മലയാളം, തമിഴ്, തെലുങ്ക് സിനിമാ പ്രേക്ഷകര്‍ക്ക് ഒരുപോലെ പ്രിയപ്പെട്ട താരമാണ് സായ് പല്ലവി. മലയാളം സിനിമയായ ‘പ്രേമ’ത്തിലൂടെ അരങ്ങേറി പിന്നീട് ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിയായി സായ് പല്ലവി വളര്‍ന്നു.

തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് സായ് പല്ലവി. ദ ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.

താന്‍ അധിക സമയവും സ്വകാര്യത ഇഷ്ടപ്പെടുന്ന ആളാണെന്നും അതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളില്‍ അത്ര സജീവമല്ലെന്നും താരം പറഞ്ഞു. ”ഞാന്‍ ഒരിക്കലും വലിയ രീതിയില്‍ സാമൂഹ്യമായി ഇടപെടുന്ന ഒരു വ്യക്തിയായിരുന്നില്ല. ഞാന്‍ സിനിമയില്‍ എത്തിയില്ലായിരുന്നെങ്കിലും അങ്ങനെ ആവുമായിരുന്നെന്ന് തോന്നുന്നുമില്ല,” സായ് പല്ലവി പറയുന്നു.

പൊതുസ്ഥലങ്ങളില്‍ വെച്ച് വൈകാരികമായി പെരുമാറേണ്ടി വരുമ്പോള്‍ ബുദ്ധിമുട്ടാണെന്നും ആളുകള്‍ സ്‌നേഹത്തോടെ അടുത്തേക്ക് വരുമ്പോള്‍ വല്ലാത്തൊരു ധര്‍മസങ്കടമാണ് ഉണ്ടാവാറെന്നും നടി പറഞ്ഞു.

ഒരിക്കല്‍ വിമാനത്താവളത്തില്‍ വെച്ച് തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചായിരുന്നു സായ് പല്ലവി ഇത് വിശദീകരിച്ചത്. ”കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്നെ, ഒരു ന്യൂ ഇയര്‍ ദിവസം എനിക്ക് ഫ്‌ളൈറ്റ് മിസ് ആയിപ്പോയി. ഞാന്‍ എയര്‍പോട്ടില്‍ ഒറ്റക്കായിരുന്നു. ഭയങ്കര ഏകാന്തതയായിരുന്നു അപ്പോള്‍.

ഞാന്‍ അമ്മയെ വീഡിയോ കോള്‍ ചെയ്യുകയായിരുന്നു. അപ്പോള്‍ ഒരാള്‍ എന്നെ തിരിച്ചറിഞ്ഞ് അടുത്തേക്ക് വന്നു. ‘പ്രേമ’മോ ‘കലി’യോ പുറത്തിറങ്ങിയ സമയമാണെന്ന് തോന്നുന്നു. ഞാന്‍ പറ്റില്ല എന്ന് പറഞ്ഞെങ്കിലും അയാള്‍ ഒരു ഫോട്ടോയ്ക്ക് വേണ്ടി ചോദിച്ചപ്പോള്‍ ഒടുവില്‍ എടുത്തു.

അവിടെയുള്ള മറ്റാരോടും പറയരുതെന്ന് ഞാന്‍ അയാളോട് പറഞ്ഞെങ്കിലും ഉടനെ തന്നെ അയാള്‍ ഒരു പത്ത് പതിനഞ്ച് ആളുകളെ കൂട്ടി ഫോട്ടോ എടുക്കാന്‍ വീണ്ടും വന്നു. അയാള്‍ എന്നെ കാണുന്ന സമയത്ത് ഞാന്‍ കരച്ചിലിന്റെ വക്കിലായിരുന്നു. അയാള്‍ എന്നെ മനസിലാക്കുമെന്ന് ഞാന്‍ കരുതി,” സായ് പല്ലവി പറഞ്ഞു.

നമ്മുടെ അടുത്തേക്ക് വരുന്ന ആളുകള്‍ക്ക് നമ്മളോടുള്ള സ്‌നേഹം അവരുടെ കണ്ണുകളില്‍ കാണാം. അവര്‍ ഒരു ഫോട്ടോയെടുക്കാന്‍ വളരെയധികം ആഗ്രഹിക്കുകയും എന്നാല്‍ നമ്മള്‍ അതിന് തയാറല്ലാത്ത ഒരു മാനസികാവസ്ഥയില്‍ ഇരിക്കുകയും ചെയ്യുന്നത് വലിയ ധര്‍മസങ്കടമാണെന്നും സായ് പല്ലവി അഭിമുഖത്തില്‍ പറഞ്ഞു.

നമ്മുടെ മാനസികാവസ്ഥ മറ്റൊരാളെ പറഞ്ഞ് മനസിലാക്കുന്നത് ബുദ്ധിമുട്ടാണ്. ഫോട്ടോയെടുക്കാന്‍ വരുന്നവര്‍ക്ക് പറഞ്ഞ് മനസിലാക്കിക്കൊടുക്കുന്നതിലും എളുപ്പം ഒരു ഫോട്ടോ എടുക്കുന്നതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

നാഗചൈതന്യയെ നായകനാക്കി ശേഖര്‍ കമ്മുല സംവിധാനം ചെയ്ത ‘ലവ് സ്റ്റോറി’യാണ് സായ് പല്ലവിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Sai Pallavi talks about herself