കിരീടപ്പോരില്‍ അല്‍ നസര്‍ വീണു; സൗദിയില്‍ റൊണാള്‍ഡോക്ക് വീണ്ടും കണ്ണുനീര്‍
Football
കിരീടപ്പോരില്‍ അല്‍ നസര്‍ വീണു; സൗദിയില്‍ റൊണാള്‍ഡോക്ക് വീണ്ടും കണ്ണുനീര്‍
Sudev A
Sunday, 17th May 2026, 8:31 am

2026 എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് 2 ഫൈനല്‍ സൗദി വമ്പന്മാരായ അല്‍ നസറിന് തോല്‍വി. റിയാദിലെ അല്‍ അവ്വാല്‍ പാര്‍ക്കില്‍ നടന്ന കലാശപ്പോരില്‍ ജാപ്പനീസ് ക്ലബ് ഗാംബ ഒസാക്കയാണ് അല്‍ നസറിനെ വീഴ്ത്തി കിരീടം ചൂടിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ടീമിന്റെ വിജയം.

മത്സരം തുടങ്ങി 29ാം മിനിറ്റില്‍ തന്നെ ഗാംബ ഒസാക്ക ഗോള്‍ നേടി. ഡെനീസ് ഹമ്മെറ്റാണ് ജപ്പാന്‍ ക്ലബിന് വേണ്ടി ലക്ഷ്യം കണ്ടത്. ഒടുവില്‍ ആദ്യ പകുതിയില്‍ ഒസാക്ക ഈ ഗോളിന്റെ പിന്‍ബലത്തില്‍ ആധിപത്യം ഉറപ്പാക്കുകയായിരുന്നു.

മറുപടി ഗോളിന് വേണ്ടി അല്‍ നസര്‍ നീക്കങ്ങള്‍ നടത്തിയെങ്കിലും ഒസാക്ക ഇതെല്ലം തടഞ്ഞു നിര്‍ത്തുകയായിരുന്നു. മത്സരത്തില്‍ ബോള്‍ പൊസഷനിലും ഷോട്ടുകളുടെ എണ്ണത്തിലുമെല്ലാം ആധിപത്യം പുലര്‍ത്തിയ അല്‍ നസര്‍ ഗോള്‍ സ്‌കോര്‍ ചെയ്യുന്നതില്‍ പരാജയപ്പെടുകയായിരിക്കുന്നു.

67 ശതമാനം ബോള്‍ പൊസഷന്‍ സ്വന്തമാക്കിയ അല്‍ നസര്‍ 17 ഷോട്ടുകളാണ് എതിര്‍ ടീമിന്റെ പോസ്റ്റിലേക്ക് അടിച്ചുകൂട്ടിയത്. ഇതില്‍ ആറ് ഷോട്ടുകളും ഓണ്‍ ടാര്‍ഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് മൂന്ന് ഷോട്ടുകളില്‍ രണ്ട് ഷോട്ടുകളാണ് ഒസാക്ക ലക്ഷ്യത്തിലേക്ക് എത്തിച്ചത്.

ഈ കിരീടവും നഷ്ടമായതോടെ അല്‍ നസറിനൊപ്പം ഒരു മേജര്‍ ട്രോഫിയെന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാത്തിരിപ്പും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഈ കിരീടം നഷ്ടമായെങ്കിലും സൗദി പ്രൊ ലീഗ് കിരീടത്തിന് അടുത്തെത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

സമീപ വര്‍ഷങ്ങളിലെല്ലാം കയ്യകലെ നഷ്ടമായ ലീഗ് കിരീടം ഇത്തവണ അല്‍ നസറിന് സ്വന്തമാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ സൗദി പ്രൊ ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അല്‍ നസര്‍.

ലീഗില്‍ ഈ സീസണില്‍ നാല് മത്സരങ്ങളില്‍ മാത്രമാണ് അല്‍ നസര്‍ തോല്‍വി നേരിട്ടത്. 33 മത്സരങ്ങളില്‍ നിന്നും 27 വിജയമാണ് അല്‍ നസര്‍ ഈ സീസണില്‍ നേടിയെടുത്തത്. രണ്ട് മത്സരം സമനിലയിലാവുകയും ചെയ്തു. 83 പോയിന്റോടെയാണ് അല്‍ നസര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

രണ്ടാം സ്ഥാനത്തുള്ള അല്‍ ഹിലാലിന് 81 പോയിന്റാണുള്ളത്. അല്‍ നസറുമായി രണ്ട് പോയിന്റ് വ്യത്യാസമുള്ള അല്‍ ഹിലാലിനും കിരീട സാധ്യതകളുണ്ട്. അല്‍ ഹിലാലിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ വിജയിക്കാന്‍ റൊണാള്‍ഡോക്കും സംഘത്തിനും സാധിച്ചിരുന്നെങ്കിൽ കിരീടം ഉറപ്പാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ആ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി പോയിന്റുകള്‍ പങ്കുവെച്ചു.

സൗദി ലീഗില്‍ മെയ് 21ന് ഡമാക്കിനെതിരെയാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റെയും അടുത്ത മത്സരം. ഈ മത്സരം വിജയിച്ചാല്‍ അല്‍ നസറിന് ചാമ്പ്യന്മാരാവും.

Content Highlight: Al Nassr and Cristiano Ronaldo failed to lift AFC Champions League 2 trophy

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.