ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റിനിടെ വിക്കറ്റിന് പിന്നില്‍ നിന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ബാറ്റര്‍ റിഷബ് പന്തിന്റെ നിരന്തരമായ സംസാരവും തമാശകളും വീണ്ടും ശ്രദ്ധ നേടിയിരുന്നു.

പന്തിന്റെ ഈ ശീലത്തെക്കുറിച്ച് മുന്‍ ഇന്ത്യന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റനും കമന്റേറ്ററുമായ അജിന്‍ക്യ രഹാനെ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന്റെ കമന്ററി പാനലില്‍ സംസാരിക്കവെയാണ് പന്തിന്റെ ഈ ശീലത്തെക്കുറിച്ച് രഹാനെ തുറന്നുപറഞ്ഞത്.

അജിന്‍ക്യ രഹാനെ: Photo: BCCI/x.com

പന്തിന്റെ വിക്കറ്റിന് പിന്നിലെ സംസാരം രസകരമാണെങ്കിലും ചില സമയങ്ങളില്‍ അത് സ്വന്തം ടീമിലെ ബൗളര്‍മാരെയും ഫീല്‍ഡര്‍മാരെയും വരെ അസ്വസ്ഥരാക്കാറുണ്ടെന്ന് രഹാനെ പറഞ്ഞു.

റിഷബ് പന്ത്. Photo: BCCI/x.com

‘ഇത് വളരെ രസകരമാണ്. കളിയുടെ ഒരു ഘട്ടത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നില്ല, എതിരാളികള്‍ വലിയൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയാണ് എന്നിരിക്കട്ടെ. എന്നാല്‍ റിഷബ് പന്ത് അവിടെയുണ്ടെങ്കില്‍, അവന്റെ തമാശകളും രസകരമായ നിമിഷങ്ങളുമെല്ലാം ഉണ്ടാകും.

പക്ഷേ ഒരു ഘട്ടത്തില്‍ എനിക്ക് ദേഷ്യം വരാറുണ്ടായിരുന്നു. സത്യസന്ധമായി പറയാം. ന്യൂബോളില്‍ ഞാന്‍ ഫസ്റ്റ് സ്ലിപ്പില്‍ നില്‍ക്കുകയായിരുന്നു. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും പന്തെറിയുന്നു. പന്ത് എഡ്ജ് ചെയ്ത് വന്നാല്‍ അത് പിടിക്കാന്‍ എനിക്ക് വളരെ കുറച്ച് സമയം മാത്രമേ ലഭിക്കൂ.

അപ്പോഴാണ് പന്ത് തുടര്‍ച്ചയായി സംസാരിക്കുകയും എന്നോട് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുക. കാരണം, അവന്‍ ആ സോണില്‍ തന്നെ തുടരാന്‍ ഇഷ്ടപ്പെടുന്നയാളാണ്. എന്നാല്‍ എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം. അവന്‍ എന്നെ തുടര്‍ച്ചയായി ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.

റിഷബ് പന്തും അജിന്‍ക്യ രഹാനെയും മത്സരത്തിനിടെ. Photo: BCCI/x.com

അതുകൊണ്ട്, ‘ദയവായി എന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അനുവദിക്കൂ. സംസാരിക്കണമെങ്കില്‍ മറ്റ് താരങ്ങളുമായി സംസാരിക്കാം’ എന്ന് എനിക്ക് അവനോട് പറയേണ്ടിവന്നു. പന്ത് എറിഞ്ഞുകഴിഞ്ഞുള്ള ഇടവേളകളില്‍ സംസാരിക്കുന്നതില്‍ എനിക്ക് പ്രശ്‌നമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും അവന്റേത് വളരെ രസകരമായൊരു വ്യക്തിത്വമാണ്,’ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിനോട് അദ്ദേഹം പറഞ്ഞു.

അതേസമയം, മത്സരത്തിന്റെ നാലാം ദിവസം പുരോഗമിക്കവെ 21 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 42 എന്ന നിലയിലാണ് ശ്രീലങ്ക ബാറ്റിങ് തുടരുന്നത്.

രണ്ടാം ഇന്നിങ്‌സില്‍ റിഷബ് പന്തിന്റെ പ്രകടനമാണ് ഇന്ത്യയക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 69 പന്ത് നേരിട്ട താരം 66 റണ്‍സ് നേടിയാണ് മടങ്ങിയത്.

പന്തിന് പുറമെ ദേവ്ദത്ത് പടിക്കലും (75 പന്തില്‍ 44) കെ.എല്‍. രാഹുലും (47 പന്തില്‍ 35) മാത്രം ഇരട്ടയക്കം കണ്ട ഇന്നിങ്‌സില്‍ ഇന്ത്യ 193ന് പുറത്തായിരുന്നു. ആദ്യ ഇന്നിങ്‌സ് ലീഡിന്റെ കരുത്തിലാണ് 372 റണ്‍സിന്റെ വിജയലക്ഷ്യം ആതിഥേയര്‍ക്ക് മുമ്പില്‍ വെച്ചത്.

 

Content Highlight: Ajinkya Rahane about Rishabh Pant