ന് പോസ്റ്റര്‍
അമര്‍നാഥ് എം.
Tuesday, 16th June 2026, 6:46 pm

മലയാളത്തില്‍ ഇതുവരെ വന്നതില്‍ വെച്ച് ഏറ്റവും ഹൈപ്പേറിയ സിനിമകളില്‍ മുന്‍പന്തിയില്‍ തന്നെയാണ് ഒടിയന്റെ സ്ഥാനം. അനൗണ്‍സ്‌മെന്റ് മുതല്‍ സൃഷ്ടിച്ച ഹൈപ്പ് റിലീസ് ദിവസം വരെ കാത്തുസൂക്ഷിക്കുന്നതില്‍ അണിയറപ്രവര്‍ത്തകര്‍ വിജയിച്ചു. എന്നാല്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ചിത്രത്തിന് സാധിച്ചില്ല. സോഷ്യല്‍ മീഡിയയില്‍ ഒടിയന്‍ പിന്നീട് ട്രോള്‍ മെറ്റീരിയലായി മാറുകയും ചെയ്തു.

കേരളത്തിലെ ഫോക്ക്‌ലോറില്‍ ഒരുപാട് സാധ്യതകളുണ്ടായിരുന്ന ഒരു കഥയെ സിനിമയാക്കിയപ്പോള്‍ പ്രേക്ഷകകര്‍ ഉദ്ദേശിച്ച ഒന്നും ലഭിക്കാതെ പോയി. ഇപ്പോഴിതാ ഒടിയന്‍ എന്ന കണ്‍സെപ്റ്റ് ഒരിക്കല്‍കൂടി വെള്ളിത്തിരയിലെത്തുകയാണ്. ഹൊറര്‍ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രാഹുല്‍ സദാശിവന്റെ പുതിയ ചിത്രം അനൗണ്‍സ് ചെയ്തു. ഒടിയന്‍ എന്ന് തന്നെയാണ് ഈ പ്രൊജക്ടിന്റെയും പേര്.

ഒരൊറ്റ അനൗണ്‍സ്‌മെന്റിലൂടെ സോഷ്യല്‍ മീഡിയ മുഴുവന്‍ ഒടിയന്‍ മയമാണ്. അന്യഗ്രഹജീവിയെ മുതല്‍ ചാത്തനെ വരെ വ്യത്യസ്തമായി അവതരിപ്പിച്ച രാഹുല്‍ സദാശിവന്‍ ഒടിയനിലും ഞെട്ടിക്കുമെന്നാണ് സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നത്. മോഹന്‍ലാലിന്റെ ഒടിയനില്‍ നിന്ന് ഈ ചിത്രം എത്രമാത്രം വ്യത്യസ്തമാകുമെന്ന കാര്യത്തിലും ചര്‍ച്ചകളുണ്ട്.

ചിത്രത്തിന്റെ പോസ്റ്ററും പലരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നു. വൃത്തത്തിനുള്ളില്‍ ഒടിയന്റെ കൊമ്പുള്ള ഒരു അസ്ഥികൂടവും അയാളുടെ കൈയില്‍ മറച്ചുപിടിച്ചിരിക്കുന്ന വസ്തുവും കാണാനാകും. കഥകളനുസരിച്ച് ഒടിയന്മാര്‍ രൂപം മാറാന്‍ ഗര്‍ഭിണിയായ സ്ത്രീകളെ വശീകരിച്ച് അവരില്‍ നിന്ന് പിള്ളതൈലവും ഗര്‍ഭപിണ്ഡവും എടുക്കുമെന്നാണ് പറയാറുള്ളത്.

ശ്രീകുമാര്‍ മേനോന്‍ ഒരുക്കിയ ഒടിയനില്‍ ഇത്തരമൊരു കാര്യം കാണിക്കുന്നില്ല. രൂപം മാറുന്ന മൃഗത്തിന്റെ കുളമ്പ് ഉപയോഗിച്ചാണ് രൂപമാറ്റം നടത്തുന്നതായി കാണിക്കുന്നത്. വയലന്‍സിന്റെ അളവ് കുറക്കാനാണ് ഈയൊരു കാര്യം നടത്തിയതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കഥക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന രാഹുല്‍ സദാശിവന്‍ തന്റെ ഒടിയനെ മാക്‌സിമം വയലന്‍സില്‍ അവതരിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്.

പൃഥ്വിരാജിനൊപ്പം മഞ്ജു വാര്യറും ഒടിയനില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. വിപിന്‍ ദാസിനൊപ്പമുള്ള സന്തോഷ് ട്രോഫി ഒഴിവാക്കിയിട്ടാണ് പൃഥ്വി ഒടിയന്‍ തെരഞ്ഞെടുത്തത്. ബോളിവുഡ് വമ്പന്മാരായ ധര്‍മ പ്രൊഡക്ഷന്‍സിന്റെ മോളിവുഡ് എന്‍ട്രി കൂടിയാണ് ഒടിയന്‍. ഈ വര്‍ഷം ഒക്ടോബറില്‍ ഷൂട്ട് ആരംഭിക്കുമെന്നാണ് കരുതുന്നത്.

Content Highlight: Analysis of Prithviraj’s Odiyan and Mohanlal’s Odiyan movie poster

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം