അല്‍പേഷ് താക്കൂര്‍ ബി.ജെ.പിയില്‍ ചേര്‍ന്നെന്ന് റിപ്പോര്‍ട്ട്
National Politics
അല്‍പേഷ് താക്കൂര്‍ ബി.ജെ.പിയില്‍ ചേര്‍ന്നെന്ന് റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്‌ക്
Monday, 27th May 2019, 5:50 pm

അഹമ്മദാബാദ്: കോണ്‍ഗ്രസ് മുന്‍ നേതാവും എം.എല്‍.എയുമായ അല്‍പേഷ് താക്കൂര്‍ ബി.ജെ.പിയിലേക്കെന്ന് റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡേ ആണ് ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലുമായി അല്‍പേഷ് താക്കൂര്‍ ചര്‍ച്ച നടത്തി. അല്‍പേഷ് താക്കൂറിനൊപ്പം നാല് പേരും ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

രാധന്‍പൂര്‍ എം.എല്‍.എയായ അല്‍പേഷ് താക്കൂര്‍ രണ്ട് സഹപ്രവര്‍ത്തകര്‍ക്കൊപ്പം കഴിഞ്ഞ മാസമാണ് കോണ്‍ഗ്രസ് വിട്ടത്.

പാര്‍ട്ടി നേതൃത്വം താക്കൂര്‍ സമുദായത്തെ അവഗണിക്കുന്നെന്ന് ആരോപിച്ചാണ് അല്‍പേഷ് പാര്‍ട്ടി വിട്ടത്. പതാന്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ അല്‍പേഷ് താല്‍പര്യം കാണിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് മുന്‍ എംപി ജഗദീഷ് താക്കൂറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.


നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു അല്‍പേഷ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേയ്ക്ക് പോയേക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം അതെല്ലാം നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

2017-ലാണ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസിലെത്തുന്നത്. കോണ്‍ഗ്രസില്‍ ഉറച്ചുനിന്നുകൊണ്ട് തന്നെ താക്കൂര്‍ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നാണ് അന്ന് അല്‍പേഷ് താക്കൂര്‍ പറഞ്ഞിരുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് എം.എല്‍.എയുമായി. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ബി.ജെ.പി നേതാവിനെ 15,000ല്‍ പരം വോട്ടുകള്‍ക്കാണ് അല്‍പേഷ് താക്കൂര്‍ പരാജയപ്പെടുത്തിയത്.

WATCH THIS VIDEO: