മുംബൈ: നടി ആലിയ ഭട്ടിനെതിരെ സ്വജനപാക്ഷപാതത്തിന്റെയും കുടുംബ വാഴ്ചയുടെയും പേരില്‍ നിരന്തര വിമര്‍ശനം വരുന്നതിനിടെ വിമര്‍ശകര്‍ക്ക് മറുപടിയുമായി ആലിയ ഭട്ടിന്റെ അമ്മയും നടിയുമായ സോണി റസ്ദന്‍. സ്വജനപക്ഷപാതത്തെക്കുറിച്ച് ഇപ്പോള്‍ ഒച്ച വെക്കുന്നവര്‍ സ്വന്തം മക്കള്‍ സിനിമാ മേഖലയില്‍ വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ എന്തു ചെയ്യും എന്നാണ് സോണി റസദന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

സ്വജനപക്ഷ പാതത്തെക്കുറിച്ച് സംവിധായകന്‍ ഹന്‍സല്‍ മെഹ്ത ചെയ്ത ട്വീറ്റിന് മറുപടിയായാണ് സോണി റസ്ദന്റെ ട്വീറ്റ്.

‘ ഒരാളുടെ മകനോ മകളോ ആയതിന്റെ പേരില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രതീക്ഷ വളരെ വലുതാണ്. ഇപ്പോള്‍ സ്വജനപക്ഷപാതത്തെകുറിച്ച് ഒച്ച വെക്കുന്നവര്‍ക്കും സ്വന്തം നിലയില്‍ നേടിയെടുത്തവര്‍ക്കും ഒരു നാള്‍ കുട്ടികളുണ്ടാവും. അവര്‍ക്ക് സിനിമാ മേഖലയിലേക്ക് ചേരണമെന്നാവശ്യപ്പെട്ടാല്‍ എന്തു ചെയ്യും? അവര്‍ അത് തടയുമോ?,’ സോണി റസ്ദന്‍ ട്വീറ്റ് ചെയ്തു.

സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും സോണി റസദിന്റെയും മകള്‍ ആലിയ ഭട്ട് ബോളിവുഡില്‍ നിലയുറപ്പിച്ചത് സിനിമാ കുടുംബത്തില്‍ നിന്നുള്ള ആളായതിനാലാണെന്ന് ആരോപിച്ചു കൊണ്ട് വിമര്‍ശനം വരുന്ന സാഹചര്യത്തിലാണ് ആലിയയുടെ അമ്മയുടെ പ്രതികരണം.

നടി കങ്കണ റണൗത്ത് ആണ് സുശാന്ത് സിംഗിന്റെ മരണത്തിനു ശേഷം ബോളിവുഡ് സ്വജനപക്ഷപാതത്തിനെതിരെ ആരോപണം ആദ്യം ഉന്നയിച്ചത്. പിന്നാലെ ആലിയ ഭട്ടിനെതിരെയും സോനം കപൂറിനെതിരെയും സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനു മുമ്പ് കുടുംബാധിപത്യത്തില്‍ മഹേഷ് ഭട്ടിനെതിരെയും ആലിയ ഭട്ടിനെതിരെയും കങ്കണ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക