അമിത് ഷാ ഐസൊലേഷനിലായിരിക്കാം, പക്ഷേ...; ഗെലോട്ടിന് ശിവസേനയുടെ ജാഗ്രത മുന്നറിയിപ്പ്
Rajastan Crisis
അമിത് ഷാ ഐസൊലേഷനിലായിരിക്കാം, പക്ഷേ...; ഗെലോട്ടിന് ശിവസേനയുടെ ജാഗ്രത മുന്നറിയിപ്പ്
ന്യൂസ് ഡെസ്‌ക്
Tuesday, 4th August 2020, 6:43 pm

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി കൊവിഡ് ചികിത്സയിലും ഐസൊലേഷനിലുമാണെങ്കിലും ജാഗ്രത പാലിക്കണമെന്ന് കോണ്‍ഗ്രസിനോട് ശിവസേന. അമിത് ഷാ ഐസൊലേഷനിലാണെന്ന് കരുതി സന്തോഷിക്കേണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് ശിവസേന മുന്നറിയിപ്പ് നല്‍കി. എവിടെയായിരുന്നാലും രാഷ്ട്രീയ ശസ്ത്രക്രിയകള്‍ നടത്താനുള്ള ശേഷി അമിത് ഷായ്ക്കുണ്ടെന്നും ശിവസേനയുടെ മുഖപത്രമായ സാംമ്‌നയുടെ എഡിറ്റോറിയലില്‍ പറയുന്നു.

രാജസ്ഥാന്‍ പ്രതിസന്ധിയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടായിരുന്നു ശിവസേന ഇക്കാര്യങ്ങള്‍ പറഞ്ഞത്. അമിത് ഷാ ഐസൊലേഷനിലായിരിക്കുമ്പോഴും കോണ്‍ഗ്രസിന് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിവന്നു. അതിന്റെ അര്‍ത്ഥം ഗെലോട്ട് സര്‍ക്കാരിനുള്ള ഭീഷണി തുടരുന്നു എന്നും സേന ചൂണ്ടിക്കാട്ടി.

അതേസമയം, രാജസ്ഥാനിലെ വിമത എം.എല്‍.എമാര്‍ക്കു മുമ്പില്‍ ഉപാധികള്‍ നിരത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. രാഷ്ട്രീയ നാടകങ്ങള്‍ക്ക് തുടക്കമിട്ട 19 എം.എല്‍.എമാര്‍ക്കും പാര്‍ട്ടിയുമായി മുന്നോട്ടുപോകണമെന്നുണ്ടെങ്കില്‍ ആദ്യം ഹരിയാനയിലെ ഖട്ടര്‍ സര്‍ക്കാരിന്റെ ആതിഥ്യവും ബി.ജെ.പിയുടെയും ഹരിയാന പൊലീസിന്റെയും സംരക്ഷണവും ഒഴിവാക്കണമെന്ന് പാര്‍ട്ടി ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു. അങ്ങനെ ചെയ്താല്‍ എംഎല്‍.എമാരുമായി ചര്‍ച്ച നടത്താമെന്നും അദ്ദേഹം അറിയിച്ചു.

വിമതര്‍ക്കായി കോണ്‍ഗ്രസിന്റെ വാതിലുകള്‍ തുറന്നിട്ടുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അവരാദ്യം ബി.ജെ.പിയുടെ ആതിഥ്യവും സൗഹൃദവും ഹരിയാന പോലീസിന്റെ സുരക്ഷയും ഉപേക്ഷിക്കണമെന്നായിരുന്നു സുര്‍ജേവാലയുടെ മറുപടി.

കോണ്‍ഗ്രസ് എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന ജയ്സാല്‍മീറിലെ ഹോട്ടലിന് പുറത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

‘നിരപരാധികളായ കുട്ടികളെ കൊലപ്പെടുത്തുകയും സ്ത്രീകള്‍ കൂട്ട ബലാത്സംഗത്തിന് ഇരയാവുകയും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പതിവാകുകയും ചെയ്യുന്ന ഹരിയാനയില്‍ അവര്‍ക്കൊന്നും പൊലീസിന്റെ യാതൊരു സംരക്ഷണവുമില്ല. എന്നാല്‍ 19 എം.എല്‍.എമാര്‍ക്കായി ആയിരത്തോളം പൊലീസുകാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്. വിമത എം.എല്‍.എമാര്‍ക്ക് ബി.ജെ.പി സുരക്ഷ ഒരുക്കുന്നു. എന്താണിതിന്റെ അര്‍ത്ഥം?’, അദ്ദേഹം ചോദിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ