ശ്രീലങ്കയില്‍ നിന്നും ഞാന്‍ പഠിച്ച പ്രധാന കാര്യമാണത്: ഇന്ത്യക്ക് നിര്‍ദേശവുമായി രഹാനെ
Cricket
ശ്രീലങ്കയില്‍ നിന്നും ഞാന്‍ പഠിച്ച പ്രധാന കാര്യമാണത്: ഇന്ത്യക്ക് നിര്‍ദേശവുമായി രഹാനെ
സുദേവ് എ
Sunday, 9th August 2026, 7:15 am

ശ്രീലങ്കക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.

ഇപ്പോഴിതാ ഈ പരമ്പരക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിന് ഒരു നിര്‍ണായകമായ നിര്‍ദേശം നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെ. സ്പിന്നിനെ അനുകൂലിക്കുന്ന ശ്രീലങ്കന്‍ പിച്ചുകളിൽ അധികം പ്രതിരോധിച്ചു കളിക്കാന്‍ സാധിക്കില്ലെന്നാണ് രഹാനെ പറഞ്ഞത്. ശ്രീലങ്കയില്‍ ആദ്യ ദിവസം പിച്ച് ബാറ്റിങ്ങിന് അനുകൂലമാവുമെന്നും മുന്‍ ഇന്ത്യന്‍ താരം വ്യക്തമാക്കി.

‘ശ്രീലങ്കയില്‍ ആദ്യ ദിവസം ബാറ്റിങ്ങിന് വളരെ മികച്ചതായിരിക്കും. അവിടെ ബൗളര്‍മാരുടെ മികവ് വളരെ പ്രധാനപ്പെട്ടതാണ്. ശ്രീലങ്കയില്‍ നിന്നും ഞാന്‍ പഠിച്ച പ്രധാന കാര്യമാണത്. അവിടെ അധികം ഡിഫന്‍സ് ചെയ്തു കളിക്കാന്‍ സാധിക്കില്ല. അവര്‍ കൂടുതല്‍ അക്രമാത്മകമായി കളിക്കണം. ശ്രീലങ്കയില്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ വിക്കറ്റുകള്‍ ആയിരിക്കും ഉണ്ടായിരിക്കുക. ശ്രീലങ്കന്‍ ടീമില്‍ മികച്ച സ്പിന്നര്‍മാര്‍ ഉണ്ട്.

മാത്രമല്ല, സ്വന്തം നാട്ടില്‍ ഒരു ടീമിനെ പരാജയപ്പെടുത്തുക എപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്രയും വര്‍ഷം ക്രിക്കറ്റ് കളിച്ചതില്‍ നിന്നും ഞാന്‍ പഠിച്ച കാര്യം ഒരു ടീമിനെയും നിസാരമായി കാണരുത് എന്നാണ്. ഓരോ താരങ്ങളും സ്വന്തം ഗെയിം പ്ലാന്‍ സൃഷ്ടിച്ച് അതനുസരിച്ച് മുന്‍കൈയെടുത്ത് കളിക്കണം. ടെസ്റ്റ് ക്രിക്കറ്റില്‍ ഇത് വളരെ പ്രധാനമാണ്,’ രഹാനെ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

2017ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ പരമ്പരക്കുണ്ട്. പരമ്പരക്ക് മുന്നോടിയായി നാല് യുവ സ്പിന്നര്‍മാരെയും ഇന്ത്യ ടീമില്‍ എത്തിച്ചിട്ടുണ്ട്.. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.

റെഡ് ബോള്‍ ഫോര്‍മാറ്റില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യയ്ക്ക് മികവ് പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മോശം പ്രകടനങ്ങള്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെയും പ്രതിരോധത്തിലാക്കിയിരുന്നു. ഫോര്‍മാറ്റില്‍ തിരിച്ചുവരാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ലങ്കന്‍ സാഹചര്യങ്ങളെ മറികടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

ശ്രീലങ്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയ്ന്‍, ഔഖിബ് നബി ധാര്‍.

 

Content Highlight: Ajinkya Rahane gives India good advice in Test series against Sri Lanka

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.